ഗൺമാൻമാരെ പിൻവലിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് എസ്പി
Friday, May 6, 2016 11:29 AM IST
കണ്ണൂർ: രാഷ്ട്രീയ നേതാക്കന്മാരുടെയടക്കം ഗൺമാൻമാരെ പിൻവലിച്ചുവെന്ന പ്രചാരണം ശരിയല്ലെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ. തെരഞ്ഞെടുപ്പുഘട്ടങ്ങളിലും അതുപോലുള്ള സന്ദർഭങ്ങളിലും പോലീസുകാർക്കു സാധാരണ നല്കുന്ന നിർദേശം മാത്രമാണു നല്കിയതെന്നും എസ്പി ദീപികയോടു പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വലിയ പ്രശ്നങ്ങളുണ്ടാവുകയും കൂടുതൽ സേനാംഗങ്ങളെ ആവശ്യമായി വരികയും ചെയ്യുകയാണെങ്കിൽ ജാഗരൂഗരായിരിക്കണമെന്ന നിർദേശം മാത്രമാണു നല്കിയത്.

ട്രഷറി, ബാങ്ക് എന്നിവയുടെയും നേതാക്കളുടെയും സുരക്ഷാ ജോലിക്കു നിയോഗിക്കപ്പെട്ട പോലീസുകാർക്കു ഫോണിൽ വിളിച്ചാൽ ലഭിക്കുന്ന വിധത്തിൽ ഉണ്ടാവണമെന്നും ജാഗ്രതയോടെ നില്ക്കണമെന്നും സാധാരണ നിർദേശം നല്കാറുണ്ട്. ഇത്തവണയും ഈ നിർദേശം മാത്രമാണു നല്കിയത്. ഇതു പുതിയ കാര്യമല്ലെന്നും ഹരിശങ്കർ പറഞ്ഞു.


എന്നാൽ യുഡിഎഫ് സർക്കാർ ആർഎസ്എസുമായി ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണു സിപിഎം നേതാക്കൻമാരുടെ ഗൺമാൻമാരെ പിൻവലിക്കുന്നതിന്റെ പിന്നിലെന്നു സിപിഎം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു.

പി. ജയരാജനുനേരേ നിരവധി തവണ ആർഎസ്എസുകാരിൽനിന്നു വധഭീഷണി ഉണ്ടായിരുന്നു. ആർഎസ്എസ് വിട്ടതോടെ ഒ.കെ. വാസുമാസ്റ്റർക്കും എ. അശോകനുംനേരെ ആർഎസ്എസിൽനിന്നു വധശ്രമനീക്കങ്ങളുണ്ടായി.

ആർഎസ്എസും കോൺഗ്രസും തമ്മിൽ വോട്ടുകച്ചവടം ഉറപ്പിച്ചതിനെ തുടർന്നാണു വധഭീഷണിയുള്ള സിപിഎം നേതാക്കളുടെ ഗൺമാൻമാരെ പിൻവലിക്കുന്നത്. സിപിഎം നേതാക്കൻമാർക്കുനേരേ എന്തെങ്കിലും അക്രമമുണ്ടായാൽ പൂർണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.