വർക്കലയിലെ നഴ്സിംഗ് വിദ്യാർഥിനിയുടെ കൂട്ടമാനഭംഗം: മൂന്നു പ്രതികളും പിടിയിൽ
Thursday, May 5, 2016 12:59 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: വർക്കലയിൽ നഴ്സിംഗ് വിദ്യാർഥിനിയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ കാമുകനായ മുഖ്യപ്രതിയടക്കം മൂന്നു പ്രതികളും പോലീസ് പിടിയിലായി. പെൺകുട്ടിയുടെ കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ വർക്കല താഴെ വെട്ടൂർ സ്വദേശിയുമായ സഫീർ എന്നു വിളിക്കുന്ന സുജിത്ത് (24), സുജിത്തിന്റെ സുഹൃത്തുക്കളായ വർക്കല താഴെ വെട്ടൂർ സ്വദേശി റാഷിദ് (20), ഷൈജു (20) എന്നിവരാണു പിടിയിലായത്.

റാഷിദിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയും സുജിത്തിനെയും ഷൈജുവിനെയും ഇന്നലെ വൈകുന്നേരത്തോടെയുമാണു തിരുവനന്തപുരം റൂറൽ എസ്പി ഷെഫിൻ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കോഴിക്കോട് വടകര ഭാഗത്തുനിന്നു പിടികൂടിയ രണ്ടു പ്രതികളെയും അർധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ചു. തുടർന്നു റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. മൂന്നു പേരുടെയും അറസ്റ്റ് ഇന്നു രാവിലെ പോലീസ് ഔദ്യോഗികമായി സ്‌ഥിരീകരിക്കും.


പ്രതികളുടെ സുഹൃത്തുക്കളുടെ മൊബൈൽ ഫോണുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുടുക്കാനായത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം വർക്കല ജൂഡീഷൽ മജിസ്ട്രേട്ട് രാജേഷ് പെൺകുട്ടിയിൽനിന്നു മൊഴി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണു തിരുവനന്തപുരം ഒരുവാതിൽകോട്ട സ്വദേശിനിയായ പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി വഴിയിൽ തള്ളിയത്. വർക്കല അയന്തിഭാഗത്തെ വിജനമായ സ്‌ഥലത്ത് അവശയായി പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.