അലകടൽ പോലെ ആലപ്പുഴയുടെ മനസ്
അലകടൽ പോലെ ആലപ്പുഴയുടെ മനസ്
Thursday, May 5, 2016 12:53 PM IST
<ആ>വി.എസ്. രതീഷ്

കായലും കടലും അതിർത്തി പങ്കിടുന്ന അപൂർവം നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. നേരത്തെ ആലപ്പുഴ നഗരസഭ മാത്രം ഉൾക്കൊണ്ടിരുന്ന സംസ്‌ഥാനത്തെ ഏറ്റവും ചെറിയ നിയമസഭാ മണ്ഡലമായിരുന്നു ആലപ്പുഴയെങ്കിൽ കഴിഞ്ഞ മണ്ഡല പുനർനിർണയത്തോടെ മാരാരിക്കുളം മണ്ഡലം ഇല്ലാതാകുകയും പഴയ ആലപ്പുഴ മണ്ഡലം വിഭജിക്കപ്പെട്ട് പുതിയ മണ്ഡലം രൂപം കൊള്ളുകയുമായിരുന്നു.

കായലിലെ തഴുകുന്ന കുഞ്ഞോളങ്ങൾ പോലെ തുടങ്ങി കടലിലെ ഗർജിക്കുന്ന തിരമാല പോലെയാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രീതിയെന്ന് പറഞ്ഞാൽ അത് അതിശയോക്‌തിയാകില്ല. പുന്നപ്ര വയലാർ സമരത്തിൽ സർ സിപിയുടെ പട്ടാളത്തെ വാരിക്കുന്തമുപയോഗിച്ച് എതിർത്ത മാരാരിക്കുളത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള മണ്ണിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ഇടതുമുന്നണി അനൗപചാരികമായി പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന് അപ്രതീക്ഷിത തോൽവി ഉണ്ടായതിനുശേഷം ഒരു തെരഞ്ഞെടുപ്പു കൂടി മാത്രമേ മാരാരിക്കുളം മണ്ഡലം രേഖകളിൽ ഉണ്ടായുള്ളു. പിന്നീട് പഴയ മാരാരിക്കുളം മണ്ഡലം ആലപ്പുഴ മണ്ഡലമായി മാറുകയായിരുന്നു. ധനകാര്യ സാമ്പത്തിക വിദഗ്ധനെന്ന പേരെടുത്ത തോമസ് ഐസക്കിനെതിരേ യുഡിഎഫിനുവേണ്ടിയും എൻഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നത് രണ്ട് അഭിഭാഷകരാണ്.

<ആ>മാലിന്യ സംസ്കരണവും ജൈവ പച്ചക്കറിയുമായി ഐസക്

നിർമല നഗരം നിർമല ഭവനം പദ്ധതി ആലപ്പുഴ നഗരസഭയിൽ നടപ്പാക്കിയതുവഴി ഉറവിട മാലിന്യ സംസ്കരണത്തിന് സംസ്‌ഥാനത്തിന് തന്നെ മാതൃകയാക്കാൻ കഴിഞ്ഞ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ജൈവ പച്ചക്കറി കൃഷിയിലേക്ക് സിപിഎമ്മിനെ ഇറക്കുകയും പൊതുജന പങ്കാളിത്തത്തോടെ കൃഷി നടത്തുകയും കാർഷിക ഉത്പന്നങ്ങൾക്കായി പ്രത്യേക സ്റ്റാളുകൾ ഓണ നാളിൽ തുറന്ന് വിപണനം നടത്തുകയും ചെയ്ത ആശയത്തിനുവിത്ത് നല്കിയതും ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ തോമസ് ഐസക് പ്രചാരണ രംഗത്ത് സജീവമായിരുന്നു.

നിയമസഭയിലേക്കുള്ള മത്സരത്തിൽ പരാജയമറിഞ്ഞിട്ടില്ലാത്ത തോമസ് ഐസക് ഓരോ തവണയും തന്റെ ഭൂരിപക്ഷം ഉയർത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. നാലാമങ്കത്തിനിറങ്ങുന്ന ഐസക്കിനാകട്ടെ വിജയം സംബന്ധിച്ച് ആശങ്കകളൊന്നുമില്ല. മുൻ ധനകാര്യമന്ത്രിയായ തോമസ് ഐസക് നവ മാധ്യമങ്ങളിൽ നേരത്തെ മുതൽ സജീവമായി ഇടപെട്ട സിപിഎം നേതാക്കളിൽ പ്രമുഖനാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

<ആ>പെൺകരുത്ത് തെളിയിക്കാൻ ലാലി വിൻസെന്റ്

സംസ്‌ഥാന ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച റോസമ്മ പുന്നൂസിനെയും നിയമസഭാ ഡപ്യൂട്ടി സ്പീക്കറായിരുന്നു നബീസത്ത് ബീവിയെയും വിജയിപ്പിച്ച പാരമ്പര്യമുള്ള പഴയ ആലപ്പുഴ മണ്ഡലത്തിന്റെ ചരിത്രം പുതിയ മണ്ഡലത്തിൽ ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് യുഡിഎഫ് സ്‌ഥാനാർഥി ലാലി വിൻസെന്റിന്റേത്.

കെപിസിസി വൈസ് പ്രസിഡന്റും ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ പ്രതിനിധിയുമായ ലാലി വിൻസെന്റ് സ്‌ഥാനാർഥി പട്ടികയിൽ പേര് പ്രഖ്യാപിക്കപ്പെട്ട തൊട്ടടുത്ത ദിവസം മുതൽ ആലപ്പുഴ മണ്ഡലത്തിൽ സജീവമാണ്. സംസ്‌ഥാനത്തെ പ്രായംകുറഞ്ഞ പ്രോസിക്യൂട്ടർ എന്ന റിക്കോർഡിനർഹയായ ലാലി വിൻസെന്റ് രണ്ടുതവണ കൊച്ചി കോർപ്പറേഷനിൽ കൗൺസിലറായിരുന്നു. മഹിള കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും ഭാരവാഹിത്വം വഹിച്ചിരുന്നു. വ്യവസായ മേഖലകളിലും തീരദേശ മേഖലയിലെയും പ്രശ്നങ്ങൾ പരിഹരിക്കാനായി യുഡിഎഫിന് വോട്ട് എന്ന പ്രചാരണത്തിലൂന്നിയാണ് ലാലി വിൻസെന്റ് പ്രചാരണ രംഗത്തുള്ളത്.


<ആ>ചരിത്രം തിരുത്താൻ രഞ്ജിത്ത്

നിയമബിരുദധാരിയും അഭിഭാഷക പരിഷത്തിന്റെ ജില്ലാ പ്രസിഡന്റുമായ രഞ്ജിത്ത് ശ്രീനിവാസ് ആണ് ദേശീയ ജനാധിപത്യ സഖ്യത്തിനുവേണ്ടി മണ്ഡലത്തിൽ പോരിനിറങ്ങുന്നത്.

ബിഡിജെഎസിന്റെ കരുത്തിൽ ചരിത്രം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. കേരള ധീവര സഭയുടെ ജില്ലാ സെക്രട്ടറിയായ രഞ്ജിത്ത് പോരിനിറങ്ങുമ്പോൾ തീരദേശ മേഖലയിൽ നിന്നുൾപ്പെടെയുള്ള വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയും മുന്നണിക്കുണ്ട്. നഗരസഭയിലെ ഒന്നുമുതൽ 19 വരെയും 45 മുതൽ 50 വരെയുള്ള വാർഡുകളും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് എന്നീ നാലു പഞ്ചായത്തുകളും ചേരുന്നതാണ് ആലപ്പുഴ മണ്ഡലം. നഗരസഭ യുഡിഎഫ് ഭരിക്കുമ്പോൾ നാല് പഞ്ചായത്തുകളും എൽഡിഎഫിനാണ് ഇടതുമുന്നണി അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിൽ യുഡിഎഫ് ലാലി വിൻസെന്റിനെ സ്‌ഥാനാർഥിയാക്കിയപ്പോൾ മത്സരം കടുത്തു.

ബിജെപിയും താഴെത്തട്ടിൽ ശക്‌തമായ പ്രചാരണം നടത്തുന്നതോടെ തീപാറുന്ന പോരാട്ടമാണ് ആലപ്പുഴയിൽ.

<ആ>ഡോ. ടി.എം. തോമസ് ഐസക്(64) എൽഡിഎഫ്

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദധാരി. നിയമസഭയിലേക്കു നാലാം പോരാട്ടം. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ ധനകാര്യമന്ത്രി. ജനകീയാസൂത്രണ പദ്ധതിയുടെ മുഖ്യ സംഘാടകൻ.

<ആ>അഡ്വ. ലാലി വിൻസെന്റ്്(55) യുഡിഎഫ്

ബിഎ ഫിലോസഫി, എൽഎൽബി ബിരുദധാരി, പ്രമുഖ അഭിഭാഷക. കെപിസിസി വൈസ്പ്രസിഡന്റ്, ഐഎൻടിയുസിയുടെ ആദ്യവനിതാ ജനറൽ സെക്രട്ടറി. നിയമസഭയിലേക്ക് ഇത് ആദ്യ പോരാട്ടം.

<ആ>അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ (40) എൻഡിഎ

ബികോം എൽഎൽബി ബിരുദ ധാരി അഭിഭാഷക പരിഷത്ത് ജില്ലാ ഭാരവാഹിയായിരുന്നു. കേരള ധീവര സഭ ജില്ലാ സെക്രട്ടറി. നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കം.

<ആ>മണ്ഡലം ഇതുവരെ

നിയമസഭാ തെരഞ്ഞെടുപ്പ് 2011

തോമസ് ഐസക് സിപിഎം 75857
പി.ജെ. മാത്യു കോൺഗ്രസ് 59515
കൊട്ടാരം ഉണ്ണിക്കൃഷ്ണൻ ബിജെപി 3540
വിജയി: തോമസ് ഐസക്
ഭൂരിപക്ഷം 16342

ലോക്സഭാ 2014

കെ.സി. വേണുഗോപാൽ കോൺഗ്രസ് 76747
സി.ബി. ചന്ദ്രബാബു സിപിഎം 75398

എ.വി. താമരാക്ഷൻ ആർഎസ്പിബി 6149
വിജയി: കെ.സി. വേണുഗോപാൽ
ഭൂരിപക്ഷം 13499
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.