പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി
പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി
Thursday, May 5, 2016 12:43 PM IST
കൊച്ചി: പെരുമ്പാവൂർ ജിഷ കൊലപാതകക്കേസ് അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇൻക്വസ്റ്റ് തയാറാക്കുന്ന ഘട്ടത്തിലോ പോസ്റ്റ്മോർട്ടം ചെയ്യുന്ന വേളയിലോ അടക്കം ലോക്കൽ പോലീസിന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ ജാഗ്രതക്കുറവോ ഉണ്ടായിട്ടുണ്ടെങ്കിൽ അവയും അന്വേഷണത്തിനു വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് അന്വേഷിക്കുന്ന ഐജിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയായിരിക്കും ഇക്കാര്യങ്ങളൊക്കെ പരിശോധിക്കുക. കേസ് അന്വേഷിക്കുന്നതിൽ പോലീസിനു വീഴ്ച്ച പറ്റിയെന്നു താൻ കരുതുന്നില്ല. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ കേസ് ക്രൈം ബ്രാഞ്ച് അടക്കമുള്ള മറ്റ് ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുന്നത് പരിഗണിക്കും. അന്വേഷണ സംഘത്തെ വിപുലീകരിച്ചത് പ്രാദേശികമായി കൂടുതൽ പരിചയമുള്ള ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തുന്നതിനുവേണ്ടി ആയിരുന്നു. ആരുടെയും വീഴ്ച കണക്കിലെടുത്തായിരുന്നില്ല ഈ നടപടി

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനാണ് സമയം എടുക്കുന്നത്. കേരള പോലീസിന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് പ്രതികളെ ഉടൻ പിടികൂടും. അന്വേഷണത്തിന്റെ ഓരോ ഘട്ടവും താൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ പീഡനത്തിനെതിരായ വകുപ്പും ചേർത്തിട്ടുണ്ട്. എഡിജിപി പത്മകുമാർ സ്‌ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്. ഡിജിപിയോടും സ്‌ഥലം സന്ദർശിക്കാൻ നിർദേശിച്ചിട്ടുണ്ട്.

കേസ് അന്വേഷിക്കുന്നതിനുള്ള സാഹചര്യം പോലീസിനു നൽകാൻ എല്ലാവരും തയാറാകണം. പോലീസിനുമേൽ കടുത്ത സമ്മർദ്ദമാണുള്ളത്. സമരവും മറ്റും പോലീസിന്റെ ശ്രദ്ധ ക്രമസമാധാനപാലനത്തിലേക്കു കൂടി തിരിയുന്നതിന് ഇടവയ്ക്കും. അത്തരം കാര്യങ്ങൾ മാറ്റിവച്ച് കേസ് തടസമില്ലാതെ അന്വേഷിക്കാൻ അവസരം നൽകിയാൽ എത്രയും പെട്ടെന്ന് പ്രതിയെ പിടിക്കാൻ കഴിയും.

പെരുമ്പാവൂർ സംഭവം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ല. അതിക്രൂരമായ ഈ സംഭവം രാഷ്ര്‌ടീയ വിഷയമാക്കുന്നത് ശരിയല്ല. തങ്ങൾ പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണ് ബീമ പള്ളി വെടിവയ്പും മറ്റും ഉണ്ടായത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷനായ താനും കൈക്കൊണ്ട സമീപനം എന്തായിരുന്നുവെന്ന് ഇടതുപക്ഷം പരിശോധിക്കണം. പ്രതിപക്ഷത്ത് യുഡിഎഫ് ആയിരുന്നുവെങ്കിൽ ഇത്തരം ഒരു സംഭവം രാഷ്ര്‌ടീയവത്ക്കരിക്കില്ലായിരുന്നു. സ്‌ഥലം എംഎൽഎയ്ക്കെതിരെ പെൺകുട്ടിയുടെ അമ്മ തന്നെ ആക്ഷേപം പറഞ്ഞിട്ടും തങ്ങളാരും അതെക്കുറിച്ച് പ്രതികരിച്ചില്ലല്ലോയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.


എന്തിനും ഏതിനും രാഷ്ട്രീയം കാണുന്നത് ശരിയല്ല. വോട്ടു വിഷയമായി ഇത് മാറ്റരുത്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിക്കാൻ കഴിയില്ല. പുറമേ നിന്നു നോക്കുന്നവർക്ക് പോലീസ് ഒന്നും ചെയ്യുന്നില്ലെന്നു തോന്നിയേക്കാം. അന്വേഷണത്തെകുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തുവരുന്നത് കേസന്വേഷണത്തെ ബാധിക്കും. പെരുമ്പാവൂരിൽ നടക്കുന്ന സമരപരിപാടികൾ ഉടൻ അവസാനിപ്പിച്ച് പോലീസിനെ സഹായിക്കുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്. മാധ്യമങ്ങളും ഇക്കാര്യത്തിൽ സഹകരിക്കണം.

ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് യഥാർഥ കുറ്റവാളിയിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളാണു നടത്തുന്നത്. മാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയല്ല. ചോദ്യം ചെയ്യാൻ വിളിക്കുന്നവരെല്ലാം പ്രതികളല്ല. സ്ത്രീസുരക്ഷാ നിയമങ്ങൾ ശക്‌തമായി പാലിക്കപ്പെടും. ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ സമൂഹം കൂടി ജാഗ്രത പുലർത്തണം.

കുട്ടിയുടെ അമ്മയിൽ നിന്ന് രണ്ടു പരാതികളാണ് പോലീസിനു നേരത്തെ ലഭിച്ചിരുന്നത്. ഇതിൻമേൽ നടപടി എടുത്തെന്നാണ് തനിക്കു കിട്ടിയ റിപ്പോർട്ട്. കൊല്ലം പ്രസ് ക്ലബിനു മുന്നിൽ പോലും തന്നെ തടയാൻ ശ്രമിച്ചത് വേദനയുണ്ടാക്കി. പോലീസ് സേനയുടെ അംഗബലം വർധിപ്പിക്കേണ്ടതുണ്ട്. കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുന്നത് തടയാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പെരുമ്പാവൂർ സംഭവം ആഭ്യന്തര മന്ത്രിയുടെ പ്രതിഛായയെ ബാധിച്ചോ എന്ന ചോദ്യത്തിന്, ഇത് താൻ ചെയ്ത കുറ്റമല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ത്രീകൾ കൊല ചെയ്യപ്പെടുന്ന കേസുകളിൽ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം അടുത്തിടെയും ഉണ്ടായ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ അക്കാര്യം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.

സമാനതകളില്ലാത്ത വികസനം ആണ് യുഡിഎഫ് സർക്കാർ സംഭാവന ചെയ്തത്. തുടർഭരണം ഉണ്ടാകുമെന്ന് ഉറപ്പാണ്. തമ്മിൽ മിണ്ടാത്ത നേതാക്കളുള്ള സിപിഎമ്മിന് എങ്ങനെയാണ് ഒരു മനസോടെ ഭരിക്കാൻ കഴിയുകയെന്നും ചെന്നിത്തല ആരാഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.