ചിങ്ങവനത്ത് ആസാംകാരന്റെ മരണത്തിൽ ദുരൂഹതകളേറെ
Thursday, May 5, 2016 12:43 PM IST
ചിങ്ങവനം: പിടിച്ചുകെട്ടുകയും സംഘം ചേർന്നു മർദിക്കുകയും ചെയ്തതിനെത്തുടർന്ന് ആസാംകാരനായ തൊഴിലാളി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കാനിടയായ സംഭവത്തിൽ ദുരൂഹതകളേറെ. ബുധനാഴ്ച ഉച്ചയോടെ കുറിച്ചി ചിറവുംമുട്ടം ക്ഷേത്രത്തിനു സമീപമാണ് ആസം സിംഗ്ബാഗർ ജില്ലയിലെ കണ്ടറ ഗ്രാമവാസിയായ കൈലാസ് ജ്യോതി ബെഹ്റയെ(30) കൈകാലുകൾ കെട്ടിയിട്ട നിലയിൽ വഴിയരികിൽനിന്നും ചിങ്ങവനം പോലീസ് എത്തി കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീർത്തും അവശനായി വായിൽ നിന്നും നുരയും പതയും ഒഴുകുന്ന നിലയിലായിരുന്നു ഇദ്ദേഹം. ശരീരത്തിൽ 56 ചതവുകളുണ്ടായിരുന്നതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നു പോലീസ് പറഞ്ഞു. ചെറുതും വലുതുമായ നിരവധി പാടുകളും ചതവുകളുമാണ് കണ്ടെത്തിയത്. സംഘം ചേർന്നു മർദിക്കുകയും ഓടുന്നതിനിടെ കല്ലെറിയുകയും ചെയ്തതിനെത്തുടർന്നുണ്ടായ ചതവുകളാണിതെന്നാണു പ്രാഥമിക നിഗമനം. ഇത്തരം ചതവുകളും ക്ഷതങ്ങളുമാണോ മരണകാരണമെന്നു കണ്ടെത്തിയിട്ടില്ല.

മെഡിക്കൽകോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ടോമി മാത്തലയുടെ മേൽനോട്ടത്തിലുള്ള ഡോക്ടർമാരുടെ സംഘമാണു പോസ്റ്റുമോർട്ടം നടത്തിയത്. ആർഡിഒ ജി. രമാദേവിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. പൊരിവെയിലിൽ മണിക്കൂറുകളോളം കിടന്നിരുന്നു. ഇതിനുശേഷമാണു പോലീസ് സ്‌ഥലത്തെത്തിയത്. മെഡിക്കൽ കോളജ് മോർച്ചറിയിലായിരുന്ന മൃതദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി. മരണകാരണമല്ലാത്ത പത്തിൽപ്പരം മുറിവുകൾ ശരീരത്തിൽ കാണപ്പെട്ടിരുന്നു. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം സെൻട്രൽ ലാബിലേക്കയച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു തുടങ്ങിയ പോസ്റ്റുമോർട്ടം അഞ്ചോടെയാണു പൂർത്തിയായത്. പോലീസ് ഉന്നതാധികാരികളും, വീഡിയോഗ്രാഫറും പോസ്റ്റുമോർട്ടത്തിന് സാക്ഷ്യം വഹിച്ചു. മറ്റു അസുഖങ്ങൾ ഉള്ളതായി സംശയിക്കുന്നുമുണ്ട്.


ഔദ്യോഗിക സ്‌ഥിരീകരണം ഇന്നേ ലഭ്യമാകു. മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. ആസാമിൽനിന്ന് ആദ്യമായാണ് ബെഹ്റ കേരളത്തിലെത്തുന്നത്. പൂവൻതുരുത്ത് ഇൻഡസ്ട്രീയൽ ഏരിയായിലെ ഫാക്ടറിയിൽ ജോലിക്കായി രണ്ടു സുഹൃത്തുക്കളുമൊത്ത് എത്തിയ ഇദ്ദേഹം ഇവരിൽനിന്ന് വേർപെട്ടാണു ചിറവുംമുട്ടത്തെത്തിയത്. കേരളത്തിലേക്കുള്ള യാത്രയിൽ ട്രെയിനിൽവച്ചു മാനസികാസ്വാസ്‌ഥ്യം കാണിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ചിറവുംമുട്ടം ക്ഷേത്രത്തിനുസമീപം വീടുകളിലും കടകളിലും കയറി അക്രമ സ്വഭാവം കാട്ടിയതിനെത്തുടർന്ന് നാട്ടുകാർ പിടിച്ചു കെട്ടിയിട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മർദനമേറ്റതു മൂലമോ, പൊരിവെയിലിൽ കിടന്നതു മൂലമോ, മറ്റു അസുഖങ്ങൾ കാരണമാണോ മരണം സംഭവിച്ചതെന്നു വിശദമായി അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലെ സാധിക്കൂ. പോസ്റ്റുമോർട്ടം റിപ്പോർട്ട് രണ്ടു ദിവസം കഴിഞ്ഞേ ലഭിക്കുകയുള്ളൂവെന്നും അതിനുശേഷമേ മരണകാരണം കണ്ടെത്താൻ കഴിയൂവെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമികനിഗമനത്തിന്റെ അടിസ്‌ഥാനത്തിൽ കേസിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കാനുള്ള തീരുമാനത്തിലാണു പോലീസ്. സംഭവസ്‌ഥലത്തുനിന്നും ഏതാനും പേർ ഒളിവിൽ പോയതായും പോലീസിനു വിവരം ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.