പെരുമ്പാവൂർ കൊലപാതകം: കാനത്തെ തിരുത്തി പന്ന്യൻ
പെരുമ്പാവൂർ കൊലപാതകം: കാനത്തെ തിരുത്തി പന്ന്യൻ
Thursday, May 5, 2016 12:33 PM IST
ആലപ്പുഴ: പെരുമ്പാവൂരിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഭരണകൂടവും എംഎൽഎയും ഉത്തരവാദിയാണെന്ന സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ തിരുത്തി കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യൻ രവിന്ദ്രൻ. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കവെയാണ് കാനത്തിന്റെ നിലപാടിനെ പന്ന്യൻ രവീന്ദ്രൻ തിരുത്തിയത്. സംഭവത്തിൽ ഉത്തരവാദി ഭരണകൂടമാണെന്നും വിഷയത്തിൽ ജനപ്രതിനിധികൾ വേണ്ടരീതിയിൽ ഇടപെട്ടതാണെന്നും സാന്ദർഭികമായിട്ടായിരിക്കും കാനം രാജേന്ദ്രൻ ഇത്തരത്തിലൊരു പരാമർശം നടത്തിയതെന്നുമാണ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞത്.

സംഭവത്തിൽ പൊതുപ്രവർത്തകർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അതു പരിശോധിക്കണം. കൊലപാതകവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പോലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയത്. തെളിവുകൾ കണ്ടെത്തുന്നതിനു പകരം ഉള്ളവ നശിപ്പിക്കാനാണ് പോലീസ് ശ്രമിച്ചത്.

കുറ്റവാളികളെ കണ്ടെത്താനും നിയമത്തിനുമുന്നിൽ കൊണ്ടുവരാനും ശ്രമിക്കാതെ പോലീസ് ഇത്തരത്തിൽ പ്രവർത്തിച്ചതിനുപിന്നിൽ ദുരൂഹതയുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു ഉന്നതങ്ങളിൽ നാടകം കളിച്ചതിന്റെ തെളിവാണ് പോലീസ് ഉദ്യോഗസ്‌ഥരെ പ്രതികളെന്ന തരത്തിൽ അഭിനയിപ്പിച്ചുവെന്ന ആരോപണമുയർന്നത്.


തെരഞ്ഞെടുപ്പ് കാലമായതിനാൽ കേസ് പുറത്തറിയിക്കാതിരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്്. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ നടത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ പ്രതി സ്‌ഥാനത്തു ചേർക്കണമെന്നും പന്ന്യൻ ആവശ്യപ്പെട്ടു. സംഭവം പുറത്തറിയാതിരിക്കാൻ ഗൂഢാലോചന നടത്തിയവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം.

അജ്‌ഞാതമായ ചങ്ങലകളാൽ കൈകാലുകൾ ബന്ധിക്കപ്പെട്ട അവസ്‌ഥയിലാണ് ഇന്ന് കേരള പോലീസ്. വാക്കിൽ മാത്രം പോര പ്രവൃത്തിയിലും ആത്മാർത്ഥത വേണം. ആഭ്യന്തരവകുപ്പിന്റെ ഉദ്ദേശ ശുദ്ധിയില്ലായ്മയാണ് ഇത്തരത്തിൽ പോലീസ് പ്രവർത്തിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.