വീരജവാന്റെ മകളുടെ ചോറൂണിനു സുരേഷ് ഗോപി എത്തി
വീരജവാന്റെ മകളുടെ ചോറൂണിനു സുരേഷ് ഗോപി എത്തി
Wednesday, May 4, 2016 12:59 PM IST
ഗുരുവായൂർ: സിയാച്ചിനിലെ മഞ്ഞുമലയിൽ വീരമൃത്യു വരിച്ച ലാൻസ്നായിക് കൊല്ലം മൺറോത്തുരുത്ത് കൊച്ചിടുക്കത്ത് വീട്ടിൽ സുധീഷിന്റെ മകൾ ഏഴുമാസം പ്രായമുള്ള മീനാക്ഷിയുടെ ചോറുകൊടുക്കാൻ സുരേഷ് ഗോപി എംപി ഗുരുവായൂരിലെത്തി. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു മീനാക്ഷിയുടെ ചോറൂൺ വഴിപാട്. ക്ഷേത്ര ദർശനത്തിനു ശേഷം ചോറൂൺ ഹാളിലെത്തിയ സുരേഷ് ഗോപിയുടെ മടിയിലിരുത്തിയാണ് മീനാക്ഷിക്കു ചോറുകൊടുത്തത്.

സുധീഷ് മരിച്ചപ്പോൾ വീട്ടിലെത്തിയ സുരേഷ് ഗോപി മീനാക്ഷിയുടെ ചോറൂണിന് എത്തുമെന്നു പറഞ്ഞിരുന്നു. ഫെബ്രുവരി മൂന്നിനാണ് സിയാച്ചിനിലുണ്ടായ അപകടത്തിൽ സുധീഷ് മരിച്ചത്. മകൾ മീനാക്ഷിയെ കാണാനാകാതെയാണ് സുധീഷ് മഞ്ഞുമലയിൽ വീരമൃത്യു വരിച്ചത്.


മീനാക്ഷിയുടെ അമ്മ സാലു, സാലുവിന്റെ മാതാപിതാക്കളായ സജീവൻ, പ്രീജ, സുധീഷിന്റെ മാതാപിതാക്കാളായ ബ്രഹ്മപുത്രൻ, പുഷ്പവല്ലി എന്നിവരും ബന്ധുക്കളും ചോറൂൺ വഴിപാടിനായി ഗുരുവായൂരിലെത്തിയിരുന്നു.

ചോറൂണിനുശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ സുരേഷ് ഗോപി മീനാക്ഷിയെ കളിപ്പിച്ച് ബന്ധുക്കൾക്കൊപ്പം കുറച്ചുസമയം ചെലവഴിച്ചശേഷമാണ് മടങ്ങിയത്. ദേവസ്വം ഭരണസമിതി അംഗം കെ.കുഞ്ഞുണ്ണി സുരേഷ് ഗോപിയെ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.