കൊച്ചി സ്മാർട്സിറ്റി: മൂന്നാം ഐടി ടവറിന്റെ നിർമാണമാരംഭിച്ചു
കൊച്ചി സ്മാർട്സിറ്റി: മൂന്നാം ഐടി ടവറിന്റെ നിർമാണമാരംഭിച്ചു
Wednesday, May 4, 2016 12:59 PM IST
കൊച്ചി: കൊച്ചി സ്മാർട്സിറ്റിയിലെ സഹ–ഡെവലപ്പർമാരിലൊന്നായ ഹോളിഡേ ഗ്രൂപ്പിന്റെ ഐടി ടവർ നിർമാണത്തിന് തുടക്കമായി. 246 ഏക്കർ വിസ്തൃതിയുള്ള സ്മാർട്സിറ്റി പദ്ധതിയിൽ ഉയരുന്ന മൂന്നാമത്തെ ഐടി ടവറാകും ഹോളിഡേ ഗ്രൂപ്പിന്റേത്. 6.27 ഏക്കറിൽ ഉയരുന്ന 14.37 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിൽ 10 നില വീതുമുള്ള രണ്ടു ടവറുകളാണുണ്ടാവുക.

ഐടി, ഐടി അനുബന്ധ സേവനങ്ങൾക്കാണ് ഈ ടവറിലും പ്രധാനമായും ഓഫീസ് സ്‌ഥലം അനുവദിക്കുക. ഇതുകൂടാതെ സ്മാർട്സിറ്റിയിലെ ജീവനക്കാർക്ക് സൗകര്യപ്രദമാകുന്ന മറ്റ് റീടെയ്ൽ സ്‌ഥാപനങ്ങൾക്കും സ്‌ഥലം അനുവദിക്കും.

കഴിഞ്ഞ മാസം ഒമ്പതിന് നിർമാണമാരംഭിച്ച 35 നിലയുള്ള സാൻഡ്സ് ഇൻഫ്രാബിൽഡിന്റെ 40 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ നിർമാണം മൂന്ന് വർഷത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുൻനിശ്ചയ പ്രകാരം 2020ൽ തന്നെ മാസ്റ്റർപ്ലാൻ പൂർത്തീകരിക്കാൻ സ്മാർട്സിറ്റി ത്വരിതഗതിയിൽ മുന്നേറുകയാണെന്ന് കൊച്ചി സ്മാർട്സിറ്റി ഇടക്കാല സിഇഒ ഡോ. ബാജു ജോർജ് പറഞ്ഞു. തങ്ങളുടെ കോ–ഡെവലപ്പർമാരുടെ സഹകരണത്തോടെ കൊച്ചിയിലെ വ്യവസായ–സാമൂഹ്യ പശ്ചാത്തലം മാറ്റാനുള്ള പാതയിലാണ് സ്മാർട്സിറ്റി.

ബഹുരാഷ്ര്‌ട കമ്പനികൾക്ക് ലോകോത്തരമായ ഐടി, സാമൂഹ്യ അടിസ്‌ഥാനസൗകര്യങ്ങൾ ലഭ്യമാക്കുമെന്ന വാഗ്ദാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും സഹായകമായ ലോകോത്തര പശ്ചാത്തലം സൃഷ്‌ടിക്കാനുള്ള വൻ ലക്ഷ്യത്തിലേക്ക് സ്മാർട്സിറ്റി അടുത്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. സിംഗപ്പൂർ ആസ്‌ഥാനമായ മാരിആപ്സ് ഈ മാസം 20ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സ്മാർട്സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്ന ആദ്യ കമ്പനിയാകുമിത്. സിംഗപ്പൂർ തന്നെ ആസ്‌ഥാനമായുള്ള സിംഗ്നെറ്റ് സൊല്യൂഷൻസ് 2016 ജൂൺ മാസം ആദ്യവാരത്തിൽ ആദ്യ ടവറിൽ പ്രവർത്തനമാരംഭിക്കും.


സ്മാർട്സിറ്റി ലക്ഷ്യമിടുന്ന സോഷ്യൽ ഇൻഫ്രാസ്ട്രക്ച്ചറിന്റെ ഭാഗമായി ജെംസ് എഡ്യുക്കേഷന്റെ നിർമിക്കുന്ന മൂന്നു ലക്ഷം ചതുരശ്ര അടിയിലെ അന്താരാഷ്ര്‌ട സ്കൂളിന്റെ നിർമാണം പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. കെഫ് ഇൻഫ്ര എന്ന സ്‌ഥാപനം തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിർമിക്കുന്ന പ്രീ–ഫാബ്, പ്രീ–കാസ്റ്റ് ഘടകങ്ങൾ ഉപയോഗിച്ചാണ് സ്കൂളിന്റെ നിർമാണം.

ഇതുമൂലം നിർമാണം അതീവ വേഗത്തിൽ നടക്കും. 2016 സെപ്റ്റംബർ അന്ത്യത്തോടെ ജെംസ് മോഡേൺ അക്കാഡമിയിൽ പ്രവേശനം തുടങ്ങും. മാസ്റ്റർപ്ലാൻ പ്രകാരം തന്നെ പദ്ധതിയുടെ സാധ്യതകൾ പൂർണമായും യാഥാർഥ്യമാക്കാനാകുമെന്ന കാര്യത്തിൽ സ്മാർട്സിറ്റിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഡോ. ബാജു ജോർജ് പറഞ്ഞു. ദുബായിലെയും മാൾട്ടയിലെയും സ്മാർട്സിറ്റികൾ യാഥാർഥ്യമാക്കിയതുപോലെ കൊച്ചി സ്മാർട്സിറ്റി സംബന്ധിച്ച് തങ്ങൾ നൽകിയ ഉറപ്പുകളും പൂർണമായി പാലിക്കുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.