ഡ്രൈവർമാരുടെ സമരം ചെറുക്കും: ഫിലിം പ്രൊഡ്യൂസേഴ്സ് അസോ.
Wednesday, May 4, 2016 12:31 PM IST
കൊച്ചി: ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനിലെ ഒരുവിഭാഗം നടത്തുന്ന സമരത്തെ ശക്‌തമായി എതിർക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. രഞ്ജിത് അറിയിച്ചു. ജനുവരിയിൽ ഫെഫ്കയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ ഒപ്പിട്ട കരാർപ്രകാരം ഷൂട്ടിംഗിനുവേണ്ട വാഹനങ്ങൾ തെരഞ്ഞെടുക്കാനുള്ള അവകാശം നിർമാതാക്കൾക്കാണ്. ഈ കരാർ നിലവിലിരിക്കെയാണ് അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി യൂണിയൻ സമരത്തിനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

സമരംമൂലം നിരവധി സിനിമകളുടെ ഷൂട്ടിംഗാണ് മുടങ്ങിയിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്‌ടമാണ് ഇതുമൂലം നിർമാതാക്കൾക്ക് ഉണ്ടാകുന്നത്. ഒരു സിനിമയ്ക്ക് പതിനഞ്ചോളം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. കണക്കനുസരിച്ച് ഡ്രൈവർമാർക്ക് മാത്രമായി വൻതുകയാണ് നിർമാതാക്കൾ നൽകുന്നത്. ഇതൊന്നും വകവയ്ക്കാതെയാണ് നിലവിൽ ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നതെന്നും നിർമാതാക്കൾ പറഞ്ഞു.


നിബന്ധനകൾ പാലിക്കുന്ന ഡ്രൈവർമാരെ ഉൾക്കൊള്ളിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ഇതിനു പുറമെ പത്രപരസ്യത്തിലൂടെ അസോസിയേഷൻ നേരിട്ട് ഡ്രൈവർമാരെ ജോലിക്കു നിയമിക്കും. ചിത്രീകരണം തടസപ്പെടുത്താൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു. പത്രസമ്മേളനത്തിൽ നിർമാതാക്കളായ അനിൽ തോമസ്, കിരീടം ഉണ്ണി, കലിയൂർ ശശി എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.