തടവുകാർക്ക് ഇനി 170 രൂപ മിനിമം വേതനം: ജയിൽ ഡിജിപി
Wednesday, May 4, 2016 12:31 PM IST
കോഴിക്കോട്: ജയിലുകളിൽ വിവിധ ജോലികൾ ചെയ്യുന്ന തടവുകാർക്ക് ഇനി 170 രൂപ മിനിമം വേതനം ലഭിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഇന്ത്യയിൽ തടവുകാർക്ക് ദിവസചെലവിനുള്ള പണം ലഭിക്കുന്ന ഏക സംസ്‌ഥാനം കേരളമാണെന്നു തടവുകാർ നിർമിച്ച പൂച്ചട്ടികളുടെ ആദ്യ വില്പന കോഴിക്കോട് ജില്ലാ ജയിൽ അങ്കണത്തിൽ നിർവഹിച്ചു പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. സ്്പർശം പ്രസിഡന്റ് ലൈല അഷ്റഫ് പൂച്ചട്ടി ഏറ്റുവാങ്ങി.

സംസ്‌ഥാന സർക്കാർ കേരളത്തിലെ 52 ജയിലുകളിലും വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. ഇത് അന്തേവാസികളോടുള്ള ഔദാര്യമല്ല, മറിച്ച് നമ്മുടെ കടമയാണ്. തൃശൂരിൽ അന്തേവാസികൾക്കായി പെട്രോൾ പമ്പ് തുടങ്ങാൻ പദ്ധതിയുണ്ട്. തുറന്ന ജയിലുകളിൽ പച്ചക്കറി, പശു, ആട്, മുയൽ, പന്നി എന്നിവയുടെ കൃഷി നടക്കുന്നു. പത്ത് ജയിലുകളിൽ നിന്നായി പ്രതിദിനം അഞ്ചു ലക്ഷം ചപ്പാത്തി ഉത്പാദിപ്പിക്കുന്നു. ഇതിൽ നിന്നെല്ലാം കിട്ടുന്ന ലാഭം തടവുകാർക്ക് ഉള്ളതാണ്. ജയിൽ ജീവിതം കഴിഞ്ഞും അത്തരം തൊഴിലുകൾ ചെയ്ത് അവർക്കു ജീവിക്കാൻ കഴിയും.

ക്ഷേമ പദ്ധതികൾക്കൊപ്പം ജയിലിൽ അച്ചടക്കം നടപ്പാക്കാനും ഉദ്യോഗസ്‌ഥർ ബാധ്യസ്‌ഥരാണ്. കേരളത്തിലെ 52 ൽ 45 ജയിലുകളും ഞാൻ സന്ദർശിച്ചു. സെല്ലുകളിൽ ഫാൻ കറങ്ങുന്നുണ്ടോ, തടവുകാർക്ക് കൊതുകുതിരി ലഭിക്കുന്നുണ്ടോ, നിയമസഹായം ലഭ്യമാകുന്നുണ്ടോ എന്നെല്ലാം പരിശോധിച്ച് ഓരോ മാസവും റിപ്പോർട്ട് നല്കാൻ ജയിൽ ഡിഐജിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്– ഡിജിപി പറഞ്ഞു.


ജയിൽ ഡിഐജി ശിവദാസ് കെ.തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അസി. ജയിൽ സൂപ്രണ്ട് സി.കെ.ബാബുരാജ്, പെരുവണ്ണാമൂഴി കൃഷി വിജ്‌ഞാന കേന്ദ്രത്തിലെ ഡോ. മനോജ്, ഡെപ്യൂട്ടി സൂപ്രണ്ട് കെ.വി.ബൈജു എന്നിവർ പ്രസംഗിച്ചു. ജയിൽ അന്തേവാസികൾ നിർമിച്ച പൂച്ചട്ടികൾ ജില്ലാ ജയിലിൽ വില്പനയ്ക്കു തയാറായി. വലുതിന് 60 രൂപ, മീഡിയം 50, ചെറുതിന് 35 രൂപ എന്നിങ്ങനെയാണ് വില. ഒരു വീട്ടിൽ ഒരു കുരുമുളകു തൈ പദ്ധതിയും, ഐഎസ്എം സ്പോൺസർ ചെയ്്ത വാട്ടർ പ്യൂരിഫയറും ഡിജിപി ഉദ്ഘാടനം ചെയ്തു.

ജില്ലാ ജയിലിനോടു ചേർന്ന സ്പെഷൽ സബ് ജയിലിലെ തടവുകാർ നിർമിച്ച കുടകളുടെ വില്പനയും തുടർന്ന്് ഡിജിപി ഋഷിരാജ് സിംഗ്് ഉദ്ഘാടനം ചെയ്തു. ത്രീഫോൾഡ് കറുത്ത കുടകൾക്ക് 200 രൂപയും കളർ കുടകൾക്ക് 220 രൂപയുമാണ് വില. ഇവ സബ് ജയിൽ കൗണ്ടറിൽ ലഭിക്കും. ആകെയുള്ള 60 അന്തേവാസികളിൽ 30 പേർക്ക് ഒആർസിയുടെ നേതൃത്വത്തിലാണ് കുട നിർമാണത്തിൽ പരിശീലനം നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.