ജിഷയുടെ കൊലപാതകം: കുറ്റവാളിക്കു കടുത്ത ശിക്ഷ നല്കണമെന്നു സുരേഷ്ഗോപി എംപി
ജിഷയുടെ കൊലപാതകം: കുറ്റവാളിക്കു കടുത്ത ശിക്ഷ നല്കണമെന്നു സുരേഷ്ഗോപി എംപി
Wednesday, May 4, 2016 12:31 PM IST
ഗുരുവായൂർ: കേരളത്തിനു തലകുനിക്കേണ്ടിവന്ന ജിഷ കൊലപാതക കേസിൽ 30 ദിവസത്തിനകം വിചാരണ പൂർത്തിയാക്കി കുറ്റവാളിക്കു കടുത്ത ശിക്ഷ നല്കണമെന്നു സുരേഷ് ഗോപി എംപി. അത്രയും കാടത്തമാണ് പെരുമ്പാവൂരിൽ ഉണ്ടായിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിൽ നൽകുന്ന പോലുള്ള ശിക്ഷയാണ് ഇത്തരം കുറ്റവാളികൾക്കു നല്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സൗമ്യ വധക്കേസിൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ ശിക്ഷ നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അയാൾക്കുവേണ്ടി ഹാജരാകാനും അഭിഭാഷകർ എത്തുന്നു എന്നത് ജനാധിപത്യത്തിന് അപമാനകരമാണ്.

രാജ്യസഭ എംപി ആയശേഷം ഗുരുവായൂരിലെത്തിയ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോടെ സംസാരിക്കുകയായിരുന്നു.


കേന്ദ്ര സർക്കാർ പറഞ്ഞതനുസരിച്ച് ജിഷയുടെ വീട് സന്ദർശിക്കുകയും അമ്മയെ കാണുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശിക്ഷാനടപടികൾ വേണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

രാജ്യസഭ എംപി എന്ന നിലയിൽ ഒരു ജനപ്രതിനിധിയുടെ സംഭാവന എന്താണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രവർത്തനം കാഴ്ചവയ്ക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.