വീട്ടുകാരെ ആക്രമിച്ച് കവർച്ച: കൊടുംകുറ്റവാളി അറസ്റ്റിൽ
Wednesday, May 4, 2016 12:31 PM IST
ചാലക്കുടി: അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുന്നവരെ അതിക്രൂരമായി ആക്രമിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. ഇടുക്കി നെടുങ്കണ്ടം മൈനർ സിറ്റിയിൽ താമസിക്കുന്ന തമിഴ്നാട് തേനി സ്വദേശി പുത്തൻപറമ്പിൽ നാഗരാജ് എന്ന വീരപ്പൻ നാഗരാജി(34)നെയാണ് ചാലക്കുടി സിഐ ക്രിസ്പിൻ സാം അറസ്റ്റ് ചെയ്തത്.

ഇടുക്കി ചിന്നക്കനാലിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊരട്ടി പൈങ്കാവിൽ പത്തങ്ങാടിവീട്ടിൽ സ്കറിയയുടെ വീട്ടിൽ അർധരാത്രിയിൽ ജനൽ തകർത്ത് അകത്ത് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന സ്കറിയയുടെ ഭാര്യ മറിയാമ്മയുടെയും ജോലിക്കാരിയുടെയും മാല കവർന്ന കേസിൽ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഈ കേസിലാണ് അറസ്റ്റ്.


തമിഴ്നാട്ടിൽനിന്നു കേരളത്തിലെത്തി വൻ കവർച്ച നടത്തിയിരുന്ന സംഘത്തിലെ സൂത്രധാരൻ കൂടിയായിരുന്നു ഇയാളെന്നു പോലീസ് പറഞ്ഞു. ആലുവ പോലീസ് സ്റ്റേഷനിൽ മൂന്നു കവർച്ചക്കേസുകളിൽ പ്രതിയാണ്.

വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിൽ മുൻവാതിൽ തകർത്ത് അകത്തുകയറി വീട്ടുകാരെ അതിക്രൂരമായി ആക്രമിച്ച് നാലരലക്ഷം രൂപയുടെ സ്വർണവും പണവും മോഷണം നടത്തിയ കേസിലും പ്രതിയാണ്. കൂടാതെ തമിഴ്നാട് തേനിയിൽ പെരിയകുളം എന്ന സ്‌ഥലത്തു വീട്ടിൽ കയറി കവർച്ച നടത്തുന്നതിനിടെ ഉണർന്ന വീട്ടമ്മയെ കഴുത്തറുത്തുകൊന്ന് 20 പവൻ സ്വർണക്കവർച്ച നടത്തിയ കേസിലും തേനി കൊബെ സ്റ്റേഷൻ പരിധിയിൽ രണ്ടു കവർച്ചക്കേസുകളിലും പ്രതിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.