ടി.പി വധകേസ്: സിബിഐ അന്വേഷണം ബിജെപിയും സിപിഎമ്മും അട്ടിമറിച്ചെന്നു മുഖ്യമന്ത്രി
ടി.പി വധകേസ്: സിബിഐ അന്വേഷണം ബിജെപിയും സിപിഎമ്മും അട്ടിമറിച്ചെന്നു മുഖ്യമന്ത്രി
Tuesday, May 3, 2016 1:06 PM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ നൽകിയ ശിപാർശയിന്മേൽ കേന്ദ്രസർക്കാർ രണ്ടേകാൽ വർഷമായി അടയിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒന്നാന്തരം ഒത്തുകളിയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.പി വധക്കേസിലെ ഗൂഢാലോചനയുടെ അന്വേഷണം സിബിഐക്കു വിട്ടാൽ സിപിഎമ്മിലെ ഉന്നത നേതാക്കൾ കുടുങ്ങുമെന്നും സിപിഎമ്മിന്റെ അടിവേരിളകുമെന്നും ഉറപ്പാണ്. കോൺഗ്രസിനെ മുഖ്യശത്രുവായി കാണുന്ന ബിജെപിക്കു സിപിഎം ക്ഷയിക്കുന്നതിനോടു താത്പര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയോടെ പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ നാലാം വാർഷികം ആചരിക്കുന്ന ഈ അവസരത്തിലെങ്കിലും നീതി ലഭ്യമാക്കേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ച് വീണ്ടും കേന്ദ്രത്തിനു കത്തെഴുതാൻ സംസ്‌ഥാന സർക്കാർ തയാറാണ്. പ്രതിപക്ഷ നേതാവിന്റെ കത്തുകൂടി ലഭിച്ചാൽ ഇതു കേരളത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണെന്നു കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ കഴിയുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേ പ്രതിപക്ഷ നേതാവ് നൽകിയ കത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണ് സംസ്‌ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയച്ചത്.

2014 ഫെബ്രുവരി രണ്ടിനാണ് ടി.പി കേസ് സിബിഐ അന്വേഷണത്തിനു വിടുന്നതു സംബന്ധിച്ച തീരുമാനം സംസ്‌ഥാന മന്ത്രിസഭ എടുത്തത്. ടി.പിയുടെ വിധവ കെ.കെ. രമ സെക്രട്ടേറിയറ്റിനു മുന്നിൽ ഈ ആവശ്യം ഉന്നയിച്ച് നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തിന്റെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അന്ന് മന്ത്രിസഭാ യോഗത്തിലേക്ക് ഈ ആവശ്യം ഉന്നയിച്ച് നൽകിയ കത്തിന്റെയും അടിസ്‌ഥാനത്തിലായിരുന്നു ഇത്. തുടർന്ന് സംസ്‌ഥാന സർക്കാർ 2014 ഫെബ്രുവരി 21ന് ഇതു സംബന്ധിച്ച വിജ്‌ഞാപനം പുറപ്പെടുവിച്ച് കേന്ദ്രത്തിനു കത്ത് നൽകി.

പ്രതിപക്ഷ നേതാവ് നൽകിയ കത്തിൽ പറയുന്നത് ഇപ്രകാരം: “രമയുടെ സമരത്തോടുള്ള സർക്കാരിന്റെ സമീപനം പ്രതിഷേധാർഹമാണ്. ടി.പി. ചന്ദ്രശേഖരൻ വധത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു രമ ജനുവരി 10നു തന്നെ പരാതി നൽകിയതാണ്. തുടരന്വേഷണം നടത്തുമെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതുമാണ്. എന്നാൽ, നാളിതുവരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. രാജ്യാന്തര ബന്ധമുള്ളതും തീവ്രവാദബന്ധം സംശയിക്കുന്നതുമായ ഫയാസ് എന്ന കള്ളക്കടത്തുകാരനുമായി കൊലയാളി സംഘങ്ങൾക്കുള്ള ബന്ധം കൂടി പരിഗണിച്ചാൽ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നു വ്യക്‌തമാണ്. ഈ സാഹചര്യത്തിൽ നിരാഹാര സമരത്തോടു സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാട് അംഗീകരിക്കാനാവില്ല


സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ ഉൾപ്പെടെ ടി.പി കേസിലെ അഞ്ചു പ്രതികളെ സ്വർണക്കടത്ത് കേസ് പ്രതി ഫയാസ് അറബി വേഷത്തിൽ ജയിലിൽ സന്ദർശിച്ച പശ്ചാത്തലം കൂടിയുണ്ട് ഈ കത്തിന്. കൂടാതെ, കൊലപാതകത്തിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നു കുറ്റപത്രത്തിൽ തന്നെ പറയുന്നുണ്ട്.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ തന്റെ നിലപാടുകളിൽ മാറ്റംവരുത്തിയ പ്രതിപക്ഷ നേതാവ്, പാർട്ടി നടത്തിയ അന്വേഷണത്തിൽ തൃപ്തനാണെന്ന് പറഞ്ഞു മലക്കംമറിഞ്ഞിരുന്നു. ടി.പി. ചന്ദ്രശേഖരനേറ്റ 52–ാം വെട്ടാണു വി.എസിന്റെ വാക്കുകൾ എന്നാണ് കെ.കെ. രമ ഇതിനെ വിശേഷിപ്പിച്ചത്. കേരളത്തെ ഞെട്ടിച്ച ഈ മലക്കംമറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്ന് അദ്ദേഹം ഇനിയും വ്യക്‌തമാക്കിയിട്ടില്ല. വിഎസിന്റെ അനുയായി എന്നതിന്റെ പേരിലാണ് ടി.പി. ചന്ദ്രശേഖരന് ഈ ദുർഗതി വന്നത് എന്നാണു പറയപ്പെടുന്നത്.

ടി.പി കൊലപാതക്കേസിൽ സിപിഎം ഔദ്യോഗിക വിഭാഗം മറുപടി പറയേണ്ട ചോദ്യങ്ങളുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കൊടുംകുറ്റവാളികൾക്കൊപ്പം പ്രമുഖ പ്രാദേശിക നേതാക്കൾ വരെ പ്രതിപ്പട്ടികയിൽ വരുകയും അവരിൽ 11 പേർ ശിക്ഷിക്കപ്പെടുകയും ചെയ്തതോടെ പാർട്ടിയുടെ ബന്ധം പകൽപോലെ വ്യക്‌തമായിട്ടും എന്തുകൊണ്ട് പാർട്ടി ഇതുവരെ ഒരു ഖേദമെങ്കിലും പ്രകടപ്പിച്ചില്ല? പാർട്ടിതലത്തിൽ അന്വേഷണം നടത്തിയിട്ട് ആ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ട്? കേസിലെ പ്രതി പി.കെ. കുഞ്ഞനന്തനെ ജയിലിൽ കിടന്നപ്പോൾപോലും തലശേരി ഏരിയ കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തതിലെ ധാർമികത എന്താണ്? ഇക്കാര്യങ്ങളിൽ സിപിഎം അടിയന്തരമായി വ്യക്‌തത വരുത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.