ധന്യതയുടെ നിറവിൽ വയലുങ്കൽ കുടുംബം
ധന്യതയുടെ നിറവിൽ വയലുങ്കൽ കുടുംബം
Tuesday, May 3, 2016 12:52 PM IST
<ആ>സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: 25 വർഷം മുമ്പ് മൂത്തമകനെ സഭാശുശ്രൂഷക്കായി വിട്ടുകൊടുത്ത നീണ്ടൂർ വയലുങ്കൽ മാത്യു–അന്നമ്മ ദമ്പതികൾക്ക് ഇതു ധന്യനിമിഷം. മൂത്തമകൻ ബിജു സമർപ്പിത ജീവിതത്തിന്റെ വഴി തെരഞ്ഞെടുത്തപ്പോൾ മാതാപിതാക്കൾക്ക് എതിർപ്പില്ലായിരുന്നു. ദൈവനിയോഗം അതാണെന്നു മനസിലാക്കിയ അവർ നിറഞ്ഞ മനസോടെ മകനെ യാത്രയാക്കി. മകന്റെ പൗരോഹിത്യ സ്വീകരണത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം സിദ്ധിച്ച തങ്ങൾക്ക് മകൻ പൗരോഹിത്യത്തിന്റെ പൂർണതയായ മെത്രാൻ സ്‌ഥാനത്തേക്ക് ഉയർത്തപ്പെടുന്നതു കാണാൻ ഇടയാകുന്നത് ദൈവത്തിന്റെ മഹാകാരുണ്യമായാണ് അവർ കരുതുന്നത്. പൗരോഹിത്യ സ്വീകരണത്തിന്റെ രജതജൂബിലി വർഷത്തിൽ മെത്രാൻ സ്‌ഥാനത്തേക്ക് ഉയർത്തപ്പെടുന്നത് ഇരട്ടി മധുരമാകുകയാണ്. മകൻ മെത്രാൻ സ്‌ഥാനത്തേക്ക് ഉയർത്തപ്പെടുന്നതു സംബന്ധിച്ച് കോട്ടയം അതിരൂപതയുടെ കത്തീഡ്രലിൽ പ്രഖ്യാപനം നടക്കുമ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ മാതാപിതാക്കളും ഉണ്ടായിരുന്നു.


മോൺ. കുര്യൻ വയലുങ്കൽ എന്ന ബിജു അച്ചന്റെ പൗരോഹിത്യ ജീവിതത്തിന്റെ ഏറിയ നാളുകളിലും അദ്ദേഹം വത്തിക്കാൻ കാര്യാലയത്തിലായിരുന്നു ശുശ്രൂഷ ചെയ്തിരുന്നത്.

വിവിധ രാജ്യങ്ങളിലെ വത്തിക്കാൻ പ്രതിനിധി കാര്യാലയങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. ഇപ്പോൾ ആർച്ച്ബിഷപ്പായി വാഴിക്കപ്പെടുമ്പോൾ പാപുവാന്യുഗിനിയിൽ നൂൺഷ്യോ ആയി നിയമിക്കപ്പെടുകയാണ്. സജി, റെജി, സിബി എന്നിവരാണു നിയുക്‌ത മെത്രാപ്പോലീത്തായുടെ സഹോദരങ്ങൾ. ആഗ്ര രൂപതയിൽ സേവനം ചെയ്യുന്ന ഫാ. സണ്ണി കോട്ടൂർ മാതൃസഹോദരപുത്രനും സിസ്റ്റർ നീറ്റ (കുറുമുള്ളൂർ മഠം) മാതൃ സഹോദരീ പുത്രിയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.