ഉമ്മൻ ചാണ്ടിയുടെ വികസന തട്ടിപ്പിന്റെ ഇര ഇൻഫോസിസ്: അച്യുതാനന്ദൻ
ഉമ്മൻ ചാണ്ടിയുടെ വികസന തട്ടിപ്പിന്റെ ഇര ഇൻഫോസിസ്: അച്യുതാനന്ദൻ
Tuesday, May 3, 2016 12:52 PM IST
തിരുവനന്തപുരം:ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്‌ഥാപനങ്ങളിലൊന്നായ ഇൻഫോസിസ് ഉമ്മൻ ചാണ്ടിയുടെ വികസന തട്ടിപ്പിന് ഇരയായെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. ടെക്നോപാർക്കിൽ പതിനായിരം പേർക്കു കൂടി തൊഴിൽ ലഭ്യമാക്കുന്ന പുതിയ ക്യാമ്പസ് തുടങ്ങാനുള്ള പദ്ധതിയിൽ നിന്നും ഇൻഫോസിസ് പിൻമാറിയത് ഉയർത്തിക്കാട്ടിയാണ് വി.എസിന്റെ ആരോപണം.

സർക്കാരിന്റെ ഭാഗത്തു നിന്നു സഹകരണമുണ്ടാകാത്തതിനെ തുടർന്നു പദ്ധതിയിൽ നിന്നു പിന്മാറുകയാണെന്ന് ധ്വനിപ്പിക്കുന്ന, ഇൻഫോസിസ് അധികൃതർ എഴുതിയ ഒരു കത്തും കുറിപ്പിനൊപ്പം വി.എസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി സ്‌ഥാപനമാണ് ഇൻഫോസിസ്. ഇപ്പോൾ തന്നെ 11,000 പേർക്ക് ജോലി നൽകുന്ന ഒരു കാമ്പസ് ഇൻഫോസിസിന് തിരുവനന്തപുരത്തുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഇവരുടെ ബംഗളൂരു ഓഫീസ് സന്ദർശിക്കുകയും ഈ കാമ്പസിനുവേണ്ട എല്ലാ സഹായങ്ങളും ഇടതു സർക്കാർ കൊടുക്കുകയും ചെയ്തതാണ്.


ഭരണം മാറിയശേഷം 2012 ഏപ്രിലിൽ ഇൻഫോസിസ് 47 കോടി രൂപ നൽകി ഈ പദ്ധതിയുടെ ധാരണാപത്രവും ഒപ്പുവച്ചതാണ്. എന്നാൽ 2015 മേയിൽ ഈ സ്‌ഥാപനം ഈ തുക മടക്കി വാങ്ങുകയും 10000 പേർക്ക് ജോലി ലഭിക്കേണ്ട ഈ പദ്ധതിയിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇടതു സർക്കാരിന്റെ കാലത്ത് ഒറാക്കിൾ ഉൾപ്പടെ അനേകം പ്രമുഖ സ്‌ഥാപനങ്ങൾ കേരളത്തിലേക്ക് വന്നു. എന്നാൽ യു ഡിഎഫ് ഭരണകാലത്ത് ഇൻഫോസിസ് പിന്മാറിയത് പോലെ ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ച കാപ്ജെമിനി, അക്സെഞ്ചർ എന്നിവയും പിന്മാറി. എന്നിട്ടും ഐടി വികസനത്തെ പറ്റി സംസാരിക്കാനുള്ള തൊലിക്കട്ടി മുഖ്യമന്ത്രിക്ക് ഉണ്ടാകുന്നു എന്നതാണ് അതിശയം–അച്യുതാനന്ദൻ കുറിപ്പിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.