ബോംബ് നിർമാണത്തിനിടെ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു
ബോംബ് നിർമാണത്തിനിടെ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു
Tuesday, May 3, 2016 12:42 PM IST
നാദാപുരം: തെരുവൻപറമ്പ് കിണമ്പ്രക്കുന്നിൽ ബോംബ് നിർമാണത്തിനിടെ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. നരിപ്പറ്റ കുയ്തേരിമ്മൽ സ്വദേശി കുയ്തേരി മീത്തൽ ലിനീഷ്(28)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ വച്ച് മരിച്ചത്. ഏപ്രിൽ 27നാണ് കിണമ്പ്രക്കുന്നിൽ വച്ച് സ്റ്റീൽ ബോം്ബ് നിർമിക്കുന്നതിനിടെ പൊട്ടി തെറിച്ച് അഞ്ച് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റത്.

സ്ഫോടനത്തിൽ ലിനീഷിന്റെ ഇരുകൈകൾ തകരുകയും തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. ആറു ദിവസം ഗുരുതരാവസ്‌ഥയിൽ കഴിയുകയായിരുന്നു ലിനീഷ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചേലക്കാട് പൂശാരിമുക്കിലെ വണ്ണാന്റെമീത്തൽ ലിനേഷിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പോലീസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു.


ബോംബ് നിർമാണത്തിൽ പങ്കാളിയായി സ്ഫോടനത്തിൽ പരിക്കേറ്റ വാണിമേൽ സ്വദേശി പുത്തലത്തറേമ്മൽ ജിനേഷി (33)നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ ഇടത് കൈക്കാണ് പരിക്ക്. മറ്റുളള രണ്ട് പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാദാപുരം എസ്ഐ എം.ബി. രാജേഷ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരം മൂന്നരയോടെ വീട്ടിലെത്തിച്ച് ഒരു മണിക്കൂർ പൊതു ദർശനത്തിന് വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ: കുഞ്ഞിക്കണ്ണൻ. അമ്മ: ലീല. സഹോദരൻ: നിജീഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.