കുടിവെള്ളവുമായി മമ്മൂട്ടിയും; ഓൺ യുവർ വാട്ടർ പദ്ധതിക്കു തുടക്കം
കുടിവെള്ളവുമായി മമ്മൂട്ടിയും; ഓൺ യുവർ വാട്ടർ പദ്ധതിക്കു  തുടക്കം
Monday, May 2, 2016 1:20 PM IST
കൊച്ചി: മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഓൺ യുവർ വാട്ടർ പദ്ധതിക്കു കൊച്ചിയിൽ തുടക്കമായി. കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്‌ഥാപിച്ച വാട്ടർ കിയോസ്ക് നടൻ സലിംകുമാറും എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനടുത്തു സ്‌ഥാപിച്ച കിയോസ്ക് നടൻ കുഞ്ചാക്കോ ബോബനും ഉദ്ഘാടനംചെയ്തു. നമുക്കു വേണ്ട വെള്ളം നാം തന്നെ കണ്ടെത്തിയാൽ മാത്രമേ വരൾച്ചയെ ഫലപ്രദമായി നേരിടാൻ സാധിക്കൂയെന്നു കലൂരിലെ കിയോസ്കിന്റെ ഉദ്ഘാടന ചടങ്ങിൽ നടൻ മമ്മൂട്ടി പറഞ്ഞു. വരും വർഷങ്ങളിൽ വരൾച്ചയെ നേരിടാനായി ഈ മഴക്കാലത്തു തന്നെ നമ്മൾ സജ്‌ജമാകണമെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ് ഓൺ യുവർ വാട്ടർ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിക്ക് എല്ലാവിധ പിന്തുണയും സലിംകുമാറും കുഞ്ചാക്കോ ബോബനും വാഗ്ദാനംചെയ്തു. വിജിലൻസ് എസ്പി ആർ. നിശാന്തിനി ചടങ്ങിൽ പങ്കെടുത്തു.കൊച്ചിയിൽ മാത്രം അറുപതോളം കിയോസ്കുകളാണു പദ്ധതി പ്രകാരം സ്‌ഥാപിച്ചിരിക്കുന്നത്. 24 മണിക്കൂറും വെള്ളം ലഭ്യമാകുന്ന സജ്‌ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


ബസ് സ്റ്റാൻഡുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലാണു കിയോസ്കുകൾ പ്രധാനമായും സ്‌ഥാപിച്ചുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച മാത്രം വല്ലാർപാടം എരൂർ, ഗിരിനഗർ, കോതമംഗലം നെല്ലിക്കുഴി, ചോറ്റാനിക്കര കുഴിയറ, മുളന്തുരുത്തി ഇടക്കാട്ടുവയൽ, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്ക് അറുപതിനായിരം ലിറ്റർ വെള്ളം എത്തിച്ചു. കേരളത്തിന് അകത്തും പുറത്തുംനിന്നായി നിരവധി സഹായ വാഗ്ദാനങ്ങൾ പദ്ധതിയെ തേടി എത്തുന്നുണ്ട്. മറ്റു ജില്ലകളിലേക്കുകൂടി പദ്ധതിയുടെ സേവനം വ്യാപിപ്പിക്കാനാണു സംഘാടകരുടെ ശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.