സംസ്‌ഥാനത്ത് 1,203 സ്‌ഥാനാർഥികൾ
സംസ്‌ഥാനത്ത്  1,203 സ്‌ഥാനാർഥികൾ
Monday, May 2, 2016 1:13 PM IST
തിരുവനന്തപുരം: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ കഴിഞ്ഞതോടെ സംസ്‌ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ 1,203 സ്‌ഥാനാർഥികൾ മത്സരരംഗത്ത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്‌ഥാനാർഥികൾക്കു പുറമെ തൃണമൂൽ കോൺഗ്രസ്, വെൽഫെയർ പാർട്ടി, എഡിഎംകെ പാർട്ടി സ്‌ഥാനാർഥികളും സ്വതന്ത്രരും ജനവിധി തേടുന്നുണ്ട്. 1,647 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധനയും പിൻവലിക്കാനുളള സമയവും അവസാനിച്ചപ്പോൾ ഇത് 1,203 ആയി കുറഞ്ഞു. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ്. 145 പേർ. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 29 പേർ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 971 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്.

സ്‌ഥാനാർഥികളുടെ എണ്ണം ജില്ല തിരിച്ച്: ബ്രാക്കറ്റിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്‌ഥാനാർഥികളുടെ എണ്ണം. കാസർഗോഡ് 46 (36), കണ്ണൂർ 87(71), വയനാട് 29 (17), കോഴിക്കോട് 120 (97), മലപ്പുറം 145 (97), പാലക്കാട് 94 (75), തൃശൂർ 100 (84), എറണാകുളം 124 (107), ഇടുക്കി 41 (41), കോട്ടയം 82 (59), ആലപ്പുഴ 75 (62), പത്തനംതിട്ട 37 (40), കൊല്ലം 88 (76), തിരുവനന്തപുരം 135 (109).


109 വനിതകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ വനിതകൾ മത്സരിക്കുന്നതു തിരുവനന്തപുരം ജില്ലയിലാണ് 14. ഏറ്റവും കുറവ് കാസർഗോട്ടും. ഒരു വനിത മാത്രമാണ് കാസർഗോഡ് ജില്ലയിൽ മത്സരരംഗത്തുള്ളത്.

കണ്ണൂർ 9, വയനാട്7, കോഴിക്കോട് 7, മലപ്പുറം 11, പാലക്കാട് 12, തൃശൂർ 10, എറണാകുളം 12, ഇടുക്കി 5, കോട്ടയം 5, ആലപ്പുഴ 5, പത്തനംതിട്ട 6, കൊല്ലം5 എന്നിങ്ങനെയാണ് മത്സരിക്കുന്ന വനിതകളുടെ ജില്ല തിരിച്ചുള്ള കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.