പ്രചാരണപരിപാടികൾ റദ്ദാക്കി ആന്റണി ഡൽഹിക്കു മടങ്ങി
പ്രചാരണപരിപാടികൾ റദ്ദാക്കി ആന്റണി ഡൽഹിക്കു മടങ്ങി
Monday, May 2, 2016 1:13 PM IST
കണ്ണൂർ: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ടു വിവാദം ശക്‌തമാകുന്നതിനിടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി റദ്ദാക്കി മുൻപ്രതിരോധമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ. ആന്റണി ഡൽഹിക്കു തിരിച്ചു.

ഇന്നു മുതലുള്ള ആന്റണിയുടെ വിവിധ ജില്ലകളിലെ പ്രചാരണ പരിപാടികളിൽ മാറ്റംവരും. ആറിന് അദ്ദേഹം കേരളത്തിൽ തിരിച്ചെത്തി പ്രചാരണം തുടരും. ഞായറാഴ്ച കാസർഗോഡുനിന്നായിരുന്നു ആന്റണി പ്രചാരണപര്യടനം ആരംഭിച്ചത്.

ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ടു സോണിയ ഗാന്ധിക്കെതിരേ ബിജെപി ആരോപണവുമായി രംഗത്തെത്തുകയും മുഴുവൻ രേഖകളും പാർലമെന്റിൽ വയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഭരണപക്ഷനീക്കങ്ങളെ പ്രതിരോധിക്കാൻ മുൻ പ്രതിരോധമന്ത്രികൂടിയായ ആന്റണിയോടു ഡൽഹിയിലെത്താൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നെന്നറിയുന്നു. സംഭവവുമായി ബന്ധപ്പെട്ടു കോൺഗ്രസ് മാർച്ച് അടക്കമുള്ള സമര പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.


ഹെലികോപ്റ്റർ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടതു കഴിഞ്ഞ യുപിഎ മന്ത്രിസഭയാണെന്നും ഇക്കാര്യത്തിൽ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.