കേരളത്തിൽ 1,233 പ്രശ്നബാധിത ബൂത്തുകൾ: ഇലക്ഷൻ കമ്മീഷൻ
കേരളത്തിൽ 1,233 പ്രശ്നബാധിത ബൂത്തുകൾ: ഇലക്ഷൻ കമ്മീഷൻ
Monday, May 2, 2016 1:13 PM IST
തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പു കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി കേന്ദ്ര സേനയുടെ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. നസീം സെയ്ദി. സംസ്‌ഥാനത്ത് 1,233 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നും ഇവയിലേറെയും മലബാർ മേഖലയിലാണെന്നും ഇവിടങ്ങളിൽ കേന്ദ്രസേനയുടെ നേതൃത്വത്തിൽ ശക്‌തമായ സുരക്ഷയൊരുക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

പിന്നോക്ക, ദളിത് വിഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളും പ്രശ്നബാധിത മേഖലയിൽ ഉൾപ്പെടും. ഇവിടങ്ങളിൽ അട്ടിമറി തടയാനും ആരുടെയും ഭീഷണികളില്ലാതെയും വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കാനാണ് തീരുമാനം. 1124 കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായ ഇടങ്ങളിൽ വെബ്കാസ്റ്റിംഗും മറ്റിടങ്ങളിൽ വീഡിയോ റിക്കാർഡിംഗും ഏർപ്പെടുത്തും. ഇത്തരം ബൂത്തുകൾ കേന്ദ്രസർക്കാർ ഉദ്യോഗസ്‌ഥർ നേതൃത്വം നൽകുന്ന മൈക്രോ ഒബ്സർവർമാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ചീഫ് സെക്രട്ടറി, സംസ്‌ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ കമ്മീഷൻ നടപടിക്രമങ്ങളിൽ തൃപ്തി രേഖപ്പെടുത്തി.

തെരഞ്ഞെടുപ്പിനുമുന്നോടിയായി ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവരുടെ നേതൃത്വത്തിൽ കക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. അവരുടെ ആവശ്യങ്ങൾ രേഖപ്പെടുത്തി മുൻഗണനാക്രമത്തിൽ പരിഹാരം കാണും. ഏപ്രിൽ 29 വരെയുള്ള കണക്കുകൾ പ്രകാരം 2.6 കോടി വോട്ടർമാരാണുള്ളത്. അന്തിമ വോട്ടർപട്ടിക അഞ്ചിനു പ്രസിദ്ധീകരിക്കും.

ഫോട്ടോ പതിച്ച ഐഡി കാർഡുകളുടെ വിതരണം ഒൻപതിനകം പൂർത്തിയാക്കും. പേരുചേർക്കൽ അപേക്ഷകൾ നിരസിച്ചതിനുള്ള കാരണം വോട്ടർമാരെയും കക്ഷിനേതാക്കൻമാരെയും അറിയിക്കും. ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് കള്ളപ്പണത്തിന്റെ ഒഴുക്ക് പരമാവധി തടയും. കേന്ദ്ര പോലീസ് അക്കാദമിയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥർ നേതൃത്വം നൽകുന്ന പ്രത്യേക പട്രോളിംഗ് സ്ക്വാഡുകളുടെ സാന്നിധ്യം മണ്ഡലത്തിൽ ഉടനീളമുണ്ടായിരിക്കും. കൺട്രോൾ റൂമുകൾ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവർത്തനം. ഇവിടെ നിന്നുള്ള നിർദേശത്തിന്റെ അടിസ്‌ഥാനത്തിൽ പ്രശ്നബാധിത മേഖലയിൽ ഇവർ പാഞ്ഞെത്തും.


വ്യാജമദ്യം ഒഴുകുന്നതു തടയാൻ ഇടുക്കി പോലുള്ള ജില്ലകളിൽ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഡ്രൈവ് നടത്തും. തോട്ടം തൊഴിലാളികൾക്ക് മദ്യം നൽകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടി.

21,498 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 816 എണ്ണം മോഡൽ പോളിംഗ് സ്റ്റേഷനുകളും 250 എണ്ണം വനിതാ പോളിംഗ് സ്റ്റേഷനുകളുമായിരിക്കും. വേനൽക്കാലത്തെ കനത്ത ചൂട് കണക്കിലെടുത്ത് പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാർക്ക് കുടിവെള്ളം ലഭ്യമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ശാരീരികമായ ന്യൂനതകളുള്ളവർക്ക് സുഗമമായി വോട്ടു രേഖപ്പെടുത്താനാവശ്യമായ സജ്‌ജീകരണങ്ങളും ഒരുക്കണം.

കള്ളവോട്ട്, ആൾമാറാട്ടം, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ കർശനനടപടി കൈക്കൊള്ളാൻ സംസ്‌ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാർ നൽകുന്ന സ്ലിപ്പ് നേരിട്ട് വോട്ടർമാരുടെ കൈവശം തന്നെ നൽകണമെന്ന നിർദേശം കർശനമായി പാലിക്കണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കുപ്രസിദ്ധ കുറ്റവാളികളെ നിരീക്ഷണവിധേയമാക്കാനും, സംഘർഷസാധ്യതകൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംസ്‌ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മീഷണർമാരായ എ.കെ. ജോതി, ഓംപ്രകാശ് റാവത്ത്, സംസ്‌ഥാന ചീഫ്ഇലക്ടറൽ ഓഫീസർ ഇ.കെ. മാജി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.