തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്
തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്
Monday, May 2, 2016 12:57 PM IST
<ആ>സാബു ജോൺ

തിരുവനന്തപുരം ജില്ലയിൽ മുൻതൂക്കം നേടുന്ന മുന്നണി കേരളം ഭരിക്കുന്നതാണു ചരിത്രം. അതുകൊണ്ടുതന്നെ ജില്ലയിൽ മുന്നിലെത്തി ഭരണം ഉറപ്പിക്കാനാണു മുന്നണികളുടെ ശ്രമം. കണക്കുകളുടെ ചരിത്രത്തിലാണ് മുന്നണികൾ കണ്ണുവച്ചിരിക്കുന്നത്. എന്നാൽ, പകുതിയോളം മണ്ഡലങ്ങളിൽ ശക്‌തമായ മത്സരം കാഴ്ചവയ്ക്കുന്ന ബിജെപിയു ടെ സാന്നിധ്യം ജില്ലയിൽ പ്രവചനം അസാധ്യമാക്കുന്നു എന്നതാണു സത്യം.

ബിജെപി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിൽ പ്രധാനപ്പെട്ടതു തിരുവനന്തപുരം ജില്ലയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലുൾപ്പെടെ വലിയ മുന്നേറ്റമാണ് അവർ നടത്തിയത്. അവരുടെ പ്രതീക്ഷകൾക്കു നിറം പകരുന്നത് ഇതുൾപ്പെടെയുള്ള സമീപകാല പ്രകടനങ്ങളാണ്. കോർപറേഷനിൽ 34 സീറ്റുകൾ നേടി യുഡിഎഫിനെ മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളിയ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽപ്പെടുന്ന നാലു നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു.

<ആ>കടുത്ത ത്രികോണ മത്സരം

തിരുവനന്തപുരം, കഴക്കൂട്ടം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്‌ഥാനാർഥി ഒ. രാജഗോപാൽ ഒന്നാമതെത്തിയിരുന്നു. ഈ നാലു മണ്ഡലങ്ങളിലും വലിയ പ്രതീക്ഷയാണ് അവർ വച്ചുപുലർത്തുന്നത്.

വട്ടിയൂർക്കാവിൽ സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ രംഗത്തിറക്കിയ പാർട്ടി ഉശിരൻ പ്രചാരണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. സിറ്റിംഗ് എംഎൽഎ കോൺഗ്രസിലെ കെ. മുരളീധരനും സിപിഎമ്മിന്റെ വനിതാ നേതാവ് ഡോ.ടി.എൻ. സീമയും മണ്ഡലം പിടിക്കാനിറങ്ങിയതോടെ പ്രവചനാതീതമായ ത്രികോണ മത്സരമാണു വട്ടിയൂർക്കാവിൽ. നേമത്ത് കഴിഞ്ഞ തവണ വിജയിച്ച സിപിഎമ്മിലെ വി. ശിവൻകുട്ടിക്കെതിരേ കഴിഞ്ഞ തവണത്തെ ബിജെപി സ്‌ഥാനാർഥിയായ ഒ. രാജഗോപാൽ ഒരിക്കൽകൂടി അങ്കത്തിനിറങ്ങിയിരിക്കുന്നു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് എൽഡിഎഫ് സ്‌ഥാനാർഥിയായിരുന്ന വി. സുരേന്ദ്രൻപിള്ള ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നു മുന്നണി വിട്ട് ഇവിടെ യുഡിഎഫ് സ്‌ഥാനാർഥിയായി രംഗത്തു വന്നതോടെ മത്സരം കടുത്തു. ഒ. രാജഗോപാലിനുവേണ്ടി പഴുതടച്ചുള്ള പ്രചാരണമാണു നേമത്തു ബിജെപി നടത്തുന്നത്. സീറ്റ് നിലനിർത്താൻ വി. ശിവൻകുട്ടിയും എൽഡിഎഫും സർവ ആയുധങ്ങളും പുറത്തെടുത്തു പോരാട്ടത്തിനിറങ്ങിയപ്പോൾ കഴിഞ്ഞ തവണത്തെ മൂന്നാം സ്‌ഥാനമെന്ന നാണക്കേട് ഒഴിവാക്കാൻ യുഡിഎഫും തകൃതിയായ ശ്രമത്തിലാണ്.

കഴക്കൂട്ടത്തു ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷൻ വി. മുരളീധരൻ മാസങ്ങൾക്കു മുമ്പേ പ്രവർത്തനം തുടങ്ങിയിരുന്നു. സിറ്റിംഗ് എംഎൽഎ ആയ യുഡിഎഫിലെ എം.എ. വാഹിദ് കളം നിറഞ്ഞു നിൽക്കുമ്പോൾ മുമ്പ് കഴക്കൂട്ടത്തെ പ്രതിനിധീകരിച്ചിട്ടുള്ള മുൻ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനെയാണു സിപിഎം മണ്ഡലം തിരിച്ചു പിടിക്കാൻ നിയോഗിച്ചിരിക്കുന്നത്. കടുത്ത ത്രികോണ മത്സര ത്തിൽ മണ്ഡലം ആരെ തുണയ്ക്കുമെന്നു പ്രവചിക്കാൻ പോലും സാധിക്കാത്ത സ്‌ഥിതി.

തിരുവനന്തപുരം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ ആയ മന്ത്രി വി.എസ്. ശിവകുമാറിന് എൽഡിഎഫിലെ അഡ്വ.ആന്റണി രാജുവിനെയും ബിജെപി രംഗത്തിറക്കിയ ക്രിക്കറ്റ് താരം ശ്രീശാന്തിനെയുമാണു നേരിടേണ്ടത്. ശ്രീശാന്തിലൂടെ യുവാക്കളുടെ വോട്ടു പിടിച്ചെടുക്കാമെന്നു കണക്കുകൂട്ടുന്ന ബിജെപി ഇവിടെയും വലിയ പ്രതീക്ഷകൾ വച്ചു പുലർത്തുന്നു. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പുറത്തുനിന്നുള്ളവർ മത്സരിക്കുന്നു എന്ന ആക്ഷേപം ബിജെപിയെക്കുറിച്ചു പറയാനുണ്ട്.

കാട്ടാക്കടയിൽ സ്പീക്കർ എൻ. ശക്‌തനെ നേരിടാൻ എൽഡിഎഫിലെ ഐ.ബി. സതീഷിനൊപ്പം ബിജെപിയുടെ പി.കെ. കൃഷ്ണദാസുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ ബിജെപി വലിയ വളർച്ച നേടിയ കാട്ടാക്കടയിലും അവർ അദ്ഭുതം പ്രതീക്ഷിക്കുന്നു. ഏതായാലും കടുത്ത ത്രികോണ മത്സരത്തിലൂടെ ശക്‌തന്റെ തട്ടകത്തിൽ വിള്ളലുണ്ടാക്കാൻ സാധിക്കുമോ എന്നു നോക്കുകയാണ് ഇടതുപക്ഷവും ബിജെപിയും. ബിഡിജെഎസ് മത്സരിക്കുന്ന കോവളത്തും പാറശാലയിലും കരുത്തു തെളിയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

<ആ>ഭൂരിപക്ഷം സീറ്റുകളിലും പ്രധാന പാർട്ടികൾ

ഇരുമുന്നണികളിലും പ്രധാന പാർട്ടികൾ തന്നെയാണു ജില്ലയിൽ ഭൂരിപക്ഷം സീറ്റുകളിലും മത്സരിക്കുന്നത്. യുഡിഎഫിൽ നേമം, ആറ്റിങ്ങൽ സീറ്റുകൾ ഒഴികെ 12 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ എൽഡിഎഫിൽ കോവളം, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് എന്നീ സീറ്റുകൾ ഒഴികെ 10 സീറ്റുകളിൽ സിപിഎം ആണു മത്സരിക്കുന്നത്. കോൺഗ്രസും സിപിഎമ്മും ഏറെ പ്രതീക്ഷ വച്ചു പുലർത്തുന്ന ജില്ലയാണ് തിരുവനന്തപുരം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു സംസ്‌ഥാനത്ത് ആകെ 38 സീറ്റ് ലഭിച്ചപ്പോൾ അതിൽ എട്ടു സീറ്റും തിരുവനന്തപുരത്തുനിന്നായിരുന്നു. പിന്നീട് നെയ്യാറ്റിൻകരയിൽനിന്ന് ആർ. ശെൽവരാജ്കൂടി കോൺഗ്രസ് പാളയത്തിലെത്തിയതോടെ കോൺഗ്രസിന് ജില്ലയിൽ ഒമ്പത് എംഎൽഎമാരായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫിനെ കഴിഞ്ഞ തവണ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കായിരുന്നു തിരുവനന്തപുരം ജില്ലയുടേത്. ഭരണത്തുടർച്ച എന്ന സ്വപ്നം പൂവണിയണമെങ്കിൽ ജില്ല ഒപ്പം നിർത്തിയേ പറ്റൂ എന്നു യുഡിഎഫിനു ബോധ്യമുണ്ട്. ഭരണം തിരിച്ചു പിടിക്കണമെങ്കിൽ എൽഡിഎഫിനും തിരുവനന്തപുരത്ത് അഭിമാനകരമായ വിജയം അനിവാര്യം.


<ആ>മുഖ്യം പ്രാദേശിക വിഷയങ്ങൾ

ഇരുമുന്നണികളിലും കാര്യമായ പ്രശ്നങ്ങളില്ലെന്നുള്ളതാണു തിരുവനന്തപുരം ജില്ലയുടെ പ്രത്യേകത. സ്‌ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടു സിപിഎമ്മിൽ ചില മണ്ഡലങ്ങളിൽ തുടക്കത്തിൽ പ്രാദേശികമായി പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. അരുവിക്കര, വർക്കല മണ്ഡലങ്ങളിൽ പോസ്റ്റർ യുദ്ധം വരെ എത്തി കാര്യങ്ങൾ. എന്നാൽ സ്‌ഥാനാർഥികൾ രംഗത്തിറങ്ങി മത്സരച്ചൂടു കൂടിയതോടെ തർക്കങ്ങൾ അവസാനിച്ചു.

പ്രാദേശിക വിഷയങ്ങളാണു പ്രധാനമായും പ്രചാരണരംഗത്ത് ഉയർന്നുവരുന്നത്. സിറ്റിംഗ് എംഎൽഎമാർ വികസന നേട്ടം ഉയർത്തിക്കാട്ടി വോട്ടർമാരെ സമീപിക്കുമ്പോൾ കോട്ടങ്ങൾ ചൂണ്ടിക്കാട്ടിയും വികസനവാഗ്ദാനങ്ങൾ നൽകിയുമാണു മറ്റുള്ളവരുടെ വോട്ടുതേടൽ. ബിജെപി മാറ്റത്തിനു വേണ്ടി വോട്ട് ചോദിക്കുന്നു. ഏതായാലും തെരഞ്ഞെടുപ്പു ദിവസമടുക്കുമ്പോഴേക്കും പതിന്നാലു മണ്ഡലങ്ങളിലെയും പ്രധാന ചർച്ചാവിഷയമായി വികസനം മാറിക്കഴിഞ്ഞു.


<ആ>മത്സരം ചൂടാകുമ്പോൾ

വേനൽച്ചൂടിൽ ഉരുകിയൊലിക്കുകയാണു തിരുവനന്തപുരം ജില്ലയും. എങ്കിലും ഇതൊന്നും പോരാട്ടവീര്യത്തെ തളർത്തിയിട്ടില്ല. ഇടതുകോട്ടയായി അറിയപ്പെട്ടിരുന്ന വർക്കല മണ്ഡലം യുഡിഎഫ് പക്ഷത്തേക്കു പിടിച്ചതു വർക്കല കഹാറായിരുന്നു. നാലാം തവണ കഹാർ മത്സരത്തിനിറങ്ങുമ്പോൾ അദ്ദേഹത്തെ പിടിച്ചുകെട്ടാൻ സിപിഎം നിയോഗിച്ചിരിക്കുന്നത് വി. ജോയിയെ ആണ്. പഴയ കോട്ട പിടിച്ചെടുക്കാൻ ജോയിക്കും സിപിഎമ്മിനും ഏറെ വിയർപ്പൊഴുക്കേണ്ട സ്‌ഥിതിയാണിവിടെ.

കഴിഞ്ഞ തവണത്തെ ഉജ്വല ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് ചിറയിൻകീഴിലെ ഇടതുസ്‌ഥാനാർഥിയായ സിപിഐയിലെ വി. ശശി രണ്ടാമതും മത്സരിക്കുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന കോൺഗ്രസിലെ കെ.എസ്. അജിത്കുമാർ ഇടതുകോട്ട പിടിച്ചെടുക്കാൻ സർവതന്ത്രങ്ങളും പയറ്റുന്ന കാഴ്ചയാണിവിടെ. ഡോ.പി.പി. വാവ ബിജെപിയുടെ കരുത്തു കാട്ടാൻ രംഗത്തുണ്ട്. ആറ്റിങ്ങലിൽ സിപിഎമ്മിന്റെ ബി. സത്യൻ രണ്ടാം തവണ മത്സരിക്കുമ്പോൾ കഴിഞ്ഞ തവണത്തെ ജില്ലയിലെ റിക്കാർഡ് ഭൂരിപക്ഷമായ 30,065 വോട്ടിന്റെ മേൽക്കോയ്മയിലാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇരുപതിനായിരം വോട്ടിലധികം ഭൂരിപക്ഷം ഇടതുമുന്നണിക്കു ലഭിച്ച മണ്ഡലം സുരക്ഷിതമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുമ്പോൾ യുഡിഎഫിൽ ആർഎസ്പിക്കു നൽകിയിരിക്കുന്ന മണ്ഡലത്തിൽ കെ. ചന്ദ്രബാബു അട്ടിമറി സ്വപ്നം കാണുന്നു. ബിജെപി സംസ്‌ഥാന സെക്രട്ടറിയായ രാജി പ്രതാപിനെ രംഗത്തിറക്കി യുവാക്കളുടെ വോട്ട് സ്വന്തമാക്കാൻ ബിജെപിയും പയറ്റുന്നു.

ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി വീണ്ടും ജനവിധി തേടുന്ന നെടുമങ്ങാട്ട് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് സിപിഐയുടെ കരുത്തനായ സി. ദിവാകരനെയാണ്. ബിജെപിയുടെ യുവനേതാവായ വി.വി. രാജേഷ്കൂടി കളത്തിലിറങ്ങിയതോടെ നെടുമങ്ങാട് പ്രവചനാതീതമായി മാറുന്നു.

1977 മുതൽ സിപിഎം സ്‌ഥാനാർഥികളെ മാത്രം തെരഞ്ഞെടുത്തയയ്ക്കുന്ന മണ്ഡലമാണ് വാമനപുരം. എന്നാൽ, ഓരോ തെരഞ്ഞെടുപ്പിലും ഇവിടെ സിപിഎമ്മിന്റെ ഭൂരിപക്ഷം നാമമാത്രമായിരുന്നു എന്നതു വസ്തുത. സിറ്റിംഗ് എംഎൽഎ കോലിയക്കോട് കൃഷ്ണൻ നായരെ മാറ്റി സിപിഎം ഡി.കെ. മുരളിയെ മത്സരിപ്പിക്കുമ്പോൾ കോൺഗ്രസിലെ ടി. ശരത്ചന്ദ്രപ്രസാദ് മണ്ഡലം പിടിച്ചെടുക്കാനുള്ള സർവഅടവും പയറ്റി കളത്തിൽ സജീവമാണ്. ആർ.വി. നിഖിൽ ആണ് ബിജെപി സ്‌ഥാനാർഥി.

പത്തു മാസം മുമ്പ് ഉപതെരഞ്ഞെടുപ്പു നടന്ന അരുവിക്കരയിൽ പഴയ ചുമരെഴുത്തുകൾക്കു നിറംകൊടുക്കേണ്ട കാര്യമേയുള്ളൂ യുഡിഎഫ് സ്‌ഥാനാർഥി കെ.എസ്. ശബരീനാഥന്. കേരളം മുഴുവൻ ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കരുത്തനായ എം. വിജയകുമാർ കീഴടങ്ങിയ അരുവിക്കരയിൽ ഇത്തവണ എ.എ. റഷീദിനാണ് ഇടതുസ്‌ഥാനാർഥിയാകാനുള്ള നിയോഗം. സംവിധായകൻ എ. രാജസേനനെ രംഗത്തിറക്കി ബിജെപി തെരഞ്ഞെടുപ്പിനു താരപരിവേഷവും നൽകി. നെയ്യാറ്റിൻകരയിൽ സിപിഎമ്മിന് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ തവണ സിപിഎം ലേബലിൽ ജയിച്ചു വന്നു പിന്നീടു കോൺഗ്രസ് പാളയത്തിലേക്കു ചേക്കേറി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആർ. ശെൽവരാജിനെ പരാജയപ്പെടുത്തുക എന്നത് അവർക്ക് അഭിമാനപ്രശ്നമാണ്. സിപിഎമ്മിന്റെ നെയ്യാറ്റിൻകരയിലെ പ്രമുഖനായ കെ. ആൻസലനെയാണു പാർട്ടി ആ നിയോഗം ഏൽപ്പിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ അദ്ഭുതം സൃഷ്‌ടിച്ച നെയ്യാറ്റിൻകരയിൽ പുഞ്ചക്കരി സുരേന്ദ്രനെ മത്സരിപ്പിച്ച് ഒരിക്കൽകൂടി അദ്ഭുതം കാട്ടാൻ ബിജെപിയും ശ്രമിക്കുന്നു. ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണു നെയ്യാറ്റിൻകര.

സ്പീക്കർ എൻ. ശക്‌തന്റെ തട്ടകമായ കാട്ടാക്കടയിൽ സിപിഎം ഐ.ബി. സതീഷിനെയാണു രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി ദേശീയ നിർവാഹകസമിതിയംഗം കൂടിയായ പി.കെ. കൃഷ്ണദാസിനെ മത്സരിപ്പിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തിയതോടെ കടുത്ത ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.

ജനതാദൾ– എസിന്റെ സിറ്റിംഗ് എംഎൽഎ ജമീല പ്രകാശം മത്സരിക്കുന്ന കോവളത്തു കോൺഗ്രസിലെ എം. വിൻസന്റ് മണ്ഡലം പിടിച്ചെടുക്കാൻ കടുത്ത പോരാട്ടമാണു നടത്തുന്നത്. ബിഡിജെഎസിന്റെ ടി.എൻ. സുരേഷ് മികച്ച പോരാട്ടം കാഴ്ചവയ്ക്കുന്നു. ബിജെപി സമീപകാലത്തു വൻ വളർച്ച കാട്ടിയിട്ടുള്ള കോവളം മണ്ഡലം ജില്ലയിൽ ബിഡിജെഎസ് ഏറ്റവും പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ്.

തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന പാറശാലയിൽ സിറ്റിംഗ് എംഎൽഎ എ.ടി. ജോർജിനു സിപിഎമ്മിലെ സി.കെ. ഹരീന്ദ്രൻ കടുത്ത മത്സരം നൽകുന്നു. ബിജെപിയുടെ കരുത്തനായ കരമന ജയൻകൂടി കളത്തിലിറങ്ങിയതോടെ ഇവിടെയും ത്രികോണമത്സര പ്രതീതിയാണു നിലവിലുള്ളത്.

<ആ>പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങൾ

വട്ടിയൂർക്കാവ്

കെ. മുരളീധരൻ–യുഡിഎഫ്
ഡോ. ടി.എൻ. സീമ–എൽഡിഎഫ്
കുമ്മനം രാജശേഖരൻ–ബിജെപി

തിരുവനന്തപുരം

വി.എസ്. ശിവകുമാർ–യുഡിഎഫ്
അഡ്വ. ആന്റണി രാജു–എൽഡിഎഫ്
എസ്. ശ്രീശാന്ത്–ബിജെപി

നേമം

വി. സുരേന്ദ്രൻ പിള്ള–യുഡിഎഫ്
വി. ശിവൻകുട്ടി –എൽഡിഎഫ്
ഒ. രാജഗോപാൽ–ബിജെപി

കഴക്കൂട്ടം

എം.എ. വാഹിദ്–യുഡിഎഫ്
കടകംപള്ളി സുരേന്ദ്രൻ–എൽഡിഎഫ്
വി. മുരളീധരൻ–ബിജെപി

കാട്ടാക്കട

എൻ. ശക്‌തൻ–യുഡിഎഫ്
ഐ.ബി. സതീഷ്–എൽഡിഎഫ്
പി.കെ. കൃഷ്ണദാസ്–ബിജെപി

നെടുമങ്ങാട്

പാലോട് രവി–യുഡിഎഫ്
സി. ദിവാകരൻ–എൽഡിഎഫ്
വി.വി. രാജേഷ്–ബിജെപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.