വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ ആദ്യാക്ഷരം കുറിക്കാൻ രജിസ്ട്രേഷൻ തുടങ്ങി
Monday, May 2, 2016 12:47 PM IST
ഭരണങ്ങാനം: പന്തക്കുസ്താദിനമായ മേയ് 15 ന് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ ആരംഭിച്ചു. പന്തക്കുസ്താ ദിനത്തിൽ ബോധത്തിന്റെയും പ്രകാശത്തിന്റെയും ദാതാവായ പരിശുദ്ധാത്മാവിന്റെ ശക്‌തിയിലാശ്രയിച്ചു വിശുദ്ധ അൽഫോൻസാ കബറിട ദേവാലയത്തിന്റെ മോണ്ടളത്തിൽ പ്രത്യേകം സജ്‌ജീകരിക്കുന്ന വേദിയിലാണ് ആദ്യാക്ഷരം കുറിക്കൽ.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, രൂപത വികാരി ജനറാളന്മാർ ഉൾപ്പെടെ മറ്റ് വൈദികരും ചടങ്ങുകൾക്ക് നേതൃത്വം നൽകും.


ആയിരക്കണക്കിന് കുരുന്നുകൾ അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ പ്രാർഥിച്ച് എല്ലാ വർഷവും പന്തക്കുസ്താദിനത്തിൽ എത്താറുണ്ട്.

അൽഫോൻസാമ്മയുടെ ഔദ്യോഗിക ജീവിതം അധ്യാപികയുടേതായിരുന്നതിനാൽ അമ്മയോടു പ്രാർഥിച്ച് കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുന്നതിനായി ഭാരതത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും രക്ഷിതാക്കൾ കുട്ടികളെ തീർഥാടനകേന്ദ്രത്തിൽ കൊണ്ടുവരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.