ഉഷ്ണതരംഗവും സൂര്യാതപവും: സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾക്കു വിലക്ക്
Monday, May 2, 2016 12:47 PM IST
കൊച്ചി: ഉഷ്ണതരംഗം സംബന്ധിച്ച മുന്നറിയിപ്പുകളുടെയും സൂര്യാതപം, വരൾച്ച എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളുടെയും അടിസ്‌ഥാനത്തിൽ എറണാകുളം ജില്ലയിലെ വിദ്യാലയങ്ങളിൽ ഈ മാസം 22 വരെ ക്ലാസുകൾ നടത്തുന്നതിനു വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം ഉത്തരവിട്ടു.

പ്രഫഷണൽ കോളജുകളെയും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകളെയും ഉത്തരവിൽ ഒഴിവാക്കിയിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടത്തിലെ 144(1), ദുരന്ത നിവാരണ നിയമത്തിലെ 33, 34 വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്. ഉത്തരവ് ലംഘിക്കുന്ന സ്‌ഥാപന മേധാവികളെ അറസ്റ്റ് ചെയ്യുമെന്നും ഇവർ നിയമനടപടി നേരിടേണ്ടി വരുമെന്നും കളക്ടർ മുന്നറിയിപ്പു നൽകി. സംസ്‌ഥാന സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കെല്ലാം ഉത്തരവ് ബാധകമാണ്.

ആലപ്പുഴ: കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസസ്‌ഥാപനങ്ങളിൽ വേനൽക്കാല ക്ലാസ് നിരോധിച്ചുകൊണ്ട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അധ്യക്ഷയും കളക്ടറുമായ ആർ. ഗിരിജ ഉത്തരവായി. ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾക്കും കോളജുകൾക്കും ഉത്തരവ് ബാധകമാണ്. മെയ് 10 വരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിരോധനം നിലനിൽക്കും.


പ്രഫഷണൽ കോളജുകൾക്കും ഈ കാലയളവിൽ പ്രഖ്യാപിച്ചിട്ടുള്ള പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല. ഇക്കാലയളവിൽ കുട്ടികളെ വെക്കേഷൻ ക്ലാസുകൾക്കോ സ്പെഷൽ ക്ലാസുകൾക്കോ മറ്റു പ്രവർത്തനങ്ങൾക്കോ വരുത്താൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.

<ആ>കോട്ടയം ജില്ലയിൽ ക്ലാസുകൾ ഏഴിനകം ആരംഭിക്കരുതെന്നു നിർദേശം

കോട്ടയം: ഉഷ്ണക്കാറ്റിനു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ക്ലാസുകൾ ഏഴിനു മുമ്പായി ആരംഭിക്കരുതെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

<ആ>സ്കൂളിലെ വൈദ്യുതി വിച്ഛേദിച്ചു

തിരുവനന്തപുരം: നിർദേശം ലംഘിച്ചു സ്കൂൾ തുറന്ന ആറ്റിങ്ങൽ മാമം ശ്രീ ഗോകുലം പബ്ലിക് സ്കൂളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി ജില്ലാ കളക്ടർ ബിജു പ്രഭാകർ അറിയിച്ചു. സ്കൂളിെൻറ വാഹനം പിടിച്ചെടുത്തിട്ടുമുണ്ട്.

മറ്റു വാഹനങ്ങൾ പിടിച്ചെടുക്കാൻ ചിറയിൻകീഴ് തഹസീൽദാർക്കു നിർദേശം നൽകി. കടുത്ത വേനൽച്ചൂടായതിനാൽ 20 വരെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യയനം നടത്തരുതെന്നു ജില്ലാ കളക്ടർ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതു ലംഘിച്ചതിനാണു സ്കൂളിനെതിരേ നടപടിയെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.