രണ്ടു പത്രങ്ങൾക്കു പരസ്യ താരിഫ് വർധിപ്പിച്ചു നൽകിയതു പരിശോധിക്കും: പ്രസ് കൗൺസിൽ അംഗങ്ങൾ
Saturday, April 30, 2016 2:07 PM IST
കൊച്ചി: കേരളത്തിലെ രണ്ടു പത്രങ്ങൾക്ക് മാത്രം പരസ്യ താരിഫ് വർധിപ്പിച്ചു നൽകിയതു പെയ്ഡ് ന്യൂസിൽ പെടുമോയെന്ന കാര്യം പരിശോധിക്കുമെന്നു പ്രസ്കൗൺസിൽ അംഗങ്ങളായ കെ. അമർനാഥ്, സി.കെ. നായിക് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

അനർഹമായിട്ടാണോ ഇതു ചെയ്തതെന്നു പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്‌ഥാന തെരഞ്ഞെടുപ്പ് ഓഫീസറായ ഇ.കെ. മാജിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പ്രസ് കൗൺസിലിനെയും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിക്കും. എന്തു നടപടി സ്വീകരിച്ചെന്ന കാര്യവും നടപടി എടുത്തില്ലെങ്കിൽ അക്കാര്യം എന്തുകൊണ്ടെന്ന കാര്യവും ആരായുമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസരണം പെയ്ഡ് ന്യൂസ് സംബന്ധിച്ച പരിശോധനയ്ക്കെത്തിയതാണ് കെ.അമർനാഥും സി.കെ. നായിക്കും. ഇതുകൂടാതെ സ്‌ഥാനാർഥികളും പാർട്ടികളും പിആർ ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രചാരണം നട ത്തുന്ന കാര്യവും പരിശോധനയ്ക്കു വിധേയമാക്കും. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പു കാലത്തു പെയ്ഡ് ന്യൂസ് നൽകുന്നതുമായി ബന്ധപ്പെട്ട് 64 പരാതികൾ ലഭിച്ചിരുന്നു. ഇവ പരിശോധിച്ചപ്പോൾ നിലനിൽക്കുന്നതല്ലെന്നു കണ്ടെത്തിയതായും അവർ പറഞ്ഞു.


തെരഞ്ഞെടുപ്പ് സമയത്തു മാധ്യമങ്ങൾ പ്രതിഫലം വാങ്ങി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതു ഗൗരവതരമായ വിഷയമാണ്. ഇത് ഒഴിവാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. 26നാണ് ഇവർ കേരളത്തിൽ എത്തിയത്. വിവിധ ജില്ലകളിലെ പരിശോധന പൂർത്തിയാക്കിയാണു കൊച്ചിയിൽ എത്തിയത്. പത്രസമ്മേളനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതലയും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.