തിയറ്റർ ഉടമകളുടെ സമരം പിൻവലിച്ചു
Saturday, April 30, 2016 2:07 PM IST
കൊച്ചി: സംസ്‌ഥാനത്തെ എ ക്ലാസ് തിയറ്റർ ഉടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. രണ്ടിനകം സംസ്‌ഥാനത്തെ മുഴുവൻ തിയറ്ററുകളിലും ഇ ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന ഉത്തരവ് രണ്ടു മാസത്തേക്കു മരവിപ്പിച്ച സാഹചര്യത്തിലാണു സമരം പിൻവലിക്കാൻ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ തീരുമാനിച്ചത്. ഇ ടിക്കറ്റിംഗ് ഏർപ്പെടുത്താത്ത തിയറ്ററുകൾക്കു നാളെ മുതൽ ടിക്കറ്റുകൾ സീൽ ചെയ്തു നൽകേണ്ടെന്നായിരുന്നു തദ്ദേശ ഭരണ സ്‌ഥാപനങ്ങൾക്കു സർക്കാർ നൽകിയ നിർദേശം. ഇ ടിക്കറ്റിംഗിനോട് എതിർപ്പില്ലെന്നും എന്നാൽ, സർക്കാർ നിശ്ചയിച്ച സോഫ്ട്വെയർ അംഗീകരിക്കാനാകില്ലെന്നും ഫെഡറേഷൻ നിലപാടു ശക്‌തമാക്കി. ഇതേ തുടർന്നാണ് ഉത്തരവ് ജൂലൈ ഒന്നു വരെ നടപ്പാക്കേണ്ടന്നു സർക്കാർ തീരുമാനിച്ചത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു. മന്ത്രി മുനീറിനെക്കുറിച്ച് നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളിൽ ഖേദിക്കുന്നതായും പ്രസ്താവനകൾ പിൻവലിക്കുന്നതായും ലിബർട്ടി ബഷീർ പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.