തമ്പുരാന്റെ തട്ടകത്തിലെ തട്ടും മുട്ടും
തമ്പുരാന്റെ തട്ടകത്തിലെ തട്ടും മുട്ടും
Saturday, April 30, 2016 2:07 PM IST
<ആ>പി.എ. പദ്മകുമാർ

കൊട്ടാരക്കര: കഥകളിക്കു ജന്മം നൽകിയ കൊട്ടാരക്കര തമ്പുരാന്റെ മണ്ണിൽ തെരഞ്ഞെടുപ്പു മാമാങ്കത്തിന് അരങ്ങൊരുങ്ങി. വോട്ടുവിളക്കിനു മുന്നിൽ ആടിത്തിമിർക്കുന്ന ഇവരിലാരെ ജനം സ്വീകരിക്കുമെന്നതു പ്രവചനാതീതം.

കേരളത്തിലെ കോൺഗ്രസിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറെ മഹാനായ മന്നത്തിന്റെ ശക്‌തമായ പിന്തുണയുണ്ടായിരുന്നിട്ടും തോൽപ്പിച്ചുവിട്ട ചരിത്രമാണു കൊട്ടാരക്കരയ്ക്കുള്ളത്. കേരള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സ്‌ഥാപകനേതാവായ ആർ. ബാലകൃഷ്ണപിള്ളയെ തുടർച്ചയായി വരിച്ച ഈ മണ്ഡലം മൂന്നു തവണ അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ഇ. ചന്ദ്രശേഖരൻ നായരും കൊട്ടറ ഗോപാലകൃഷ്ണനും ഏറ്റവുമൊടുവിൽ ഇപ്പോഴത്തെ എംഎൽഎ ഐഷാപോറ്റിയുമാണു പിള്ളയെ പരാജയപ്പെടുത്തിയത്. 2006ൽ ഐഷാ പോറ്റിയോടു പരാജയപ്പെട്ടശേഷം ആർ. ബാലകൃഷ്ണപിള്ളയ്ക്കു കൊട്ടാരക്കരയിൽ മത്സരിക്കാൻ കഴിഞ്ഞിട്ടില്ല. വിധിവൈപരീത്യമെന്നു പറയട്ടെ ഇക്കുറി ഐഷാ പോറ്റിയെ വിജയിപ്പിക്കുന്നതിനു ചുക്കാൻ പിടിക്കാനുള്ള നിയോഗവും അദ്ദേഹത്തിനുണ്ടായി.

ഐഷാ പോറ്റി 2006ൽ കന്നിയങ്കത്തിനിറങ്ങുമ്പോഴുള്ള മണ്ഡലമല്ല 2011ൽ അവർ വീണ്ടും മത്സരിച്ചു ജയിക്കുമ്പോൾ ഉണ്ടായിരുന്നത്. പുനഃസംഘടനയോടെ ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം തന്നെ മാറി. ഇതുവഴി ഇവരുടെ ഭൂരിപക്ഷം മുൻകാലത്തേക്കാൾ ഇരട്ടിയോടടുത്തിരുന്നു 2011ൽ. യുഡിഎഫിനു നേട്ടം നൽകിയിരുന്ന വെട്ടിക്കവല, മേലില പഞ്ചായത്തുകൾ ഈ മണ്ഡലത്തിൽനിന്നു വിട്ടുപോയി. എൽഡിഎഫിന് ആധിപത്യമുള്ള വെളിയം, എഴുകോൺ, കരീപ്ര, നെടുവത്തൂർ പഞ്ചായത്തുകൾ കൂട്ടിച്ചേർക്കപ്പെട്ടു. എന്നാൽ, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കൊടിക്കുന്നിൽ സുരേഷിനായിരുന്നു കൊട്ടാരക്കരയിൽ ഭൂരിപക്ഷമെന്നതു മണ്ഡലത്തിന്റെ പ്രവചനാതീത സ്വഭാവം കാണിക്കുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പ്രഥമ കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെയും ഏഴു പഞ്ചായത്തുകളുടെയും ഭരണം ലഭിച്ചത് എൽഡിഎഫിനായിരുന്നു. നെടുവത്തൂരിൽ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം കൈയാളുകയായിരുന്നു. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണവും എൽഡിഎഫിനാണു ലഭിച്ചത്. ഈ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ആർ. ബാലകൃഷ്ണപിള്ളയുടെ മുന്നണിമാറ്റവും ഗുണകരമാകുമെന്ന് അവർ കരുതുന്നു. അഡ്വ.ഐഷാ പോറ്റി കൊട്ടാരക്കരയിലെ വികസന പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് വോട്ടർമാർക്കു മുന്നിലെത്തുന്നത്. 2011ലും വിജയം ആവർത്തിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് രണ്ടുതവണ വിജയിച്ചിട്ടുള്ള ഇവർ രണ്ടു വർഷത്തോളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.


എന്നാൽ, യുഡിഎഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊടിക്കുന്നിലിനുണ്ടായ മുന്നേറ്റം നിലനിർത്താനാണ് അവരുടെ ശ്രമം. യൂത്ത് കോൺഗ്രസ് നേതാവായ അഡ്വ. സവിൻ സത്യനെ തന്നെ കളത്തിലിറക്കിയിരിക്കുന്നതും ആ ലക്ഷ്യത്തോടെയാണ്.

ഏറെ പ്രതീക്ഷയോടെയാണ് അധ്യാപികയായ രാജേശ്വരി രാജേന്ദ്രനെ എൻ ഡിഎ മുന്നണി ഇക്കുറി കളത്തിലിറക്കിയിട്ടുള്ളത്. 2001മുതൽ നടന്ന തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് വർധനയും കഴി ഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മു ന്നേറ്റവുമാണ് അവർക്ക് ആവേശമാകുന്ന ത്. ബിഡിജെഎസിന്റെ സാന്നിധ്യം ഗുണകരമാകുമെന്നും അവർ കണക്കുകൂട്ടുന്നു.

കൊട്ടാരക്കരയിലെ ഈ തെരഞ്ഞെടുപ്പ് ഏറ്റവും നിർണായകമായിട്ടുള്ളത് ആർ. ബാലകൃഷ്ണപിള്ളയ്ക്കാണ്. ഐഷാ പോറ്റിയുടെ വിജയത്തോടൊപ്പം ഭൂരിപ ക്ഷം വർധിപ്പിക്കേണ്ടതും അദ്ദേഹത്തിന്റെ ബാധ്യതയാണ്. എങ്കിൽ മാത്രമേ തന്റെ രാഷ്ട്രീയ നിലപാടിനെ ജനം അംഗീകരിച്ചതായി വ്യാഖ്യാനിക്കപ്പെടൂ. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ഇടതുമുന്നണി പ്രവേശനം പോലും വിഷമകരമാകും.

<ആ>ഐഷാ പോറ്റി(56) എൽഡിഎഫ്

നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഈ 56കാരി അഭിഭാഷക യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണു പൊതുരംഗത്തു വന്നത്. സിപിഎം കൊട്ടാരക്കര ഏരിയാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്‌ഥാന സമിതി അംഗവുമാണ്. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീശങ്കരത്തിൽ റിട്ട. കൊമേഴ്സ്യൽ ടാക്സ് ഓഫീസർ ശങ്കരൻ പോറ്റിയാണ് ഭർത്താവ്.

<ആ>സവിൻ സത്യൻ(36) യുഡിഎഫ്

യൂത്ത് കോൺഗ്രസ് സം സ്‌ഥാന സെക്രട്ടറിയാണ് യുഡിഎഫ് സ്‌ഥാനാർഥി. എഴുകോൺ ഉഷസിൽ കോൺഗ്രസ് നേതാവ് സത്യശീലന്റെയും വിമലാമണിയുടെയും മകനാണ് ഈ 36കാരൻ. കഴിഞ്ഞ തവണ എഴുകോൺ ഗ്രാമപഞ്ചായത്തംഗമായിരുന്നു ഈ നിയമബിരുദധാരി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.വിമലാ സവിനാണ് ഭാര്യ.

<ആ>രാജേശ്വരി രാജേന്ദ്രൻ(52) എൻഡിഎ

വെളിയം വിടിഎം ഹൈസ്കൂളിലെ അധ്യാപികയും ബിജെപിയുടെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാണ് എൻഡിഎ സ്‌ഥാനാർഥി. മുൻ കമ്യൂണിസ്റ്റുകാരിയായ ഇവർ ആ പാർട്ടിയിലായിരിക്കെ ജില്ലാ പഞ്ചായത്തംഗമായിരുന്നു. 2015ലാണ് ഇവർ ബിജെപിയിൽ ചേർന്നത്. വെളിയം രാജേശ്വരി ഭവനിൽ പരേതനായ രാജേന്ദ്രൻ പിള്ളയാണ് ഭർത്താവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.