പലിശരഹിത കാർഷിക വായ്പയും പാഠ്യപദ്ധതി പരിഷ്കരണവുമായി എൻഡിഎ വികസനരേഖ
പലിശരഹിത കാർഷിക വായ്പയും പാഠ്യപദ്ധതി പരിഷ്കരണവുമായി എൻഡിഎ വികസനരേഖ
Saturday, April 30, 2016 1:54 PM IST
തിരുവനന്തപുരം: രണ്ടാം ഭൂപരിഷ്കരണവും പലിശരഹിത കാർഷിക വായ്പയും കാർഷിക ബജറ്റും പാഠ്യപരിഷ്കരണവും ശ്രീനാരായണഗുരു പാർപ്പിട പദ്ധതിയുമായി എൻഡിഎ വികസനരേഖ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പ്രകാശനംചെയ്തു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കും. ആദ്യപടിയായി ബിവറേജസ് ഔട്ട് ലെറ്റുവഴി ലഭ്യമാകുന്ന മദ്യത്തിന്റെ അളവ് 250 മില്ലിയായി കുറയ്ക്കും.ഭൂരഹിതർക്കായി പഞ്ചായത്തിൽ 20 സെന്റും മുനിസിപ്പാലിറ്റിയിൽ 10 സെന്റും കോർപ്പറേഷനുകളിൽ അഞ്ചു സെന്റും ഭൂമി നൽകും.

കർഷകർക്കു മൂന്നു ലക്ഷം രൂപവരെ പലിശ രഹിതവായ്പ നൽകും. സമഗ്ര വിള ഇൻഷ്വറൻസ് പദ്ധതി, കുട്ടനാട്ടിലും പാ ലക്കാട്ടും റൈസ് പാർക്കുകൾ, തൃശൂർ പൊക്കാളി പാടങ്ങൾക്കായി പ്രത്യേക പദ്ധതി, നാളീകേര മൂല്യവർധിത പദ്ധതികൾക്കായി 25 നാളികേര പാർക്കുകൾ, വിലത്തകർച്ച ഒഴിവാക്കാൻ ആയിരം കോടി രൂപയുടെ വിലസ്‌ഥിരതാ ഫണ്ട്, ഒന്നര ലക്ഷം ഹെക്ടറിൽ ജൈവ പച്ചക്കറി കൃഷി, ആയിരം ക്ഷീരഗ്രാമങ്ങൾ, തീരദേശ മേഖലയ്ക്ക് ആയിരം കോടിയുടെ പാക്കേജ്, ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾക്കായി 10,000 കോടിയുടെ പാക്കേജ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മന്നം സ്കോളർഷിപ്പ്, സ്ത്രീസുരക്ഷയ്ക്കായി പദ്ധതികൾ, പാഠ്യപദ്ധതി പൂർണമായി പരിഷ്കരിക്കും. യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.

എൻജിനിയറിംഗ് കോളജുകളുടെ നിലവാരം ഉയർത്തും. അധ്യാപക സർവകലാശാല, സാംസ്കാരിക സർവകലാശാല, ആയുർവേദ സർവകലാശാല എന്നിവ സ്‌ഥാപിക്കും. കൊങ്കൺ മാതൃകയിൽ അതിവേഗ റെയിൽപ്പാ ത സ്‌ഥാപിക്കും.

എപിഎൽ വിഭാഗത്തിന് അഞ്ചു രൂപ നിരക്കിൽ അരി നൽകും. നദീതട അഥോറിറ്റി രൂപീകരിക്കും. അഞ്ചു കോടി മരങ്ങൾ വച്ചുപിടിപ്പിക്കും. ക്ഷേത്ര പുനരുദ്ധാരണത്തിനായി പദ്ധതി നടപ്പാക്കും. പ്രധാന ക്ഷേത്രങ്ങളിൽ വേദപഠനം ഏർപ്പെടുത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.


മാറ്റത്തിനായി കേരളം കേഴുന്നതായി അധ്യക്ഷത വഹിച്ച ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു.

കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ബിഡിജെഎസ് സംസ്‌ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, ജെഎസ്എസ് ജനറൽ സെക്രട്ടറി രാജൻ ബാബു, മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ, ബിജെപി തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ വി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.കെ. കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.

<ആ>എൻഡിഎ കേരള ഘടകം നിലവിൽ വന്നു, മുന്നണിയിൽ 11 പാർട്ടികൾ

തിരുവനന്തപുരം: എൻഡിഎ കേരള ഘടകത്തിൽ 11 പാർട്ടികൾ. താജ് വിവാന്ത ഹോട്ടലിൽ നടന്ന ചടങ്ങിൽ ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭയും ഇന്നലെ മുന്നണിയിൽ അംഗമായി. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി എൻഡിഎ കേരള ഘടകം നിലവിൽ വന്നതായി പ്രഖ്യാപിച്ചു.

പാർട്ടിയെ പ്രതിനിധീകരിച്ചു വർക്കിംഗ് ചെയർമാൻ ഇ.പി. കുമാരദാസ് യോഗത്തിൽ പങ്കെടുത്തു. എൻഡിഎയിൽ എസ്എൻഡിയുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസ്, കേരള കോൺഗ്രസ് –പി.സി. തോമസ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ്, ലോക് ജനശക്‌തി പാർട്ടി, ഗണകസഭ, എൻഡിപി–എസ്, ജെഎസ്എസ് (രാജൻബാബു), സോഷ്യലിസ്റ്റ് ജനതാദൾ, കേരള വികാസ് കോൺഗ്രസ് എന്നീ പാർട്ടികളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.