മുഖപ്രസംഗം: ’നീറ്റ്‘ നല്ലത്,’നീറ്റാ‘യി നടത്തിയാൽ
Friday, April 29, 2016 1:35 PM IST
മെഡിക്കൽ ബിരുദ പ്രവേശനത്തിനു ദേശീയതലത്തിൽ പ്രവേശനപരീക്ഷ ഏകീകരിക്കാനുള്ള തീരുമാനം പരക്കേ സ്വാഗതം ചെയ്യപ്പെടുന്നുവെങ്കിലും അത് ഈ വർഷം തന്നെ നടപ്പാക്കണമെന്നതു ധൃതിപിടിച്ചൊരു തീരുമാനമായോ എന്നു സന്ദേഹമുണ്ട്. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കു രാജ്യത്തിനു മൊത്തത്തിൽ ഒരു പരീക്ഷ മതിയെന്ന ആശയത്തിനു വർഷങ്ങൾ പഴക്കമുണ്ട്. ഈ വിഷയം കോടതിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. രാജ്യവ്യാപകമായി ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷ നടത്തുന്നതിനു മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്നു 2013 ജൂലൈയിൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധി അസ്‌ഥിരപ്പെടുത്തിയതിനെത്തുർന്നാണ് ഏകീകൃത പരീക്ഷയ്ക്കു വഴി തെളിഞ്ഞത്. ഇതോടെ രാജ്യത്തെ 412 മെഡിക്കൽ കോളജുകളിലായുള്ള 52,715 സീറ്റുകളിലേക്ക് ഏകീകൃത പരീക്ഷ യാഥാർഥ്യമാവുകയാണ്. രാജ്യത്തിന്റെ ഏതു ഭാഗത്തുമുള്ള സമർഥരായ വിദ്യാർഥികൾക്കു മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അവസരം കൂടുതൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ ഗുണഫലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മേയ് ഒന്നിനു നടക്കുന്ന പ്രീ–മെഡിക്കൽ അഖിലേന്ത്യാ പരീക്ഷയ്ക്കു പുറമേ ജൂലൈ 24നുകൂടി ഒരു പരീക്ഷ നടത്തി പ്രവേശനനടപടികൾ പൂർത്തിയാക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.

നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്(നീറ്റ്) സംബന്ധിച്ച വിജ്‌ഞാപനം 2010 ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എംസിഐ) പുറപ്പെടുവിച്ചിരുന്നു. ഇതാണു 2013ൽ സുപ്രീംകോടതി റദ്ദാക്കിയത്. എന്നാൽ ഈ വിധി തിടുക്കത്തിലുള്ളതായിരുന്നെന്നും അതിനാൽ അതു റദ്ദാക്കുകയാണെന്നും ജസ്റ്റീസ് അനിൽ ദവെയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ഏപ്രിൽ 11ന് പ്രസ്താവിച്ചു. മെഡിക്കൽ പ്രവേശനത്തിൽ നടമാടുന്ന അഴിമതി അവസാനിപ്പിക്കുകയാണു പൊതുപരീക്ഷയുടെ ലക്ഷ്യമെന്നും അന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഏകീകൃത പരീക്ഷയ്ക്കെതിരേ ഇനിയും ചില ഹർജികൾ നിലവിലുണ്ട്. കേരളത്തിൽ പ്രവേശന പരീക്ഷ പൂർത്തിയായ സാഹചര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണു സംസ്‌ഥാന സർക്കാർ.

ഏകീകൃത പ്രവേശനപരീക്ഷയുടെ ഉദ്ദേശ്യശുദ്ധിയെയും അതിലൂടെ മെഡിക്കൽ പഠനത്തിനുണ്ടാകുന്ന ഗുണപരമായ മാറ്റത്തെയും സംബന്ധിച്ചു പൊതുവേ ഏകാഭിപ്രായമാണെങ്കിലും ഇതിന്റെ മറുവശവും കണക്കിലെടുക്കേണ്ടതുണ്ട്. തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങൾ ഏകീകൃത പരീക്ഷയെ ചോദ്യംചെയ്തു കോടതിയെ സമീപിച്ചിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു സ്വകാര്യ മെഡിക്കൽ കോളജുകളുടെ പങ്കു വലുതാണ്. കാര്യക്ഷമതയും മികവുമേറിയ മെഡിക്കൽ കോളജുകൾ നടത്തുന്ന പ്രവേശനപരീക്ഷകൾ പിഴവില്ലാത്തവയാണ്. പല സംസ്‌ഥാനങ്ങളിലെയും പ്രവേശനപരീക്ഷകളും അങ്ങനെതന്നെ. കേരളത്തിലെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾ കഴിഞ്ഞ കുറെ വർഷങ്ങളായി വലിയ പരാതികളില്ലാതെയാണു നടന്നുവരുന്നത്. ദേശീയതലത്തിൽ ഏകീകൃത പരീക്ഷ നടത്തുന്നതു ഗുണമേന്മ ഉറപ്പാക്കുമെന്നു പറയുന്നുണ്ടെങ്കിലും സിബിഎസ്ഇ നടത്തിയിട്ടുള്ള പല പരീക്ഷകളും കുറ്റമറ്റതല്ലായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. സിബിഎസ്ഇ കഴിഞ്ഞ വർഷം നടത്തിയ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ, ഉത്തരസൂചിക ചോർന്നതിനെത്തുടർന്നു റദ്ദാക്കുകയും പുനഃപരീക്ഷ നടത്തുകയും ചെയ്തല്ലോ. സിബിഎസ്ഇയുടെ കാര്യക്ഷമതയെക്കുറിച്ചു കോടതി നല്ല അഭിപ്രായം പറയുമ്പോഴും ഇത്തരം അനുഭവങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്.


നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുട്ടികളുടെ നിലവാരം തമ്മിലുള്ള അന്തരം, വ്യത്യസ്ത സിലബസുകൾ പിന്തുടരുന്നവരുടെ പ്രശ്നങ്ങൾ, പിന്നോക്ക പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ സാഹചര്യം ഇവയൊന്നും ഏകീകൃത പരീക്ഷയിൽ പരിഗണിക്കപ്പെടുന്നേയില്ല. ഗ്രാമീണരും പാവപ്പെട്ടവരും ആനുകൂല്യങ്ങളില്ലാത്തവരും പ്രതികൂല സാഹചര്യങ്ങളിൽനിന്നുള്ളവരുമായ കുട്ടികൾ കൂടുതൽ പിന്നോക്കം തള്ളപ്പെടുന്ന അവസ്‌ഥയുണ്ടാകുമെന്നതാണ് ഇതുകൊണ്ടുള്ള പ്രശ്നം. ഇപ്പോൾ സംസ്‌ഥാനങ്ങളിൽ പ്രവേശനപരീക്ഷയ്ക്കു വിവിധ സ്‌ഥാപനങ്ങൾ നൽകിവരുന്ന പരിശീലനത്തിലും മാറ്റം ആവശ്യമാകും.

കേരളത്തിലെ മെഡിക്കൽ പ്രവേശനപരീക്ഷ എംബിബിഎസ്, ഡെന്റൽ കോഴ്സുകൾക്കു പുറമേ ആയുർവേദ, ഹോമിയോ, അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫിഷറീസ് തുടങ്ങി എട്ടു കോഴ്സുകൾക്കുകൂടി മാനദണ്ഡമാക്കുന്നുണ്ട്. ഒരു ലക്ഷത്തിലേറെ വിദ്യാർഥികളാണു സംസ്‌ഥാനത്ത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രവേശന പരീക്ഷയെഴുതിയത്. ഏറെ പണവും സമയവും ഊർജവും വിനിയോഗിച്ചു പരിശീലനവും പരീക്ഷയെഴുത്തും നടത്തിയതു വെറുതെയായിപ്പോകുമല്ലോ എന്ന വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ആശങ്ക അവഗണിക്കാവുന്നതല്ല.

ഈ വർഷം ഇതിനോടകം കേരളത്തിലെ അനേകം വിദ്യാർഥികൾ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിന് ഒന്നിലേറെ പരീക്ഷകൾ എഴുതിക്കഴിഞ്ഞു. കർണാടകത്തിലെ പൊതുപ്രവേശന പരീക്ഷയായ കോമഡ്–കെ കേരളത്തിൽനിന്നുള്ള നിരവധി വിദ്യാർഥികൾ എഴുതുന്നുണ്ട്. ഇതു കൂടാതെ സെന്റ് ജോൺസ്, ഫാദർ മുള്ളേഴ്സ്, അമൃത തുടങ്ങി പ്രശസ്തമായ പല മെഡിക്കൽ കോളജുകളും ഡീംഡ് യൂണിവേഴ്സിറ്റികളും തങ്ങളുടേതായ പരീക്ഷകൾ നടത്തുന്നു.

സ്വകാര്യ മാനേജ്മെന്റുകൾ പലതും ഏകീകൃത ദേശീയ പരീക്ഷയെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌ഥാപനങ്ങൾക്ക് അവയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ പോകുമോ എന്ന ആശങ്കയുണ്ട്. സംവരണ സംരക്ഷണം സംബന്ധിച്ചും സംശയങ്ങളുണ്ട്. ഭരണഘടന ന്യൂനപക്ഷങ്ങൾക്കും പിന്നോക്കക്കാർക്കും നൽകുന്ന വിദ്യാഭ്യാസാവകാശം സംരക്ഷിച്ചുകൊണ്ടുവേണം ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.