നീറ്റ് എഴുതിയാലും ആശങ്ക ബാക്കി
Friday, April 29, 2016 1:35 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് പ്രവേശനം ആഗ്രഹിക്കുന്നവർ നാഷണൽ എൻട്രൻസ് കം എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) എഴുതണമെന്നു സുപ്രീംകോടതി വിധിയോടെ വ്യക്‌തമായി.

സംസ്‌ഥാന പ്രവേശന പരീക്ഷയ്ക്കൊപ്പം ഓൾ ഇന്ത്യ പ്രീ– മെഡിക്കൽ എൻട്രൻസ് (എഐപിഎംടി) പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്കു നാളെ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാം.

എഐപിഎംടിക്ക് അപേക്ഷിക്കാതെ സംസ്‌ഥാന എൻട്രൻസ് കമ്മീഷണർ നടത്തിയ പ്രവേശന പരീക്ഷ മാത്രം എഴുതിയവർക്കു നീറ്റ് പരീക്ഷയ്ക്കായി വീണ്ടും അപേക്ഷിക്കാൻ അവസരം കിട്ടും.

വീണ്ടും അപേക്ഷിക്കുന്നവർക്ക് ജൂലൈ 24നു പരീക്ഷ നടത്തും. രണ്ടു പ്രവേശനപരീക്ഷകളുടെയും ഫലം ഓഗസ്റ്റ് 17നു പ്രസിദ്ധീകരിക്കും. എന്നാൽ, എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള മറ്റു കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർ നീറ്റ് പരീക്ഷ എഴുതേണ്ടതില്ല.

ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ തുടങ്ങി ബിഎസ്സി നഴ്സിംഗ് വരെയുള്ള കോഴ്സുകളിൽ പ്രവേശനം തേടുന്നവർക്കു സംസ്‌ഥാന പ്രവേശന കമ്മീഷണർ നടത്തിയ പ്രവേശന പരീക്ഷ മതിയാകും. ഈ റാങ്ക് ലിസ്റ്റിൽ നിന്നാണ് ഇവർക്കുള്ള പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.

അതായത്, എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾ ഒഴികെയുള്ളവയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് പരീക്ഷ എഴുതേണ്ടിവരില്ലെന്നു സാരം.

എംബിബിഎസ്, ബിഡിഎസ് പ്രവേശനം നീറ്റ് വഴി ഈ വർഷം തന്നെ നടപ്പാക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചതോടെയാണ് വിദ്യാർഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തിലായത്. സിബിഎസ്ഇ തലത്തിൽ നടത്തുന്ന നീറ്റ് പ്രവേശനപരീക്ഷയിൽ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് എത്രത്തോളം ശോഭിക്കാൻ കഴിയുമെന്നതും ആശങ്കയ്ക്ക് ഇട നൽകുന്നതായി വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പറയുന്നു.

കാരണം സംസ്‌ഥാന പ്രവേശന പരീക്ഷയെ അപേക്ഷിച്ച് ഈ പരീക്ഷയുടെ അക്കാദമിക് നിലവാരം ഏറെ ഉയർന്നതാകുമെന്നാണു പൊതുവേ പറയപ്പെടുന്നത്.


എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ മാത്രം അഡ്മിഷൻ മതി എന്നു താത്പര്യമുള്ള കുട്ടികൾക്കും പുതിയ നടപടിക്രമം ആശങ്ക നൽകും. നീറ്റിന്റെ ഇപ്പോഴത്തെ പരീക്ഷാ ഷെഡ്യൂൾ പ്രകാരം എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികൾ പൂർത്തിയാകാൻ സെപ്റ്റംബർ വരെയെങ്കിലുമാകുമെന്നാണു കരുതുന്നത്. ഇതു മാത്രം പ്രതീക്ഷിച്ചിരിക്കുന്നവർക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനം ലഭിക്കാതെ വന്നാൽ മറ്റു കോഴ്സുകളിലും പ്രവേശിക്കാൻ കഴിയാതെ വരും. കാരണം ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്‌ഥാന പ്രവേശന കമ്മീഷണർ നടത്തിയ മറ്റു കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഇതിനു മുൻപു പൂർത്തിയാകും.

അതിനാൽ ആദ്യം ലഭിക്കുന്ന കോഴ്സുകളിൽ ചേർന്ന ശേഷം പിന്നീടു ലഭിക്കുന്ന കോഴ്സുകളിലേക്കുള്ള മാറ്റം മാത്രമാകും ഇപ്പോഴത്തെ സാഹചര്യത്തിൽ അഭികാമ്യമെന്നാണു വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അപ്പോൾ അനുബന്ധ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ടാകും.അല്ലെങ്കിൽ വെറ്ററിനറി, അഗ്രിക്കൾച്ചർ തുടങ്ങിയ മറ്റു കോഴ്സുകളുടെ പ്രവേശനം നീട്ടിവയ്ക്കണം.

സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധിയിൽ പുനഃപരിശോധന ഹർജി സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തീരുമാനിക്കാൻ നിയമ സെക്രട്ടറിയോടും എജിയോടും സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, നീറ്റ് നടപടി ക്രമങ്ങളെ സുപ്രീംകോടതി ശരിവച്ച സാഹചര്യത്തിൽ ഇനി നിയമപരമായ സാധ്യത എത്രത്തോളമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു എന്നാണു നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ മുന്നൊരുക്കമായി നിയമ സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും കൂടിക്കാഴ്ച നടത്തും. നിയമവശങ്ങൾ പൂർണമായി വിശകലനം ചെയ്ത ശേഷമാകും ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.