ചീഫ് സെക്രട്ടറിയായി എസ്.എം. വിജയാനന്ദ് ഇന്നു ചുമതലയേൽക്കും
ചീഫ് സെക്രട്ടറിയായി എസ്.എം. വിജയാനന്ദ് ഇന്നു ചുമതലയേൽക്കും
Friday, April 29, 2016 1:35 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ 41–ാമത് ചീഫ് സെക്രട്ടറിയായി എസ്.എം. വിജയാനന്ദ് ഇന്നു വൈകുന്നേരം ചുമതലയേൽക്കും. പി.കെ. മൊഹന്തി ഇന്നു വിരമിക്കുന്ന ഒഴിവിലാണ് വിജയാനന്ദ് ചുമതലയേൽക്കുന്നത്.

വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടു ജനങ്ങൾക്കു മികച്ച സേവനം ലഭ്യമാക്കാനാകും തന്റെ പ്രഥമ പരിഗണനയെന്നു നിയുക്‌ത ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ദീപികയോടു പറഞ്ഞു. അധികാര വികേന്ദ്രീകരണം കേരളത്തിൽ പൂർണ തോതിൽ നടപ്പാക്കുന്നതിനുള്ള ശ്രമം തുടരും. സർക്കാർ സർവീസിലെ അഴിമതി തടയുന്നതിനുള്ള നിരന്തര പരിശ്രമമുണ്ടാകുമെന്നും വിജയാനന്ദ് പറഞ്ഞു.

1981 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്‌ഥനായ എസ്.എം. വിജയാനന്ദിന് 2017 മാർച്ച് 31 വരെ ചീഫ് സെക്രട്ടറി സ്‌ഥാനത്തു തുടരാനാകും. രണ്ടു വർഷം ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസർ, അട്ടപ്പാടി പ്രോജക്ട് ഓഫീസർ, കൊല്ലം ജില്ലാ കളക്ടർ, സംസ്‌ഥാന ലേബർ കമ്മീഷണർ, ഐഎംജി ഡയറക്ടർ, കില അധ്യക്ഷൻ, കുടുംബശ്രീ ഉപാധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. സംസ്‌ഥാനത്തു ജനകീയാസൂത്രണത്തിനും അധികാര വികേന്ദ്രീകരണത്തിനും തുടക്കമിട്ടതു വിജയാനന്ദ് തദ്ദേശ സെക്രട്ടറിയായിരുന്നപ്പോഴാണ്. 11 വർഷം തദ്ദേശ വകുപ്പു സെക്രട്ടറി സ്‌ഥാനത്തു തുടർന്നു. നഗരവികസന വകുപ്പിലടക്കം സംസ്‌ഥാനത്തെ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിൽ 15 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പഞ്ചായത്തീരാജ് സെക്രട്ടറിയായി തുടരവേയാണു സംസ്‌ഥാന ചീഫ് സെക്രട്ടറിയായി നിയമിതനായത്.


തിരുവനന്തപുരം സ്വദേശിയായ വിജയാനന്ദ്, എസ്എസ്എൽസി പരീക്ഷയിൽ രണ്ടാം റാങ്കും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഒന്നാം റാങ്കും നേടി. അട്ടപ്പാടിയിൽ ജനപങ്കാളിത്തത്തോടെയുള്ള ആദിവാസിക്ഷേമം സംബന്ധിച്ച പ്രബന്ധത്തിന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് എംഫിലും നേടിയിട്ടുണ്ട്.

ജിജി തോംസൺ വിരമിച്ച ഒഴിവിൽ കഴിഞ്ഞ ഫെബ്രുവരി 29നു ചുമതലയേറ്റ പി.കെ. മൊഹന്തി രണ്ടു മാസമാണു ചീഫ് സെക്രട്ടറി പദവിയിൽ ഇരുന്നത്. മൊഹന്തിയെ നിയമിച്ചപ്പോൾ തന്നെ മേയ് 31 മുതൽ എസ്.എം. വിജയാനന്ദിനെ സംസ്‌ഥാന ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.