വിവരാവകാശം: വിജിലൻസ് ടി ബ്രാഞ്ചിനെ ഒഴിവാക്കിയതിനു സ്റ്റേ
Friday, April 29, 2016 1:26 PM IST
കൊച്ചി: മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്‌ഥർക്കും മറ്റുമെതിരായ അഴിമതിക്കേസുകൾ അന്വേഷിക്കുന്ന വിജിലൻസിന്റെ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് കേരള സ്റ്റേറ്റ് കമ്മിറ്റി നൽകിയ ഹർജിയിൽ ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ, ജസ്റ്റീസ് സുനിൽ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല വിധി.

മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർക്കെതിരായ അഴിമതിക്കേസുകൾ അന്വേഷിക്കുന്ന വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ വിഭാഗത്തിലെ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കി കഴിഞ്ഞ ജനുവരി 27നാണ് സർക്കാർ വിജ്‌ഞാപനം ഇറക്കിയത്. ഈ നടപടി വിവരാവകാശ നിയമത്തിനു വിരുദ്ധമാണെന്നു പരക്കെ ആക്ഷേപം ഉയർന്നിരുന്നു. സുരക്ഷ സംബന്ധിച്ച വിവരങ്ങളും ഇന്റലിജൻസ് വിഷയങ്ങളുമാണു വിവരാവകാശ നിയമപ്രകാരം കൈമാറാൻ തടസമുള്ളത്. വിജിലൻസിന്റെ ടി ബ്രാഞ്ചിനെ സുരക്ഷാ ഇന്റലിജൻസ് ഏജൻസിയായി അംഗീകരിച്ചാൽ പോലും അഴിമതിക്കേസുകളുടെയും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെയും വിവരങ്ങൾ ഈ നിയമപ്രകാരം കൈമാറിയേ പറ്റൂ. ആ നിലയ്ക്കു വിജിലൻസ് ടി ബ്രാഞ്ചിനു സർക്കാർ വിജ്‌ഞാപനം ബാധകമാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. ഹർജി ഹൈക്കോടതി പിന്നീടു വിശദമായി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.