ഹൃദയങ്ങൾ കീഴടക്കി ദയാബായി ഭരണങ്ങാനത്ത്
ഹൃദയങ്ങൾ കീഴടക്കി ദയാബായി ഭരണങ്ങാനത്ത്
Friday, April 29, 2016 1:18 PM IST
പാലാ: മറ്റുള്ളവരുടെ ദുഃഖങ്ങളോട് സഹതപിക്കുന്നവർ മാത്രമാകാതെ അവരെ സഹായിക്കുന്നവർകൂടി ആകാൻ നമുക്കു കഴിയണമെന്ന് സാമൂഹ്യപ്രവർത്തക ദയാബായി. കെസിവൈഎം പാലാ രൂപത വനിതാ പ്രതിനിധി സമ്മേളനം ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ദയാബായി.

സമ്മേളനത്തിന് ഒരു മണിക്കൂർ മുമ്പ് കെഎസ്ആർടിസി ബസിൽ വന്നിറങ്ങി, ചെരുപ്പുധരിക്കാതെ വേദിയിൽ കയറി ദയാബായി മാതൃകയായി. പെൺകുട്ടികളോടൊത്ത് ഗെയിം നടത്തിയും പാട്ടുപാടിയും അനുഭവങ്ങൾ പങ്കുവച്ചും അവരുടെ ഹൃദയം കവർന്നു. വിചിത്രമായ വേഷവിധാനത്തോടെ ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ “ഇത്രയും വേണ്ടിയിരുന്നോ’? എന്നു പപ്പാ ചോദിച്ചപ്പോൾ കുരിശുരൂപം ചൂണ്ടിക്കാണിച്ച് “അത്രയും വേണ്ടിയിരുന്നോ’? എന്നു മറുചോദ്യം ചോദിച്ചു പപ്പയെ ചിന്തിപ്പിച്ച ചരിത്രവും അവർ പങ്കുവച്ചു. ദരിദ്രനോട് ഒന്നാകുക എന്നതാണ് യഥാർഥ വെല്ലുവിളിയെന്ന് ദയാബായി പറഞ്ഞു. ക്രിസ്തുവിൽ ദൈവത്വവും മനുഷ്യത്വവും ഉണ്ടായിരുന്നു. മനുഷ്യനായ യേശുവിനെക്കുറിച്ചു ചിന്തിച്ചാലെ വിപ്ലവകരമായ നിലപാടുകൾ സ്വീകരിക്കാൻ നമുക്കു കഴിയൂ. ബ്രിട്ടീഷുകാർ നമ്മെ ചൂഷണം ചെയ്തു എന്നു നാം വിലപിക്കുന്നു. സ്വാതന്ത്രത്തിനുശേഷവും നാം ചൂഷണം പ്രോത്സാഹിപ്പിക്കുന്നു. കോർപറേറ്റുകളാണ് ഇന്നു നമ്മെ ചൂഷണം ചെയ്യുന്നത്. നമ്മുടെ കൃഷി സമ്പ്രദായങ്ങൾ നാം തിരിച്ചുകൊണ്ടുവരണമെന്നും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും അവർ പറഞ്ഞു.


പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സുവിശേഷവും ഭരണഘടനയും ആയുധങ്ങളായി സൂക്ഷിക്കുന്ന സ്ത്രീയാണ് ദയാബായിയെന്നും അവർക്ക് നിയമത്തെ മനുഷ്യനുവേണ്ടി വ്യാഖ്യാനിക്കാൻ ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലാ രൂപത കെസിവൈഎമ്മിന്റെ ഉപഹാരം മാർ ജോസഫ് കല്ലറങ്ങാട്ട് ദയാബായിക്കു നൽകി. പോൾവോൾട്ട് താരം മരിയ ജയ്സനെ ചടങ്ങിൽ അനുമോദിച്ചു. നിഷാ ജോസ് സ്ത്രീകളും സാമൂഹിക പ്രതിബന്ധതയും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

രൂപത വൈസ് പ്രസിഡന്റ് അഞ്ജു ട്രീസാ അധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ഫെറോന പള്ളി വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, ഫാ.ജേക്കബ് താന്നിക്കപ്പാറ, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസ്, എബി ജെ. ജോസ്, സിസ്റ്റർ ആഗ്നറ്റ് എന്നിവർ പ്രസംഗിച്ചു. ഭരണങ്ങാനം തീർഥാടന കേന്ദ്രത്തിൽ റെക്ടർ ഫാ. ബർക്കുമാൻസ് കുന്നപുറം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. കെസിവൈഎം രൂപത ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി, പ്രസിഡന്റ് ജിനു മുട്ടപ്പള്ളിൽ. നീതു കെ. ജോസ്, അഞ്ജന സന്തോഷ്, ആൻമരിയ എന്നിവർ പ്രസംഗിച്ചു. അനിൽ ജോൺ, ജോൺസ് ജോസ്, അമൽ ജോർജ്, സിജി കുര്യൻ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.