പതിനേഴു വർഷത്തെ അജ്‌ഞാതവാസത്തിനൊടുവിൽ മുരളീധരൻ വീട്ടിലേക്കു മടങ്ങി
Friday, April 29, 2016 1:11 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: പതിനേഴുവർഷം മുമ്പ് ആന്ധ്രപ്രദേശിൽനിന്നു കാണാതായ പാലക്കാട് സ്വദേശിയെ എറണാകുളത്തു നാടകീയമായ സംഭവങ്ങൾക്കൊടുവിൽ കണ്ടെത്തി. വീട്ടുകാരും നാട്ടുകാരും മരിച്ചെന്നു കരുതിയിരിക്കെയാണ് പാലക്കാട് പട്ടാമ്പി താമരശേരി പുത്തൻവീട്ടിൽ മുരളീധരനെ(38) കൊച്ചിയിൽ തികച്ചും ആകസ്മികമായി കണ്ടെത്തിയത്.

ഒന്നരക്കൊല്ലത്തോളം ആന്ധ്രയിൽ ജോലിചെയ്ത മുരളീധരൻ 1999ൽ അവിടെനിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. എറണാകുളം നോർത്ത് എസ്ഐ എസ്. സനലിന്റെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങളാണ് മുരളീധരനെ കണ്ടെത്തുന്നതിനു വഴിവച്ചത്. കൊച്ചി നഗരത്തിൽ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ടു മുരളീധരനെ കഴിഞ്ഞ ഫെബ്രുവരി 22ന് എസ്ഐ സനൽ കസ്റ്റഡിയിലെടുത്ത് പെറ്റി കേസ് ചുമത്തി. അന്നു മുരളീധരൻ സ്വന്തം മേൽവിലാസം പോലീസിനു നൽകിയതാണ് വഴിത്തിരിവായത്.

പിഴ സമയത്ത് ഒടുക്കിയില്ല എന്നതിനാൽ കോടതിയിൽനിന്നുള്ള സമൻസ് പട്ടാമ്പിയിലെ വീട്ടിൽ ലഭിച്ചതോടെയാണ് മുരളീധരൻ ജീവനോടെ ഉണ്ടെന്ന് ബന്ധുക്കൾ മനസിലാക്കിയത്. അവർ പോലീസുമായി ബന്ധപ്പെട്ടു. ആന്ധ്രയിൽനിന്ന് അപ്രത്യക്ഷനായ മുരളീധരൻ തന്നെയാണിതെന്നു പോലീസ് അന്വേഷണത്തിൽ ഉറപ്പുവരുത്തി. ആന്ധ്ര സർവകലാശാലയിൽ പ്യൂൺ ആയി ജോലി ചെയ്തിരുന്ന മുരളീധരനെ 1999ലാണ് കാണാതാവുന്നത്. പിതാവ് രാമചന്ദ്രൻ നമ്പ്യാർ വിആർഎസ് എടുത്തതിനെത്തുടർന്നാണ് മുരളീധരനു ജോലി കിട്ടുന്നത്. കർക്കശ സ്വഭാവക്കാരനായ അച്ഛനുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് മുരളീധരന്റെ നാടുവിടൽ. ആന്ധ്രയിൽനിന്നു കൊച്ചിയിൽ എത്തി 17 വർഷങ്ങളായി മുരളീധരൻ പല ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പതു വർഷമായി എറണാകുളം എസ്ആർഎം റോഡിലെ ഒരു ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ ബന്ധുക്കൾ എത്തി മുരളീധരനെ ഉച്ചയോടെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വാർധക്യ സഹജമായ ബുദ്ധിമുട്ടുള്ളതിനാൽ അച്ഛൻ രാമചന്ദ്രൻ നമ്പ്യാരും അമ്മ അംബുജാക്ഷിയും മകനെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയിരുന്നില്ല.


മുരളീധരന്റെ അമ്മാവന്റെ മകൻ മണികണ്ഠനും ബന്ധുവായ കൃഷ്ണനുണ്ണി നമ്പ്യാരുമാണ് ആ ദൗത്യം ഏറ്റെടുത്തത്. മുരളീധരനെ കാണാതായതിനെത്തുടർന്ന് ആന്ധ്ര പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വർഷങ്ങളായി ബന്ധുക്കൾ നടത്തിയ അന്വേഷണങ്ങളും വിഫലമായി. വർഷങ്ങൾക്കു മുമ്പ് പെട്ടെന്നുണ്ടായ വിഷമത്തെത്തുടർന്ന് ജോലി ഉപേക്ഷിച്ചു വീട്ടിലേക്കു തിരിച്ചുപോകാൻ ഭയമായിരുന്നു എന്നതാണ് ഇത്രയും കാലത്തെ അജ്‌ഞാതവാസത്തിനു കാരണമെന്നു മുരളീധരൻ പറയുന്നു. വീട്ടിൽ തിരിച്ചെത്തി പ്രായമായ അച്ഛനും അമ്മയ്ക്കും താങ്ങായി നിൽക്കാനാണു മുരളീധരന്റെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.