ഏകീകൃത മെഡിക്കൽ എൻട്രൻസ് പരീക്ഷ : ആശങ്ക വിട്ടൊഴിയാതെ രക്ഷിതാക്കളും വിദ്യാർഥികളും
Friday, April 29, 2016 1:02 PM IST
<ആ>ബിജു കുര്യൻ

പത്തനംതിട്ട: ഏകീകൃത പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിൽ രാജ്യത്തെ മെഡിക്കൽ കോളജുകളിൽ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ ഈ വർഷം പ്രവേശനം നൽകാനുള്ള സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്ക നീങ്ങിയില്ല. വിവിധ സംസ്‌ഥാനങ്ങളുടെയും മെഡിക്കൽ കോളജുകളുടെയും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ അയയ്ക്കുകയും ഫീസ് അടയ്ക്കുകയും ചെയ്ത വിദ്യാർഥികൾക്കാണു പുതിയ തീരുമാനം വിലങ്ങുതടിയായത്. കേരളമടക്കം സംസ്‌ഥാനങ്ങളിൽ പൂർത്തിയായ പരീക്ഷകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതോടൊപ്പം കല്പിത സർവകലാശാലകളിലും മറ്റുമായി കുട്ടികൾ എഴുതിയ പരീക്ഷകളും റദ്ദാക്കപ്പെട്ട നിലയിലാണ്. 1,16,9000 വിദ്യാർഥികളാണ് സംസ്‌ഥാനത്ത് പ്രവേശന പരീക്ഷയെഴുതിയത്.

നാളെയും ജൂലൈ 24നുമായി പരീക്ഷകൾ നടത്താനുള്ള തീരുമാനം സുപ്രീംകോടതി അംഗീകരിച്ചതോടെ 2013ൽ നടന്ന നീറ്റ് മാതൃക പ്രവേശനം ഇത്തവണയുമുണ്ടാകുമെന്ന് ഉറപ്പായി. നാളെ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്കാണ് ജൂലൈ 24നു പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. രണ്ടര മാസത്തിനുശേഷം നടക്കുന്ന ഒരു പരീക്ഷയും നാളെ നടക്കുന്ന പരീക്ഷയും അടിസ്‌ഥാനമാക്കി ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലെ പോരായ്മകളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നേരത്തേ തന്നെ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച കുട്ടികളാണ് നാളത്തെ പരീക്ഷയിൽ പങ്കെടുക്കുന്നത്. പുതുതായുള്ള അപേക്ഷകർക്കാണ് രണ്ടരമാസത്തിനുശേഷം പരീക്ഷ വരുന്നത്. രണ്ടുംകൂടി ഒരു ഫലപ്രഖ്യാപനവും റാങ്ക്ലിസ്റ്റുമാണ് പുറത്തുവരാനിരിക്കുന്നത്.

രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങൾക്കൊപ്പം നിരവധി മെഡിക്കൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, മാനേജ്മെന്റ് അസോസിയേഷനുകൾ എന്നിവ വിജ്‌ഞാപനം ചെയ്തിരിക്കുന്ന പ്രവേശന പരീക്ഷകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇവയ്ക്കുള്ള അപേക്ഷ കുട്ടികൾ നൽകിക്കഴിഞ്ഞതാണ്. 1000 മുതൽ 4000 രൂപവരെയാണ് ഓരോ പരീക്ഷയ്ക്കും കുട്ടികൾ ഫീസടച്ചിരിക്കുന്നത്. സംസ്‌ഥാന മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് 1000 രൂപയായിരുന്നു ജനറൽ വിഭാഗത്തിലെ ഫീസ്. ഫീസ് കൂടാതെ അപേക്ഷ തയാറാക്കി അയയ്ക്കുന്നതിൽ കുട്ടികൾക്ക് ചെലവുകളുമേറെയുണ്ടായതാണ്. ആയിരക്കണക്കിനു കുട്ടികളാണ് ഓരോ പ്രവേശന പരീക്ഷയ്ക്കും അപേക്ഷ അയച്ചിരിക്കുന്നത്. ഇതിൽ മേയ് എട്ടിനു നടക്കേണ്ട കൊമേഡ്ക് (കർണാടക), 15നു നടക്കേണ്ട അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, 21 നു നടക്കേണ്ട വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്, 22നു നടക്കേണ്ട ബംഗളൂരു സെന്റ് ജോൺസ് കോളജ്, 29നു നടക്കേണ്ട ഓൾ ഇന്ത്യ മെഡിക്കൽ സയൻസ്, ജൂൺ അഞ്ചിനു നടക്കേണ്ട ജിപ്മെർ തുടങ്ങിയ പരീക്ഷകൾക്കാണ് കേരളത്തിൽ കുട്ടികൾ പ്രധാനമായും അപേക്ഷ നൽകിയിരിക്കുന്നത്.


പരീക്ഷാ കേന്ദ്രങ്ങൾ നിശ്ചയിച്ച് കുട്ടികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ നൽകിവരുന്നതിനിടെയാണ് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ പരീക്ഷാനടപടികൾ സ്‌ഥാപനങ്ങൾക്കു തുടരാനുമാകില്ല. കുട്ടികളിൽ നിന്നു ഫീസ് വാങ്ങിയിട്ടുള്ളതിനാൽ പരീക്ഷ നടത്താതിരുന്നാൽ ഇതു മടക്കി നൽകേണ്ടിവരും. പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ച സ്‌ഥാപനങ്ങൾക്ക് ഇതിനുള്ള ചെലവ് മുൻകൂട്ടി നടത്തിപ്പുകാർ നൽകിയതാണ്. പലതും ഓൺലൈൻ പരീക്ഷകളുമാണ്. മേൽനോട്ട ചുമതലയ്ക്കുള്ളവരെ നിശ്ചയിച്ചവരുമുണ്ട്. ഇത്തരത്തിലുള്ള നടപടിക്രമങ്ങൾ നടത്തിയ സ്‌ഥിതിക്കു കുട്ടികളുടെ ഫീസ് മടക്കി നൽകാനുമാകാത്ത സ്‌ഥിതിയിലാണ് സ്‌ഥാപനങ്ങൾ.

രാജ്യത്ത് എല്ലാ വർഷവും ഡിസംബറിൽ അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ വിജ്‌ഞാപനം പുറത്തുവരുന്നതിനു പിന്നാലെ ഇതര പ്രവേശന പരീക്ഷകളുടെയും നടപടികളാരംഭിക്കും.

മാർച്ച് മാസത്തോടെ മിക്ക പ്രവേശന പരീക്ഷകളുടെയും അപേക്ഷ സമർപ്പണം പൂർത്തീകരിക്കും. മേയ്, ജൂൺ മാസങ്ങളിലായാണ് മിക്ക പ്രവേശന പരീക്ഷകളും നടക്കുന്നത്. ഇതിനെല്ലാമിടയിലാണ് കോടതി വിധിയുണ്ടായി രിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.