ശിരോവസ്ത്രം: വിദ്യാർഥികൾ ഒരു മണിക്കൂർ മുമ്പ് ഹാജരാകണം
Friday, April 29, 2016 1:02 PM IST
കൊച്ചി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കു ശിരോവസ്ത്രം ധരിക്കുന്ന വിദ്യാർഥികൾ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഹാജരാകണമെന്ന സിബിഎസ്ഇയുടെ സർക്കുലറിന്റെ അടിസ്‌ഥാനത്തിൽ ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. സിബിഎസ്ഇ നൽകിയ അപ്പീൽ പരിഗണിച്ച ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ, ജസ്റ്റീസ് സുനിൽ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണു തീരുമാനം.

ഇന്നലെ ഹർജി പരിഗണിക്കവെ ശിരോവസ്ത്രം ധരിക്കുന്ന വിദ്യാർഥികൾ ഒരു മണിക്കൂർ മുമ്പ് എത്തണമെന്നു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നു സിബിഎസ്ഇയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതു രേഖപ്പെടുത്തിയ കോടതി മാധ്യമങ്ങളിൽ വാർത്ത നൽകണമെന്നും വിദ്യാർഥികൾക്കു ബുദ്ധിമുട്ടുണ്ടാകരുതെന്നും നിർദേശിച്ചു.

മെഡിക്കൽ പ്രവേശന പരീക്ഷയിൽ കോപ്പിയടി തടയാനായി ഡ്രെസ് കോഡ് നിശ്ചയിച്ച സിബിഎസ്ഇയുടെ നടപടിക്കെതിരേ തൃശൂർ പാവറട്ടി സ്വദേശിനി അംന ബിന്ദ് ബഷീർ നൽകിയ ഹർജിയിൽ പരീക്ഷ എഴുതാൻ ശിരോവസ്ത്രം ധരിച്ചെത്തുന്ന പെൺകുട്ടികളെ തടയരുതെന്നു സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. മുൻകരുതൽ എന്ന നിലയ്ക്കാണു സിബിഎസ്ഇ ഡ്രെസ് കോഡ് നിശ്ചയിച്ചതെന്നു വിലയിരുത്തിയ കോടതി, സ്കാർഫ്, ശിരോവസ്ത്രം, നീളൻ കൈയുള്ള വസ്ത്രങ്ങൾ തുടങ്ങിയവ ധരിച്ചെത്തുന്ന വിദ്യാർഥികളെ ഇൻവിജിലേറ്റർ പരിശോധനയ്ക്കു വിധേയരാക്കിയ ശേഷം പരീക്ഷ എഴുതാൻ അനുവദിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി വനിത ഇൻവിജിലേറ്റർമാരെ നിയമിക്കണമെന്നും ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്ന കുട്ടികൾ പരീക്ഷയ്ക്കു നിശ്ചയിച്ചിട്ടുള്ള സമയത്തിന് അര മണിക്കൂർ മുമ്പ് ഹാളിലെത്തി പരിശോധനയ്ക്കു വിധേയരാകണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഓരോ സെന്ററിലേക്കും പരിശോധനയ്ക്കായി കൂടുതൽ വനിത ഇൻവിജിലേറ്റർമാരെ നിയോഗിക്കുന്നതു പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണു സിബിഎസ്ഇ അപ്പീൽ നൽകിയത്. വൈകിയ വേളയിൽ കൂടുതൽ വനിത ഇൻവിജിലേറ്റർമാരെ കണ്ടെത്തി പരിശീലനം നൽകി നിയോഗിക്കാനാവില്ലെന്നും അപ്പീലിൽ പറഞ്ഞിരുന്നു.


ഇന്നലെ അപ്പീൽ പരിഗണിക്കവെ വിദ്യാർഥികൾ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് ഹാജരാകണമെന്നു സിബിഎസ്ഇയുടെ സർക്കുലറിന്റെ അടിസ്‌ഥാനത്തിൽ അപ്പീൽ തീർപ്പാക്കുകയായിരുന്നു. പരിശോധനയ്ക്കു കൂടുതൽ സമയം ലഭ്യമാക്കാനാണ് ഒരു മണിക്കൂർ മുമ്പ് വിദ്യാർഥികൾ എത്തണമെന്നു നിർദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.