മുഖപ്രസംഗം: കള്ളവോട്ട് തടയാൻ കർശന നടപടി വേണം
Thursday, April 28, 2016 1:50 PM IST
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ ചില ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാൻ സഹായിച്ചതിന് ഏതാനും പോളിംഗ് ഉദ്യോഗസ്‌ഥർ അറസ്റ്റിലായ സംഭവം അത്യന്തം ഗൗരവമേറിയതാണ്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന്റെ അന്തഃസത്ത തകർക്കാൻ കൂട്ടുനിന്നതിനു പതിനൊന്നു പോളിംഗ് ഉദ്യോഗസ്‌ഥരാണ് അറസ്റ്റിലായത്. കള്ളവോട്ട് എന്നതു നമ്മുടെ രാജ്യത്ത് അസാധാരണമൊന്നുമല്ലെങ്കിലും കള്ളവോട്ടിനു കൂട്ടുനിന്നതിന്റെ പേരിൽ പോളിംഗ് ഉദ്യോഗസ്‌ഥർ അറസ്റ്റിലാവുകയെന്നത് അസാധാരണംതന്നെ. തെരഞ്ഞെടുപ്പു ജോലിയിൽ മനഃപൂർവം വീഴ്ച വരുത്തിയതിനും കള്ളവോട്ട് ചെയ്യാൻ സഹായിച്ചതിനുമാണു ജനപ്രാതിനിധ്യ നിയമമനുസരിച്ച് ഉദ്യോഗസ്‌ഥർക്കെതിരേ കേസെടുത്തിരിക്കുന്നത്. കള്ളവോട്ട് ചെയ്തുവെന്നു വ്യക്‌തമായിരിക്കേ കള്ളവോട്ട് ചെയ്തവരും നിയമത്തിന്റെ മുന്നിൽ വരേണ്ടതുണ്ട്.

അധ്യാപകരും സർക്കാർ ജീവനക്കാരുമാണു പോളിംഗ് ഉദ്യോഗസ്‌ഥരായി നിയോഗിക്കപ്പെടാറുള്ളത്. ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യുകയും ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുകയും ചെയ്യുന്ന ഇവർ കള്ളവോട്ടിനു വഴിയൊരുക്കിക്കൊടുക്കുന്നതു സമൂഹത്തോടും ജനാധിപത്യത്തോടും ചെയ്യുന്ന കടുത്ത അപരാധമാണ്. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കൊള്ളക്കാരും മാഫിയത്തലവന്മാരും അറിയപ്പെടുന്ന കുറ്റവാളികളുമൊക്കെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ കൈയൂക്കു പ്രയോഗിക്കാറുണ്ട്. ബൂത്ത് പിടിത്തവും കള്ളവോട്ടുമൊക്കെ ചില പ്രദേശങ്ങളിൽ പതിവാണ്. എന്നാൽ, കേരളം പോലെ സമ്പൂർണ സാക്ഷരതയും ഉന്നത ജനാധിപത്യബോധവുമുള്ള ഒരു സംസ്‌ഥാനത്തു വോട്ടവകാശം അട്ടിമറിക്കപ്പെടുന്നത് അപമാനകരവും വളരെ ആശങ്കാജനകവുമാണ്.

ചില രാഷ്ട്രീയ പാർട്ടികളും പ്രസ്‌ഥാനങ്ങളും ചില പ്രദേശങ്ങളെ തങ്ങളുടെ സ്വാധീനത്തിൽ അമർത്തി നിർത്താറുണ്ട്. അവിടെ എതിർ കക്ഷികളെ അടിച്ചമർത്തി ജനവിധി തങ്ങൾക്ക് അനുകൂലമാക്കുന്നതിന് അവർ ശ്രമിക്കുന്നു. ചില ബൂത്തുകളിൽ ഇവർക്കെതിരായ രാഷ്ട്രീയ കക്ഷികളുടെ ബൂത്ത് ഏജന്റുമാർപോലും ഉണ്ടാവില്ല. ഭയംതന്നെ കാരണം. ഭീഷണിപ്പെടുത്തിയും നായ്ക്കുരണപ്പൊടി പ്രയോഗിച്ചും മറ്റും എതിർകക്ഷികളുടെ ബൂത്ത് ഏജന്റുമാരെ ഒഴിവാക്കുന്നതു കഴിഞ്ഞ തെരഞ്ഞെടുപ്പിലും നാം കാണുകയുണ്ടായി.

പോളിംഗ് ഉദ്യോഗസ്‌ഥർക്കും രാഷ്ട്രീയമുണ്ടാവും. എന്നാൽ, തങ്ങളുടെ രാഷ്ട്രീയചായ്വ് അവർ പോളിംഗ് ബൂത്തിൽ കാണിക്കാൻ പാടില്ല. വോട്ടർമാർക്കു സമ്മതിദാനാവകാശം ഭയരഹിതമായും സ്വതന്ത്രമായും വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണു പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്‌ഥരുടെ ധർമം. ബൂത്തിലെ ജോലിയിൽ അവർ തികച്ചും നിഷ്പക്ഷരായിരിക്കണം. എന്നാൽ, ഈ നിബന്ധനകളൊന്നും തങ്ങൾക്കു ബാധകമല്ലെന്ന വിധത്തിലാണു ചില ഉദ്യോഗസ്‌ഥരുടെ പ്രവൃത്തികൾ. തങ്ങളുടെ രാഷ്ട്രീയം ബൂത്തിനുള്ളിലും കൊണ്ടുവരാൻ അവർക്ക് ഉളുപ്പില്ല. എന്നാൽ, ഭയംമൂലം കള്ളവോട്ടുകാർക്കു കൂട്ടുനിൽക്കേണ്ടിവരുന്ന ഉദ്യോഗസ്‌ഥരുമുണ്ട്. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിനു വഴങ്ങാത്തവരുടെ ജീവൻപോലും അപകടത്തിലാവുന്ന സാഹചര്യവും ചിലയിടങ്ങളിലുണ്ട്.


തളിപ്പറമ്പ്, ഏരുവേശി എന്നിവിടങ്ങളിലായി മൂന്നു കള്ളവോട്ട് കേസുകളിലാണിപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. കണ്ണൂർ ഏരുവേശി പഞ്ചായത്തിലെ ഒരു ബൂത്തിൽ സ്‌ഥലത്തില്ലാതിരുന്നവരും കിടപ്പുരോഗികളുമായ 59 പേരുടെ വോട്ടുകൾ വ്യാജമായി ചെയ്യാൻ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ സഹായിച്ചുവെന്നതാണ് ഈ ബൂത്തിലെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്‌ഥരുടെ പേരിലുള്ള കുറ്റം. ഗൾഫ് രാജ്യങ്ങളിലും കേരളത്തിനു പുറത്തും സ്‌ഥിരതാമസമാക്കിയവരുടെ പേരിലും വോട്ട് ചെയ്തിട്ടുണ്ട്. അവരുടെ വീടുകളിൽ പോലീസ് നേരിട്ടെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഇതു ബോധ്യപ്പെട്ടത്.

ഏരുവേശി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. പാർട്ടി ഗ്രാമങ്ങളും മറ്റും നിലനിൽക്കുന്നിടത്ത് ഇത്തരം പരാതികളുമായി കോടതിയെ സമീപിക്കാൻ പോലും പലർക്കും ധൈര്യമുണ്ടാവില്ല. കള്ളവോട്ടിംഗ് നടക്കാതിരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ശക്‌തമായ നടപടികൾ സ്വീകരിച്ചിട്ടും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും കേരളത്തിൽ ഇത്തരത്തിൽ കള്ളവോട്ട് നടന്നുവെന്നത് ഉത്കണ്ഠാജനകമാണ്.

ഭീഷണിപ്പെടുത്തിയും പോളിംഗ് ഉദ്യോഗസ്‌ഥരുടെ രാഷ്ട്രീയ ചായ്വു മുതലെടുത്തും തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ തടഞ്ഞേ തീരൂ. പാർലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കുന്ന രാഷ്ട്രീയ പ്രസ്‌ഥാനങ്ങളാണു തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ നിർത്തുന്നത്. അവർ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പ്രവൃത്തികൾക്കു തുനിയരുത്. ഉദ്യോഗസ്‌ഥർ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾ പോളിംഗ് ബൂത്തിൽ കയറ്റുമ്പോഴും ജനാധിപത്യ ധ്വംസനമാണു നടക്കുന്നത്.

രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്ന ചിന്തയിൽ കുത്സിത പ്രവൃത്തികളിൽ ഏർപ്പെടുകയോ അവയ്ക്കു കൂട്ടുനിൽക്കുകയോ ചെയ്യുന്ന ഉദ്യോഗസ്‌ഥരുണ്ട്. കേന്ദ്രസേനയും ശക്‌തമായ തെരഞ്ഞെടുപ്പു നിരീക്ഷണവുമൊക്കെയുണ്ടായിട്ടും കള്ളവോട്ട് നടക്കുന്നെങ്കിൽ അതിന്റെ പിന്നിലുള്ളതു ചില പ്രദേശങ്ങളിലെ രാഷ്ട്രീയ ഏകാധിപത്യമാണ്. ജനാധിപത്യം പ്രസംഗിക്കുകയും ജനാധിപത്യത്തിന്റെ അവകാശങ്ങളെല്ലാം അനുഭവിക്കുകയും ചെയ്യുന്നവരിൽ ചിലർ ഏകാധിപത്യത്തിന്റെ നൃശംസതകൾ സ്വീകരിക്കാൻ മടിക്കുന്നില്ലെന്നാണു കാണുന്നത്. കള്ളവോട്ടിനെതിരേ കോടതി ഇടപെടൽ ഉണ്ടായപ്പോഴാണു പോളിംഗ് ഉദ്യോഗസ്‌ഥർ അറസ്റ്റിലായത്. കള്ളവോട്ട് ചെയ്ത പാർട്ടി പ്രവർത്തകരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ശക്‌തമായ നടപടികൾ ഉണ്ടാകുമെന്നുവന്നാൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കു തടയിടാനാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.