പച്ചപ്പ് വീണ്ടെടുക്കാൻ കൂട്ടായ പരിശ്രമം വേണം: മമ്മൂട്ടി
പച്ചപ്പ് വീണ്ടെടുക്കാൻ കൂട്ടായ പരിശ്രമം വേണം: മമ്മൂട്ടി
Thursday, April 28, 2016 1:45 PM IST
കൊച്ചി: കേരളത്തിന്റെ പച്ചപ്പ് വീണ്ടെടുക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നു നടൻ മമ്മൂട്ടി. ഇന്നലെ എറണാകുളം പനമ്പിള്ളി നഗർ അവന്യൂ സെൻട്രൽ ഹോട്ടലിൽ വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ജലസ്രോതസുകൾ സംരക്ഷിക്കാനും ഹരിത ഭംഗി നിലനിർത്താനും ഭാവി മുന്നിൽകണ്ടു പ്രവർത്തിക്കണം. യുവതലമുറയെ അതിനു പ്രേരിപ്പിക്കണം. കേരളത്തിലുള്ള അത്രയും ജലസ്രോതസുകൾ വേറെ സംസ്‌ഥാനങ്ങളിലില്ല. കുറച്ചു ദിവസമായി കടുത്ത വെയിലത്താണു ഷൂട്ടിംഗ് നടക്കുന്നത്. സഹിക്കാൻ പറ്റാത്ത ഉഷ്ണംകൊണ്ടു ജനം കഷ്‌ടപ്പെടുന്നു. പലപ്പോഴും രാവിലെ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പകൽ ജോലിക്കു പോകുന്നുവരുടെ പ്രയാസം കാണാൻ കഴിഞ്ഞു. സഹിക്കാൻ പറ്റാത്ത ചൂടു കാരണം പലരും ഇന്നു ജോലിക്കു പോകുന്നില്ല. അങ്ങനെയുള്ളവരുടെ പ്രയാസമാണ് ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങാൻ പ്രേരിപ്പിച്ചത്. ഇപ്പോഴത്തെ ചൂട് വരൾച്ചയുടെ മുന്നറിയിപ്പാണ്. പ്രകൃതി മനുഷ്യനു നേരെ തിരയുന്നതുകൊണ്ടാണു ചൂട് വർധിക്കുന്നത്. ജലസംഭരണി വീടുകളിൽ നിർമിക്കാൻ വ്യക്‌തികൾ തയാറാകണം. ഇപ്പോൾ നടപ്പാക്കാൻ ഉദേശിക്കുന്നത് പൊതുസ്‌ഥലങ്ങളിൽ വെള്ളം ആവശ്യമുള്ളവർക്കു ലഭ്യമാക്കാനുള്ള പദ്ധതി, ബസ് കാത്തു നിൽക്കുന്നവർക്കു തണൽ ഒരുക്കുക, പൊതുസ്‌ഥലങ്ങളിൽ ചൂടിൽനിന്നു രക്ഷ നേടാൻ വേണ്ടി ടെന്റ് വലിച്ചു കെട്ടുക തുടങ്ങിയവയാണ്. ഫോൺ വഴി ബന്ധപ്പെട്ടാൽ ആവശ്യക്കാർക്കു ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള പദ്ധതിയും പരിഗണയിലുണ്ട്. ഇതിന്റെ പേരിൽ യാതൊരു പണപ്പിരിവും നടത്തുകയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.



നിങ്ങളുടെ വെള്ളം നിങ്ങൾ സ്വന്തമാക്കുക (ഓൺ യുവർ വാട്ടർ)എന്ന കാമ്പയിൻ ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു. അഞ്ചു കൊല്ലംകൊണ്ട് എറണാകുളത്തെ എല്ലാ ജലസ്രോതസുകളിലും കുടിക്കാൻ ഉപയോഗിക്കാവുന്ന വിധം വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതികൾ നടപ്പാക്കും. പൊതുയിടങ്ങളിലും വ്യാപാര സ്‌ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കാനുള്ള കിയോസ്ക് സ്‌ഥാപിക്കുക, ട്രാഫിക് സിഗ്നലുകളിലും ബസ് സ്റ്റോപ്പുകളിലും ഷെഡുകൾ പണിയുക, വീടുകളിൽ മുറ്റത്തു വഴിയാത്രക്കാർക്കായി കൂജയിൽ വെള്ളംവയ്ക്കുക തുടങ്ങിയവ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജലം ശുചീകരിക്കാനുള്ള 25 റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകൾ എറണാകുളം ജില്ലയിൽ സ്‌ഥാപിക്കാനുള്ള എല്ലാ സഹായവും നൽകാമെന്നു വേൾഡ് മലയാളി കൗൺസിൽ ഭാരവാഹി അലക്സ് വിളനിലം അറിയിച്ചു.

എറണാകുളം എൻഎൻഎസ് കരയോഗം ആവശ്യകാർക്കു ഭക്ഷണവും വെള്ളവും നൽകാനുള്ള സന്നദ്ധത അറിയിച്ചു. മട്ടാഞ്ചേരിയിൽ കുടിവെള്ളം ഇല്ലാതെ കഷ്‌ടപ്പെടുന്നവർക്കു കുടിവെള്ളമെത്തിക്കാനും ടാങ്കർ ലോറികളിൽ ആവശ്യമുള്ളവർക്ക് വെള്ളമെത്തിക്കുക തുടങ്ങിയവ ഉടൻ നടപ്പാക്കാനും യോഗം തീരുമാനിച്ചു.

കോളജ് മാഗസിൻ പ്രകാശനത്തിനുള്ള പണം വരൾച്ച മൂലം കഷ്‌ടപ്പെടുന്നവർക്കു നൽകാമെന്നു കെഎംഎ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ അറിയിച്ചു. കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ കെ.ആർ. വിശ്വംഭരൻ, ജസ്റ്റീസ് സി.എൻ രാമചന്ദ്രൻ നായർ തുടങ്ങിയവരും യോഗത്തിൽ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.