ഇടതുമുന്നണി വികസനവിരുദ്ധർ; യുഡിഎഫ് വീണ്ടും ജയിക്കും: കെ.എം. മാണി
ഇടതുമുന്നണി വികസനവിരുദ്ധർ; യുഡിഎഫ് വീണ്ടും ജയിക്കും: കെ.എം. മാണി
Thursday, April 28, 2016 1:08 PM IST
കോട്ടയം: ഭരണം ലഭിച്ചാൽ മാത്രമല്ല, ഭരണം നഷ്ടമായാലും യുഡിഎഫിലെ മുഴുവൻ കക്ഷികളും ഉത്തരവാദികളാണെന്നു കേരള കോൺഗ്രസ്–എം ചെയർമാൻ കെ.എം. മാണി. പരാജയപ്പെട്ടാൽ ഉത്തരവാദിത്വം കോൺഗ്രസിലെ മൂന്നു നേതാക്കൾക്കു മാത്രമല്ലെന്നും കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു മാണി പറഞ്ഞു.

യുഡിഎഫ് ഭരണത്തിൽ വരും. എൽഡിഎഫ് വരുമെന്നുള്ളത് അവർക്കായുള്ള ഇവന്റ് മാനേജ്മെന്റിന്റെ സൃഷ്ടിയാണ്. വികസനപ്രവർത്തനങ്ങളിൽ യുഡിഎഫ് സർക്കാർ രാജ്യത്തിനുതന്നെ മാതൃകയാണ്. ജനക്ഷേമത്തിനും കർഷക ക്ഷേമത്തിനുമായി ഇത്രയും തുക ചെലവഴിച്ച മറ്റൊരു സർക്കാർ ഇല്ല. ക്ഷേമപ്രവർത്തനങ്ങൾക്ക് 34 ലക്ഷം പേർക്കായി 3016 കോടി രൂപ വിതരണം ചെയ്തു. എൽഡിഎഫ് അധികാരത്തിൽ നിന്നിറങ്ങുമ്പോൾ 587 കോടിയായിരുന്നു ലോട്ടറിയിൽ നിന്നുളള വരുമാനമെങ്കിൽ ഇപ്പോൾ വരുമാനം 6500 കോടി രൂപയായി. കാരുണ്യ ലോട്ടറി വരുമാനത്തിൽനിന്നും 1.5 ലക്ഷം പേർക്ക് 1500 കോടി രൂപ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സമ്മാനിച്ചു.

റബർ വിലയിടിവിൽ ആശ്വാസമായി ഉത്തേജകപദ്ധതിയിലൂടെ കിലോയ്ക്ക് 150 രൂപ ഉറപ്പാക്കി. പ്രതിപക്ഷത്തിനു വികസന അജൻഡയില്ല. എല്ലാക്കാലവും എൽഡിഎഫ് വികസനത്തിനെതിരാണ്. കംപ്യൂട്ടർവത്കരണം, അതിവേഗ ഇടനാഴി, ലാപ്ടോപ്, ട്രാക്ടർ, ട്രില്ലർ തുടങ്ങിയവയ്ക്കെതിരേ മാത്രമല്ല ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിനെതിരേയും സമരം നടത്തിയവരാണ് എൽഡിഎഫുകാർ. നടപ്പാക്കിയ നല്ലകാര്യങ്ങളെ അംഗീകരിച്ചും പിന്തുണച്ചും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ ഇടതുമുന്നണി ഒരുക്കമല്ല.

താരതമ്യ പഠനം നടത്തിയാൽ യുഡിഎഫിന് എ പ്ലസ് ഗ്രേഡ് ലഭിക്കും. വിമർശനങ്ങൾ ഉൾക്കൊള്ളുകയും ജനഹിതം അനുസരിച്ചു പെരുമാറുകയും ചെയ്ത സർക്കാരാണു യുഡിഎഫിന്റേത്. ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താൻ സർക്കാർ സന്നദ്ധമായിരുന്നു. ബാർ കോഴ ആരോപണം കാലഹരണപ്പെട്ട വിഷയമാണ്. അതു ഫ്രീസറിലായിക്കഴിഞ്ഞു. ബാർ വിഷയത്തിൽ താൻ കോഴ വാങ്ങിയെന്നതിനു തെളിവൊന്നുമില്ല. സർക്കാരിനെ മറിച്ചിട്ടാൽ പൂട്ടിയ 418 ബാറുകളും തുറന്നു നൽകാമെന്ന് കോടിയേരി ബാലകൃഷ്ണനും ബിജു രമേശും തമ്മിൽ നടത്തിയ ഫോൺസംഭാഷണം പുറത്തുവന്നതിൽതന്നെ രാഷ്ട്രീയ ഗൂഢാലോചന വ്യക്‌തമാണ്. ബാർ വിഷയത്തിൽ മാണിയെ രാജിവയ്പ്പിക്കുകയും കെ. ബാബുവിനെ രാജിവയ്പ്പിച്ചശേഷം തിരിച്ചെടുക്കുകയും ചെയ്തിനെപ്പറ്റി ഇപ്പോൾ ഒന്നും പറയുന്നില്ല. താൻ മനസാക്ഷി അനുസരിച്ചു രാജിവച്ചുവെന്നേ ഇക്കാര്യത്തിൽ പറയുന്നുള്ളു. യുഡിഎഫിൽ നമ്പാൻകൊള്ളുന്ന ഏകയാൾ പി. കെ. കുഞ്ഞാലിക്കുട്ടി മാത്രമാണെന്ന് മുമ്പു പറഞ്ഞത് മറ്റുള്ളവരാരും ചതിയന്മാരാണെന്ന അർഥത്തിലല്ലെന്നും മാണി പറഞ്ഞു.


പാലായിൽ നടപ്പാക്കിയ വികസനങ്ങൾക്കുള്ള അംഗീകാരമെന്നോണം അവിടെ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. പാർട്ടിയുടെ സീറ്റുകളായ കുട്ടനാട്ടിലും ഏറ്റുമാനൂരിലും മത്സരിക്കുന്ന റിബൽ സ്‌ഥാനാർഥികളെ പിന്തിരിപ്പിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. അവർ പിൻമാറുമെന്നാണു പ്രതീക്ഷ.

പൂഞ്ഞാറിൽ പി.സി. ജോർജ് മൂന്നാം സ്‌ഥാനത്തിനായി മരണപ്പിടിത്തം നടത്തുകയാണെന്ന് മാണി അഭിപ്രായപ്പെട്ടു. മെത്രാൻകായൽ ഉൾപ്പെടെ സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളൊന്നും ഇലക്ഷനെ ബാധിക്കില്ല. കേരള കോൺഗ്രസ് വിട്ട് അടുത്തയിടെ രൂപീകൃതമായ ജനാധിപത്യ കേരള കോൺഗ്രസിനു പ്രസക്തിയില്ല. ഇടതുമുന്നണിയിൽ വിഎസ്–പിണറായി മത്സരമാണ് നടക്കുന്നതെന്നും മാണി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.