ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ദൈവശാസ്ത്രഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ദൈവശാസ്ത്രഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Thursday, April 28, 2016 11:59 AM IST
തലശേരി: ആധ്യാത്മികജ്‌ഞാനം സമൂഹത്തിലെ ഭിന്നതകളെ അതിജീവിക്കാനും ഐക്യപ്പെടുത്താനും സഹായകമാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. തലശേരി അതിരൂപതയുടെ കീഴിലുള്ള ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈവശാസ്ത്രഗവേഷണകേന്ദ്രം തലശേരി സന്ദേശ് ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.

വിവിധ മതങ്ങളിലും സഭാവിഭാഗങ്ങളിലുംപെട്ടവർ ഒരുമിച്ചു ദൈവശാസ്ത്രം പഠിക്കുന്ന ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് സഭകളുടെ ഐക്യത്തിനും മതസൗഹാർദത്തിനും മാതൃകയാണ്. തലശേരി അതിരൂപതയുടെ ഉന്നത ദൈവശാസ്ത്രപഠനകേന്ദ്രമായി ആരംഭിച്ച ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഏതാനും വർഷങ്ങൾകൊണ്ട് അന്താരാഷ്ട്രതലത്തിലേക്കു വളർന്നതായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലർ കൂടിയായ ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. മധ്യേഷ്യൻ രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി 17 അന്താരാഷ്ട്ര പഠനകേന്ദ്രങ്ങളും കേരളത്തിലും ഇതര സംസ്‌ഥാനങ്ങളിലുമായി 31 പ്രാദേശികപഠനകേന്ദ്രങ്ങളും ഇപ്പോൾ ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്.

ദൈവശാസ്ത്രരംഗത്ത് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാനുള്ള അവസരമാണ് ഗവേഷണകേന്ദ്രത്തിന്റെ സ്‌ഥാപനത്തിലൂടെ സംജാതമായിട്ടുള്ളത്.

കാലിക്കട്ട്, സായിനാഥ് യൂണിവേഴ്സിറ്റികളുടെ അംഗീകാരമുള്ള ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളാണ് ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രമീകരിച്ചിരിക്കുന്നത്.


ഗവേഷണ ആവശ്യത്തിനായി അത്യാധുനിക സൗകര്യങ്ങളുള്ള ദൈവശാസ്ത്രഗ്രന്ഥാലയവും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിട്ടുണ്ട്. വിവിധ പഠനകേന്ദ്രങ്ങളിലായി ആറായിരത്തിൽപ്പരം വിദ്യാർഥികൾ ദൈവശാസ്ത്രപഠനം നടത്തുന്ന ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തെ തന്നെ ഏറ്റവും വിശാലമായ ദൈവശാസ്ത്രപഠന ശൃംഖലയാണെന്ന് ആമുഖ പ്രഭാഷണത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ.ഡോ. ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. വിവിധ ദൈവശാസ്ത്ര വിഷയങ്ങളെ ആധാരമാക്കി ശാലോം ടെലിവിഷനിലൂടെ 800ൽ അധികം എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്യുന്ന തിയോളജിയ എന്ന പ്രോഗ്രാമിലൂടെ പഠിതാക്കൾക്കു സ്വന്തം ഭവനത്തിലിരുന്നുതന്നെ ദൈവശാസ്ത്രപഠനത്തിന് അവസരം ലഭിച്ചതായി സ്വാഗതപ്രസംഗത്തിൽ ഡീൻ ഓഫ് സ്റ്റഡീസ് റവ.ഡോ.തോമസ് കൊച്ചുകരോട്ട് അനുസ്മരിച്ചു.

സമ്മേളനത്തിൽ രജിസ്ട്രാർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ആശംസയർപ്പിച്ചു. റവ.ഡോ.ജോസഫ് കാക്കരമറ്റം നന്ദി പറഞ്ഞു. ആൽഫാ ഗവേഷണഗ്രന്ഥാവലിയിലെ നാലാമത്തെ ഗ്രന്ഥം ഫാ.ഏബ്രഹാം പുതുശേരിക്ക് ആദ്യപ്രതി നൽകി ആർച്ച്ബിഷപ് പ്രകാശനംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.