കൂട്ടിയിടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണ വിദ്യാർഥി ടൂറിസ്റ്റ് ബസ് കയറി മരിച്ചു
Thursday, April 28, 2016 11:59 AM IST
ഏറ്റുമാനൂർ: കൂട്ടിയിടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണ വിദ്യാർഥി ടൂറിസ്റ്റ് ബസ് ശരീരത്തിലൂടെ കയറി മരിച്ചു. ഗാന്ധിനഗർ എസ്എംഇ വിദ്യാർഥി വൈക്കം ഉദയനാപുരം് പുത്തൻകരി സുദേവിന്റെ മകൻ ഹരിശങ്കർ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിന് മെഡിക്കൽ കോളേജ് കസ്തൂർബാ ജംഗ്ഷനിലാണ് അപകടം. ഗാന്ധിനഗർ എസ്എംഇ വിദ്യാർഥികളായ ഹരിശങ്കറും സുഹൃത്ത് കൊല്ലം സ്വദേശി നിവിനും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ എതിരെവന്ന കുടമാളൂർ വേളാശേരി രാഹുൽ ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഹരിശങ്കർ ടൂറിസ്റ്റ് ബസിനടിയിലേക്ക് വീണു. ബസിന്റെ ചക്രം കയറിയിറങ്ങിയ ഹരിശങ്കറിനെയുമായി ബസ് 50 മീറ്ററോളം മുന്നോട്ടു നീങ്ങി. നാട്ടുകാർ ബഹളം വച്ചപ്പോഴാണ് അപകട വിവരം ബസ് ഡ്രൈവർ അറിഞ്ഞത്. ബസ് നിർത്തിയ ശേഷം മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


എന്നാൽ ഹരിശങ്കർ സംഭവസ്‌ഥലത്തുതന്നെ മരിച്ചിരുന്നു. നിവിനും രാഹുലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ടൂറിസ്റ്റ് ബസ് ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.