ടോംസ് അന്തരിച്ചു
ടോംസ് അന്തരിച്ചു
Wednesday, April 27, 2016 2:01 PM IST
കോട്ടയം: ബോബനും മോളിയും കാർട്ടൂൺ പരമ്പരയിലൂടെ അര നൂറ്റാണ്ടിലേറെക്കാലം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ കാർട്ടൂണിസ്റ്റ് ടോംസ് (87) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്നു കോട്ടയത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടോംസ് ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അന്ത്യം. സംസ്കാരം പിന്നീട്.

കുട്ടനാട് അത്തിക്കളം വാടയ്ക്കൽ തോപ്പിൽ വി.ടി. കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനാണ് ടോംസ് എന്ന വി.ടി.തോമസ്. പഠനത്തിനുശേഷം സൈന്യത്തിൽ 10 വർഷം സേവനമനുഷ്ഠിച്ചു. 30–ാം വയസിലാണ് കാർട്ടൂൺ വരയിലേക്കു തിരിഞ്ഞത്. സത്യദീപത്തിലാണ് ബോബനും മോളിയും കാർട്ടൂൺ വരച്ചു തുടങ്ങിയത്. പിന്നീട് മലയാള മനോരമയി ലും തുടർന്ന് കലാകൗമുദിയിലും വരച്ചു.

കേസില്ലാ വക്കീൽ പോത്തൻ, അമ്മ മറിയാമ്മ, അപ്പി ഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടൻ, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണൻ തുടങ്ങിയ കഥാപാത്രങ്ങളും ടോംസിന്റേതായി പുറത്തുവന്നു. കേരളത്തിലെ മധ്യവർഗ കുടുംബങ്ങളിലെ ജീവിതത്തെ ഹാസ്യാത്മകമായി അവതരിപ്പിച്ച് ഇദ്ദേഹം ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പിച്ചു.

പിൽക്കാലത്ത് കോട്ടയത്ത് ടോംസ് കോമിക്സ് എന്ന പ്രസിദ്ധീകരണ സ്‌ഥാപനം തുടങ്ങി.
കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കെ.ജെ. ഈപ്പന്റെ മകൾ തെരീസാക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. മക്കൾ: ബോബൻ, ബോസ് (മാനേജിംഗ് പാർട്നേഴ്സ്, ടോംസ് കോമിസ്ക്, കോട്ടയം), ഡോ. പീറ്റർ (യുകെ), മോളി പോൾ നെയ്യാരപ്പള്ളി (ചേർത്തല), റാണി ടോജോ കുളത്തൂർ (കണ്ണൂർ), ഡോ.പ്രിൻസി ബിജു റോസ് വില്ല (മുംബൈ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.