എസ്എസ്എൽസി വിജയം 96.59 ശതമാനം
എസ്എസ്എൽസി വിജയം 96.59 ശതമാനം
Wednesday, April 27, 2016 2:01 PM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ 96.59 ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയ 4,73,803 വിദ്യാർഥികളിൽ 4,57,654 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 22,879 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 49,081 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു. 1,207 സ്കൂളുകളിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി.

കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ രണ്ടു ശതമാനത്തോളം കുറവുണ്ടായി. കഴിഞ്ഞ തവണ 98.57 ശതമാനമായിരുന്നു വിജയം. ഇത്തവണ മോഡറേഷൻ നൽകിയിട്ടില്ല. 99.04 % വിദ്യാർഥികൾ വിജയിച്ച പത്തനംതിട്ടയാണു വിജയശതമാനത്തിൽ മുന്നിലുള്ള ജില്ല. 92.3 ശതമാനവുമായി വയനാടാണു പിന്നിൽ. ആലപ്പുഴ 98.725, എറണാകുളം 97.97, കോട്ടയം 97.85, കണ്ണൂർ 97.56, കൊല്ലം 97.31, തൃശൂർ 97.18, ഇടുക്കി 97.14, കോഴിക്കോട് 96.7, തിരുവനന്തപുരം 96.62, മലപ്പുറം 95.83, കാസർകോഡ് 94.8, പാലക്കാട് 93.98, എന്നിങ്ങനെയാണ് മറ്റ് റവന്യു ജില്ലകളിലെ വിജയശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ 99.44 ശതമാനം വിദ്യാർഥികളെ വിജയിപ്പിച്ച മൂവാറ്റുപുഴയാണ് മുന്നിൽ. 92.3 ശതമാനം വിജയം നേടിയ വയനാടാണ് പിന്നിലുള്ളത്.15,497 പെൺകുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആൺകുട്ടികളുടെ എണ്ണം 7,382 മാത്രം. ഇതിൽ 5,688 പേർ സർക്കാർ സ്കൂളുകളിൽ നിന്നും 13,660 പേർ എയ്ഡഡ് സ്കൂളുകളിൽ നിന്നും 3,531 പേർ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നുമുള്ളവരാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച ജില്ല മലപ്പുറമാണ്.


86,988 പേർ ബി എല്ലാ വിഷയത്തിനും പ്ലസ് ഗ്രേഡും 1,40,739 പേർ ബി ഗ്രേഡും നേടി. 22,01,160 പേർക്ക് സി പ്ലസ് ഗ്രേഡും 3,34,867 പേർക്ക് സി ഗ്രേഡും ലഭിച്ചു.

എസ്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ നൂറുശതമാനമാണു വിജയം. 294 പേർ പരീക്ഷയെഴുതി എല്ലാവരും വിജയം നേടി. ടിഎച്ച്എസ്എൽസിയിൽ 98.8 ശതമാനമാണു വിജയം. ഈ വിഭാഗത്തിൽ 3,516 പേർ പരീക്ഷയെഴുതിയതിൽ 3,474 പേർ വിജയിച്ചു. ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 20 പേർ പരീക്ഷയെഴുതിയതിൽ 17 പേർ ഉപരിപഠനത്തിന് യോഗ്യരായി. ആർട്ട് ഹൈസ്കൂൾ വിഭാഗത്തിൽ 80 പേർ പരീക്ഷയെഴുതിയപ്പോൾ 77 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 96.2 ശതമാനമാണ് വിജയം.

ഗൾഫിലെ ഒൻപത് സ്കൂളുകളിൽ പരീക്ഷ എഴുതിയ 533 വിദ്യാർഥികളും വിജയിച്ചപ്പോൾ ലക്ഷദ്വീപിൽ പരീക്ഷയ്ക്കിരുന്ന 813 വിദ്യാർഥികളിൽ 650 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

സംസ്‌ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയത് എടരിക്കോട് പികെഎംഎംഎച്ച്എസും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനചടങ്ങിൽ പങ്കെടുത്തില്ല. ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണു ഫലം പ്രഖ്യാപിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി പി.എസ്. സെന്തിൽ, ഡിപിഐ എം.എസ്. ജയ, പരീക്ഷാ സെക്രട്ടറി കെ.ഐ. ലാൽ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.