ഇന്നും നാളെയും കൊടുംചൂട്
Wednesday, April 27, 2016 1:59 PM IST
തൃശൂർ: ഇന്നും നാളെയും അന്തരീക്ഷ താപം ക്രമാതീതമായി ഉയരാനും സൂര്യാഘാതം ഏൽക്കാൻ കൂടുതൽ സാധ്യതകളുള്ളതിനാലും പൊതുജനങ്ങൾ പ്രത്യേക മുൻകരുതൽ എടുക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. അന്തരീക്ഷതാപം ക്രമാതീതമായി വർധിച്ചാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തുകളയുന്നതിനു തടസം നേരിടുകയും ചെയ്യും. ഇത്തരം അവസ്‌ഥയിലാണ് സൂര്യാഘാതം ഉണ്ടാകുന്നത്.

<ആ>സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം (103 ഡിഗ്രിക്കു മുകളിൽ), വറ്റിവരണ്ട് ചുവന്ന ചൂടായ ശരീരം, നേർത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്‌തമായ തലവേദന, തലകറക്കം, മാനസികാവസ്‌ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേത്തുടർന്നുള്ള അബോധാവസ്‌ഥയും ഉണ്ടായേക്കാം. സൂര്യാഘാതം മാരകമാകും. ഉടൻതന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടുകയും ചെയ്യണം.

<ആ>ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

ജോലി ചെയ്യുന്ന വെയിലുള്ള സ്‌ഥലത്തുനിന്നു തണുത്ത സ്‌ഥലത്തേക്കു മാറുക, തണുത്ത വെള്ളം കൊണ്ടു ശരീരം തുടയ്ക്കുക, വീശുക, ഫാൻ, എസി എന്നിവയുടെ സഹായത്തോടെ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക, കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത് എത്തിക്കുക.


<ആ>പോലീസുകാർക്കു പൊള്ളൽ

കോഴഞ്ചേരി/തൃശൂർ: പത്തനംതിട്ട കോഴഞ്ചേരിയിലും തൃശൂരും ജോലിക്കിടെ പോലീസുകാർക്കു പൊള്ളലേറ്റു. കോഴഞ്ചേരി സിഐ പി.കെ. വിദ്യാധരൻ, സിവിൽ പോലീസ് ഓഫീസർ അശോക് കുമാർ എന്നിവർക്കാണ് സൂര്യാതപമേറ്റത്.ഇന്നലെ ഉച്ചയ്ക്ക് കേസന്വേഷണവുമായി ബന്ധപ്പെട്ട് അയിരൂർ ഇടത്രാമണ്ണിൽ നിൽക്കുമ്പോഴാണ് സംഭവം.

സിഐയുടെ മുഖത്ത് നീറ്റലും കടുത്തക്ഷീണവും അനുഭവപ്പെട്ടു. അശോക് കുമാറിന്റെ പുറത്ത് മൂന്ന് ഭാഗങ്ങളിലായി പൊള്ളലേറ്റു. അശോക് കുമാറിനെ കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയനാക്കി.

തൃശൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷിഹാബിന് എം.ജി. റോഡിലെ ഓവർബ്രിഡ്ജിനു സമീപം ഡ്യൂട്ടി ചെയ്യുമ്പോഴാണു സൂര്യാതപമേറ്റത്. ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു സംഭവം. വലതു കൈമുട്ടിൽ പൊള്ളലേറ്റ ഷിഹാബ് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.

ലോട്ടറിക്കച്ചവടം നടത്തിക്കൊണ്ടിരിക്കെ മധ്യവയസ്കനു തൃശൂർ മെഡിക്കൽ കോളജിനു മുന്നിൽവച്ചു സൂര്യാതപമേറ്റു. പെരിങ്ങൂർ നാരകത്താനിൻ ഗോപാലകൃഷ്ണൻ നായരുടെ മകൻ സുരേഷ് ബാബു(45)വിനാണ് ഇടതുകാൽമുട്ടിനു താഴെ പൊള്ളലേറ്റത്. ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.