പാര്‍ട്ടിവിട്ടവര്‍ പിന്നില്‍നിന്നു കുത്തി: കെ.എം. മാണി
പാര്‍ട്ടിവിട്ടവര്‍ പിന്നില്‍നിന്നു കുത്തി: കെ.എം. മാണി
Monday, March 7, 2016 12:43 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്നു വിട്ടുപോയവര്‍ പാര്‍ട്ടിയെ പിന്നില്‍നിന്നു കുത്തുകയും ചതിക്കുകയും ചെയ്തവരാണെന്നു കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി. കേരള കോണ്‍ഗ്രസ്-എമ്മിന്റെ കോട്ടയത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഇന്നലെ നടന്ന സ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമതര്‍ അവരെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തു. പാര്‍ട്ടിക്കൊപ്പംനിന്നു കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഉള്‍പ്പടെ ഭരണത്തിന്റെ സൌകര്യങ്ങള്‍ ഉപയോഗിച്ചവര്‍ പാര്‍ട്ടിയെ തള്ളിപ്പറയുന്നതു ലജ്ജാകരമാണ്. മൂന്നോ നാലോ പേര്‍ പാര്‍ട്ടിവിട്ടു പോയാല്‍ കിണറ്റില്‍നിന്ന് ഒരു ബക്കറ്റ് വെള്ളം കോരിയെടുക്കുന്നതു പോലെയേയുള്ളൂ.

പാര്‍ട്ടി എല്ലാവരോടും നീതി കാണിച്ചു. ഫ്രാന്‍സിസ് ജോര്‍ജിനു പാര്‍ട്ടി ജയസാധ്യതയുള്ള സീറ്റു കണ്െടത്തി നല്‍കുമായിരുന്നുവെന്ന കാര്യം ഇതിനകം ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി വിട്ടു പോയവര്‍ക്കു നീതികരണമില്ല. നിലനില്‍പ്പിനു വേണ്ടിമാത്രമാണു അവര്‍ ഇപ്പോള്‍ ദുരാരോപണം ഉന്നയിക്കുന്നത്. ഇതിനൊന്നും പൊതുസമൂഹം വിലകൊടുക്കില്ല. കേരളത്തിലെ കര്‍ഷകര്‍ നിലനില്‍പ്പിനായി തീക്ഷ്ണ പോരാട്ടം നയിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെയും സമരങ്ങളെയും തള്ളിപ്പറഞ്ഞവര്‍ നടത്തുന്നതു ഗുരുതരമായ രാഷ്ട്രീയ വഞ്ചനയാണ്.

കെ.എം. ജോര്‍ജിന്റെ മകനു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ കെ.എം. മാണിയുടെ മകനും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാം. ജോസ് കെ. മാണിയെ ആരും പുഷ് ചെയ്യേണ്ട കാര്യമില്ല. കേരള കോണ്‍ഗ്രസ് ബിജെപിയുമായി കൂട്ടുചേര്‍ന്നു ജോസ് കെ.മാണി കേന്ദ്രമന്ത്രിയാകുമെന്നുള്ള വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണ്.

പാര്‍ട്ടി വിട്ടുപോയവര്‍ പി.ജെ. ജോസഫ്കൂടി തങ്ങളുടെ കൂടെ വരുമെന്നു പറയുന്നതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നു പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. കെ.എം. മാണി അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, എം.പിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, എംഎല്‍എമാരായ ടി.യു. കുരുവിള, മോന്‍സ് ജോസഫ്, റോഷി അഗസ്റിന്‍, ഡോ.എന്‍ ജയരാജ്, പാര്‍ട്ടി നേതാക്കളായ തോമസ് ചാഴിക്കാടന്‍, ജോസഫ് എം.പുതുശേരി, പി.ടി. ജോസ് എന്നിവരും പങ്കെടുത്തു.



പൂഞ്ഞാറിലും കുട്ടനാട്ടിലും കേരള കോണ്‍ഗ്രസിനു സീറ്റുണ്ടാകും

കോട്ടയം: യുഡിഎഫുമായി ചര്‍ച്ച ചെയ്തു സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയശേഷമേ സ്ഥാനാര്‍ഥികളുടെ കാര്യം തീരുമാനിക്കൂയെന്നു കെ.എം.മാണി. പൂഞ്ഞാറിലും കുട്ടനാട്ടിലും കേരള കോണ്‍ഗ്രസിന് ഉറപ്പായിട്ടും സീറ്റ് ഉണ്ടാകും.

കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിനോടു അഡ്ജസ്റ് ചെയ്യാന്‍ തയാറായാല്‍ ഞങ്ങളും അതിനു തയാറാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസും ക്ളെയിം ചെയ്യില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പുതന്നിട്ടുണ്ട്.

ചങ്ങനാശേരി നിയമസഭ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ സി.എഫ്. തോമസിന്റെ മുഖം പുതിയതാണെന്നും കെ.എം. മാണി പറഞ്ഞു. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റികള്‍ അടുത്തയാഴ്ച യോഗം ചേര്‍ന്നു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേയ്ക്കു കടക്കും. ഇതിന്റെ ഭാഗമായി നിയോജക മണ്ഡലം തലത്തില്‍ കമ്മിറ്റികള്‍ വിളിച്ചു കൂട്ടും. വാര്‍ഡ് അടിസ്ഥാനത്തില്‍ കുടുംബയോഗങ്ങളും സംഘടിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.