സ്ഥാനാര്‍ഥി നിര്‍ണയം വൈകിപ്പിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകളുമായി മുന്നണികള്‍
Monday, March 7, 2016 12:43 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു തീയതി നീണ്ടതോടെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിപ്പിക്കാനായി സംസ്ഥാനത്തെ മൂന്നു മുന്നണികളും ഉഭയകക്ഷി സീറ്റു വിഭജന ചര്‍ച്ചകള്‍ സജീവമാക്കി. ഘടക കക്ഷികളുമായി യുഡിഎഫ് ചര്‍ച്ച പുരോഗമിക്കുമ്പോള്‍ മുന്നണിക്കു പുറത്തുള്ള കക്ഷികളുമായാണ് ഇടതുമുന്നണി സീറ്റ് വിഭജന ചര്‍ച്ച നടത്തുന്നത്. മുന്നണിതലത്തിലെ സീറ്റു വിഭജനം പൂര്‍ത്തിയായ ശേഷം പാര്‍ട്ടിതല സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണു മുന്നണിതല തീരുമാനം. ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളുമായി സീറ്റു വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം മാത്രമേ ബിജെപിയും സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കുകയുള്ളൂ. തെരഞ്ഞെടുപ്പു പ്രതീക്ഷിച്ചതിലും നീണ്ടതോടെയാണു വേഗത്തില്‍ നീങ്ങിയിരുന്ന സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ മുന്നണികള്‍ വൈകിപ്പിച്ചു തുടങ്ങിയത്.

ജില്ലാ സമിതികള്‍ നിര്‍ദേശിച്ച കോണ്‍ഗ്രസിന്റെ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ മാറ്റം വരുത്തി കഴിഞ്ഞ ശനിയാഴ്ച ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കാനിരുന്നതാണ്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മേയ് 16നു നടത്താന്‍ തീരുമാനിച്ചതോടെ സ്ഥാനാര്‍ഥി പട്ടിക നടപടികളുടെ വേഗം കെപിസിസി കുറച്ചു. മുസ്ലിം ലീഗ് 20 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചതോടെ ഇവര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെസമയം ലഭിക്കും. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുന്നതിനായി വീടുകളും കടകളും കയറിയിറങ്ങുന്ന തിരക്കിലാണു ലീഗ് സ്ഥാനാര്‍ഥികള്‍.


പുറത്തുനിന്ന് ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന കക്ഷികളുമായാണു സിപിഎം ഇപ്പോള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത്. ഇന്നലെ കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുമായിട്ടായിരുന്നു ചര്‍ച്ച. കഴിഞ്ഞ ദിവസങ്ങളില്‍ മുന്നണിക്കു പുറത്തുള്ള ജെഎസ്എസ്- ഗൌരിയമ്മ, സിഎംപി-അരവിന്ദാക്ഷന്‍ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടയില്‍ രാജ്യസഭാ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ സിപിഐയും സിപിഎമ്മും ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. എല്‍ഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച അടുത്ത ദിവസങ്ങളില്‍ ആരംഭിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. പത്തിന് ഇടതുമുന്നണിയോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. 20നോ അതിനു ശേഷമോ മാത്രമേ ഇടതു സ്ഥാനാര്‍ഥികളുടെ യഥാര്‍ഥ ചിത്രം വ്യക്തമാകുകയുള്ളുവെന്നാണു നേതാക്കള്‍ നല്‍കുന്ന സൂചന. ബിജെപി സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കാനിരിക്കേയാണു തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. അതോടെ ബിജെപിയും ബിഡിജെഎസുമായുള്ള ഉഭയകക്ഷി സീറ്റു വിഭജന ചര്‍ച്ച പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണം നേരത്തെ തുടങ്ങിയാല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവും കുത്തനെ ഉയരും. തെരഞ്ഞെടുപ്പു കമ്മീഷന്‍ 28 ലക്ഷം രൂപയാണ് ഒരു നിയമസഭാ മണ്ഡലത്തില്‍ ചെലവഴിക്കാനായി പരിധി നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ പ്രചാരണം തുടങ്ങിയാല്‍ നിശ്ചയിച്ചിട്ടുള്ള തുകയുടെ പരിധിയില്‍ കണക്കു നിര്‍ത്താനും സ്ഥാനാര്‍ഥികള്‍ക്കു വിയര്‍പ്പ് ഒഴുക്കേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.