ഇല്ലിക്കക്കല്ലില്‍ യുവാവ് കാല്‍വഴുതി വീണു മരിച്ചു
ഇല്ലിക്കക്കല്ലില്‍ യുവാവ് കാല്‍വഴുതി വീണു മരിച്ചു
Monday, March 7, 2016 12:51 AM IST
ഈരാറ്റുപേട്ട: വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കക്കല്ല് സന്ദര്‍ശിക്കാനെത്തിയ യുവാവ് കാല്‍വഴുതി വീണു മരിച്ചു. എരുമേലി മുക്കൂട്ടുതറ ഓലക്കുളം കാക്കനാട്ട് ഏബ്രഹാമിന്റെ (അപ്പച്ചന്‍) മകന്‍ ഷിന്‍സ് ഏബ്രഹാം(22) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിനാണു ദാരുണമായ അപകടം. മുക്കൂട്ടുതറയില്‍നിന്നു മൂന്നു ബൈക്കുകളിലായിയെത്തിയ ആറംഗ സംഘം ഇല്ലിക്കക്കല്ലിലെത്തി.

സാഹസികമായി ഇല്ലിക്കക്കല്ലിന്റെ നെറുകയിലെത്തി തിരികെയിറങ്ങുമ്പോള്‍ ഷിന്‍സ് കാല്‍വഴുതി 1,000 അടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

സംസ്കാരം നാളെ രാവിലെ 10ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളിയില്‍. മാതാവ് റാണി വെച്ചൂച്ചിറ തുരുത്തിയില്‍ കുടുംബാംഗം.


സഹോദരി: ഷെര്‍മി എബ്രഹാം (എലിവാലിക്കര സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂള്‍ വിദ്യാര്‍ഥിനി). കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനാണ് ഷിന്‍സ്.
വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കക്കല്ലില്‍ ദിനം പ്രതി നൂറുകണക്കിന് ആളുകളെത്താറുണ്ട്.

എന്നാല്‍, ഇവിടെ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളോ അപകട മുന്നറിയിപ്പുകളോ ഏര്‍പ്പെടുത്തിയിട്ടില്ല. അടുത്ത നാളില്‍ മലയടിവാരത്തേക്കു പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മിച്ചതോടെ സന്ദര്‍ശകരുടെ എണ്ണം പെരുകിയിട്ടുണ്ട്. ഹെയര്‍പിന്‍ വളവുകള്‍ കയറി മലമുകളിലെത്തി ഇല്ലിക്കക്കല്ലിന്റെ നെറുകയിലേക്ക് ആളുകള്‍ കയറാറുണ്ട്. എന്നാല്‍, ഇവിടെ സുരക്ഷാസംവിധാനങ്ങള്‍ ഒന്നുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.