ചൊവ്വാഴ്ച കടകള്‍ തുറക്കില്ല; വ്യാപാരി സമരസമ്മേളനം തൃശൂരില്‍
Sunday, February 14, 2016 12:01 AM IST
തൃശൂര്‍: വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങളാണു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആരോപിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ ചൊവ്വാഴ്ച കടകളടച്ചിട്ടു തൃശൂരില്‍ സമര പ്രഖ്യാപന സമ്മേളനം നടത്തും.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ ഉച്ചയ്ക്കുശേഷം 3.30നു നടക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ ലക്ഷത്തിലേറെ വ്യാപാരികള്‍ പങ്കെടുക്കും. ഓരോ ജില്ലയില്‍നിന്നും പതിനായിരം പേരാണു പങ്കെടുക്കുകയെന്ന് ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്‍ അറിയിച്ചു.


സമ്മേളനം വ്യാപാരികളുടെ കൂട്ടായ്മയുടെയും കരുത്തിന്റെയും പ്രകടനമാകും. വിവിധ ജില്ലകളില്‍നിന്നു നഗരത്തിലെത്തുന്ന വ്യാപാരികള്‍ ചെറുജാഥകളായാണു സമ്മേളനനഗരിയിലെത്തുക. ഏഴോടെ സമ്മേളനം സമാപിക്കും.

ചൊവ്വാഴ്ച കടകളടച്ചു പ്രതിഷേധിക്കുമെന്നു സിപിഎമ്മിന്റെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.