ഒഎന്‍വിയുടെ നിര്യാണം: അനുശോചനമറിയിച്ചു പ്രമുഖരുടെ നിര
Sunday, February 14, 2016 1:45 AM IST
തിരുവനന്തപുരം: പാവപ്പെട്ടവരുടെ പടപ്പാട്ടുകളുമായി രംഗത്തുവന്നു ഭാവാത്മകവും ലളിതമധുരവും ചിന്താബന്ധുരവുമായ നിരവധി കവിതകളിലൂടെ മലയാളികളെ തരളിതഹൃദയരാക്കിയ അനുഗൃഹീത കവിയെയാണു നഷ്ടപ്പെട്ടതെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. രാഷ്ട്രീയ-സാമൂഹിക-സാസ്കാരിക രംഗങ്ങളിലും അദ്ദേഹം എല്ലായ്പ്പോഴും സജീവസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും സുധീരന്‍ പറഞ്ഞു.

ഒ.എന്‍.വി കുറുപ്പിന്റെ വിയോഗം മലയാള ഭാഷയുടെ എക്കാലത്തെയും വലിയ നഷ്ടമായിരിക്കുമെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ ഒ.എന്‍.വി കുറുപ്പിന്റെ രചനകളുടെ അടിസ്ഥാനം മാനവികതയും പ്രക്യതിസ്നേഹവുമായിരുന്നു.

പ്രക്യതിയുടെയും ഭാഷയുടെയും സംസ്ക്കാരത്തിന്റെയും കാവലാളായി നിലകൊണ്ട വ്യക്തിത്വമായിരുന്നു ഒ.എന്‍.വി കുറുപ്പെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് അനുസ്മരിച്ചു. മഹാകവിത്രയങ്ങള്‍ക്കും ചങ്ങമ്പുഴയ്ക്കും ശേഷം മലയാള സാഹിത്യനഭസില്‍ തിളങ്ങിനിന്ന വെള്ളി നക്ഷത്രമായിരുന്നു ഒഎന്‍വിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഒരു ഗുരുവിനെയും വഴികാട്ടിയെയുമാണു തനിക്കു നഷ്ടപ്പെട്ടതെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മന്തിമാരായ എ.പി.അനില്‍ കുമാര്‍, ഡോ.എം.കെ മുനീര്‍, ഷിബു ബേബി ജോണ്‍, കെ.ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്.ശിവകുമാര്‍, റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, മുന്‍ ധനമന്ത്രി കെ.എം.മാണി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, പി.സി ജോര്‍ജ്, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മാജിക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവരും അ നുശോചിച്ചു.


എഴുത്തിനെ മനുഷ്യനോടും പ്രകൃതിയോടും ചേര്‍ത്തുവച്ച കവി: മാര്‍ ആലഞ്ചേരി

കൊച്ചി: സഹജീവികളുടെ നന്മകളെ ജീവിതത്തോടു ചേര്‍ത്തുവയ്ക്കാന്‍ രചനകളിലൂടെ ആഹ്വാനം ചെയ്ത കവിയാണ് അന്തരിച്ച ഒ.എന്‍.വി. കുറുപ്പ് എന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. എഴുത്തിനെ മനുഷ്യനോടും പ്രകൃതിയോടും ചേര്‍ത്തുവച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ കാവ്യസഞ്ചാരം. കവി എന്ന നിലയില്‍ ആ വരികള്‍ എപ്പോഴും മാനവികതയുടെ പക്ഷം ചേരുന്നതായിരുന്നു. പ്രകൃതിക്കു വേണ്ടിയുള്ള മുറവിളികള്‍ ഇപ്പോഴാണ് പലരും ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നത്. എന്നാല്‍, അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിലൂടെ ഒ.എന്‍.വി ആ സന്ദേശം ജനഹൃദയങ്ങളില്‍ ജ്വലിപ്പിച്ചു.

ദുര്‍ഗ്രഹതയ്ക്കോ സങ്കീര്‍ണതയ്ക്കോ തന്റെ കവിതയില്‍ ഇടം നല്‍കാതിരുന്ന ഒ.എന്‍.വിയുടെ വരികള്‍ അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പോലും ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടി. മലയാളിയുടെ അടിസ്ഥാന താളബോധത്തിലേക്ക് ഏതു കാവ്യമുഹൂര്‍ത്തത്തെയും ലയിപ്പിച്ചു ചേര്‍ക്കാനുള്ള അദ്ദേഹത്തിന്റെ കൈവഴക്കം മലയാളത്തിന്റെ ഭാഗ്യമായി മാറിയെന്നു പറയാം. കാവ്യഭംഗിയില്‍ ചാലിച്ച അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സാധാരണ മലയാളികളെപ്പോലും ആഴത്തില്‍ സ്വാധീനിച്ചു. വരികളിലൊളിപ്പിച്ചിരുന്ന നന്മയും മാനവികതയുമാണ് ഇദ്ദേഹത്തെ ജനകീയ കവിയാക്കി മാറ്റിയത്. നിരവധിയായ പുരസ്കാരങ്ങളും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തെ തേടിയെത്തിയ ജ്ഞാനപീഠ പുരസ്കാരവും ഈ പ്രതിഭയ്ക്കുള്ള കൈയൊപ്പാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ മലയാള കാവ്യലോകത്തിനും സാംസ്കാരിക മേഖലയ്ക്കും എക്കാലവും നിലനില്‍ക്കുന്ന സമ്പത്തായിരിക്കുമെന്നും മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


തലമുറകളോളം സ്മരിക്കപ്പെടും: മാര്‍ ക്ളീമിസ് ബാവ

തിരുവനന്തപുരം: പ്രശസ്ത കവിയും ജ്ഞാനപീഠ ജേതാവുമായ ശ്രീ. ഒ.എന്‍.വി. കുറുപ്പിന്റെ ദേഹവിയോഗത്തില്‍ സി ബിസിഐ-കെ സിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും അദ്ദേഹം നല്‍കിയ കരുത്തുറ്റ സംഭാവനകള്‍ തലമുറകളോളം സ്മരിക്കപ്പെടും. പൊതുസമൂഹത്തില്‍ മതേതര സംസ്കാരം നിലനില്‍ക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ സാംസ്കാരികരംഗത്ത് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും മാര്‍ ക്ളീമിസ് ബാവാ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.



കലാസാഹിത്യ സംസ്കാരിക ലോകത്തിനു കനത്ത നഷ്ടം: മുഖ്യമന്ത്രി


തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രകൃതിയെയും മനുഷ്യനെയും ഏറെ സ്നേഹിച്ച കവിയെയാണു മലയാളത്തിനു നഷ്ടപ്പെട്ടത്.

ജ്ഞാനപീഠം ഉള്‍പ്പെടെയുള്ള അത്യുന്നത പുരസ്കാരങ്ങള്‍ നേടി അദ്ദേഹം മലയാളത്തിന്റെ യശസ് ഉയര്‍ത്തി. കലാസാഹിത്യസംസ്കാരിക ലോകത്തിനു കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു .


അണഞ്ഞത് വഴിതെളിയിച്ച ദീപസ്തംഭം: എംടി


തിരൂര്‍: മലയാള സാഹിത്യത്തെ വഴിതെളിയിച്ച ദീപസ്തംഭമാണ് ഒഎന്‍വി കുറുപ്പിന്റെ വേര്‍പാടിലൂടെ അണഞ്ഞതെന്നു തുഞ്ചന്‍സ്മാരക ട്രസ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ഒഎന്‍വി അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സാസ്കാരികതയ്ക്കും അദ്ദേഹത്തിന്റെ വേര്‍പാട് മഹാനഷ്ടമാണു വരുത്തിയിട്ടുള്ളത്. തുഞ്ചന്‍പറമ്പുമായുളള ഒഎന്‍വിയുടെ ദീര്‍ഘകാല സൌഹൃദം മറക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളത്തിനു വലിയ നഷ്ടം: ഡോ. സൂസപാക്യം

തിരുവനന്തപുരം: കവി ഒ.എന്‍.വി. കുറുപ്പിന്റെ വിയോഗത്തിലൂടെ മലയാളത്തിനും മലയാളിക്കും നികത്താനാവാത്ത നഷ്ടമാണുണ്ടായതെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നൊമ്പരങ്ങള്‍ക്കൊപ്പം എല്ലാക്കാലത്തും നിലകൊണ്ട മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്നും ഡോ.സൂസാപാക്യം പറഞ്ഞു.


വിശാലസ്നേഹത്തിന്റെ കവി: കെസിബിസി

കൊച്ചി: മനുഷ്യനോടും പരിസ്ഥിതിയോടുമുള്ള വിശാലമായ സ്നേഹം വളര്‍ത്താന്‍ കവിതകളിലൂടെ മലയാളിയെ ഓര്‍മപ്പെടുത്തിയ കവിയായിരുന്നു ഒഎന്‍വി കുറുപ്പെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരനോടു സംവദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍.

ഭാരതത്തിനും ലോകത്തിനും മുമ്പില്‍ സാംസ്കാരിക കേരളത്തിന്റെ മഹിമയെ അടയാളപ്പെടുത്താന്‍ ഒഎന്‍വി കവിതകള്‍ക്കു സാധിച്ചു.

സാധാരണക്കാരനില്‍ സാംസ്കാരിക ബോധവും അതിലൂടെ സാമൂഹ്യ പ്രതിബദ്ധതയും ഉണര്‍ത്താന്‍ കവിതയെയും പാട്ടുകളെയും ഉപയോഗപ്പെടുത്തിയ ഒഎന്‍വിയുടെ നിര്യാണം അക്ഷരകേരളത്തിനു തീരാനഷ്ടമാണെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അനുസ്മരിച്ചു.


പുരോഗമന പ്രസ്ഥാനത്തിനു നഷ്ടം: കാനം

തിരുവനന്തപുരം: കേരളത്തിലെ ജനകീയകവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. കെപിഎസി നാടക ഗാനങ്ങളിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് ശക്തി പകരാന്‍ ഒഎന്‍വിക്കു കഴിഞ്ഞു. പുരോഗമന പ്രസ്ഥാനത്തിനാകെ കനത്ത നഷ്ടമാണ് ഒഎന്‍വിയുടെ നിര്യാണംമൂലം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.


സഹോദരന്‍ നഷ്ടപ്പെട്ട ദുഃഖം: വി.എസ്

തിരുവനന്തപുരം: മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ വേര്‍പാട് തനിക്ക് ഒരു സഹോദരന്‍ നഷ്ടപ്പെട്ട ദുഃഖമാണ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ഏഴു പതിറ്റാണ്േടാളമായി മലയാള കാവ്യശാഖയുടെ വികാസ പരിണാമഘട്ടങ്ങളിലെല്ലാം ശിരസുയര്‍ത്തിനിന്ന മഹാമേരുവാണ് ഒ.എന്‍.വി. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച കവിയായിരുന്നു ഓ.എന്‍.വി.

തന്റെ നിലപാടുകളും രാഷ്ട്രീയ അഭിപ്രായവുമൊക്കെ തുറന്നു പ്രകടിപ്പിക്കുന്നതിന് അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. മനുഷ്യന്റെ പക്ഷത്തായിരുന്നു എന്നും അദ്ദേഹം. അമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് 'പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ' എന്ന് മലയാളക്കരയെ ഒന്നടങ്കം പാടിച്ച ഈ മഹാകവിയുടെ നിര്യാണത്തില്‍ ഞാന്‍ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ഒഎന്‍വി എന്ന പ്രസ്ഥാനത്തെയാണ് നഷ്ടമായിരിക്കുന്നത്: ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: ഒഎന്‍വിയുടെ നിര്യാണത്തിലൂടെ ഒരു വ്യക്തിയെയല്ല പ്രസ്ഥാനത്തെയാണു നഷ്ടമായിരിക്കുന്നതെന്നു ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. മലയാളികളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. ആധുനിക കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒഎന്‍വിയുടെ വിയോഗം പുരോഗമന കലാസാഹിത്യ രംഗത്തിനു തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ കാലത്തെ അതിജീവിച്ചും ഭൂമിയില്‍ നിലകൊള്ളുമെന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.