കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബാനയര്‍പ്പിച്ചു
Sunday, February 14, 2016 1:20 AM IST
കോലഞ്ചേരി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബാനയര്‍പ്പിച്ചു. ഹൈക്കോടതി നല്‍കിയ പോലീസ് സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണു കുര്‍ബാനയര്‍പ്പിച്ചത്. രാവിലെ ഏഴോടെ വികാരി ഫാ. ജേക്കബ് കുര്യന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍ കുര്‍ബാനയ്ക്കെത്തിയത്. ഈസമയം വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയതിനാല്‍ മുന്നോട്ടു പോകാനായില്ല. അല്പസമയം മുദ്രാവാക്യം വിളിച്ചശേഷം പ്രതിഷേധക്കാര്‍ പിന്നീട് പിരിഞ്ഞുപോയി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചെങ്കിലും സംഘര്‍ഷത്തെത്തുടര്‍ന്ന് ആരാധന നടത്താനായില്ല. ഇതിനുശേഷം പിന്മാറിയ വിശ്വാസികളും വൈദികരും ഇന്നലെ പോലീസ് സംരക്ഷണയില്‍ ആരാധന നടത്തുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി കെ. അനില്‍കുമാര്‍, സിഐമാരായ റെജി സി. കുന്നിപ്പറമ്പന്‍, വി.ടി. ഷാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.