അതീവസുരക്ഷാ ജയില്‍ രാജ്യത്തിനു സമര്‍പ്പിച്ചു
അതീവസുരക്ഷാ ജയില്‍ രാജ്യത്തിനു സമര്‍പ്പിച്ചു
Sunday, February 14, 2016 1:16 AM IST
വിയ്യൂര്‍(തൃശൂര്‍): ഏറ്റവും പുതിയ സുരക്ഷാസജ്ജീകരണങ്ങളോടു കൂടിയ സംസ്ഥാനത്തെ പ്രഥമ അതീവ സുരക്ഷാജയില്‍ (ഹൈ സെക്യൂരിറ്റി പ്രിസണ്‍) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജ്യത്തിനു സമര്‍പ്പിച്ചു. ഹൈടെക് സെക്യൂരിറ്റി പ്രിസണ്‍ രാജ്യത്തിനു സമര്‍പ്പിച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പിഎസ്സി മുഖാന്തിരം റിക്രൂട്ടു ചെയ്ത ജീവനക്കാര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയശേഷമെ ഹൈ സെക്യൂരിറ്റി പ്രിസണ്‍ പ്രവര്‍ത്തനം തുടങ്ങുകയുള്ളൂ.

ജയിലിലെ പഴയരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റം വരുത്തി കുറ്റം ചെയ്തവരെ തിരുത്തുന്ന കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ജയില്‍ യൂണിഫോം മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ല. കാക്കി തന്നെയായിരിക്കും യൂണിഫോം.

തടവുകാരുടെ എല്ലാ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനുള്ള നടപടിയെടുത്തിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.

ഈ സര്‍ക്കാര്‍ വന്നശേഷം ജയിലിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ വേണ്ട നടപടിയെടുത്തു. 900 ഒഴിവുകള്‍ നികത്തി. പോലീസില്‍ എണ്ണായിരം പേരുടേയും അഗ്നിശമന വിഭാഗത്തില്‍ ആയിരം പേരുടേയും ഒഴിവുകള്‍ നികത്തിയെന്നു മന്ത്രി പറഞ്ഞു. ജയിലിലെ ഭക്ഷ്യ ഉത്പന്നങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനം ജയിലിന്റെ വികസനത്തിനും തടവുകാരുടെ ക്ഷേമത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. ജയിലില്‍ സഹകരണ സംഘം രൂപീകരിക്കും. ഭക്ഷ്യവില്‍പ്പനയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സംഘത്തിനു കീഴില്‍ വരും. ആറു കോടി രൂപയാണ് ഭക്ഷ്യവിതരണത്തിലൂടെ ലാഭമുണ്ടാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.


മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ അജിത ജയരാജന്‍, സി.എന്‍.ജയദേവന്‍ എംപി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ഋഷിരാജ് സിംഗ്, ജില്ലാ കളക്ടര്‍ വി.രതീശന്‍, കൌണ്‍സിലര്‍ വി.കെ.സുരേഷ് കുമാര്‍, മധ്യമേഖല ജയില്‍ ഡിഐജി കെ.രാധാകൃഷ്ണന്‍, ഉത്തരമേഖല ജയില്‍ ഡിഐജി ശിവദാസ് കെ. തൈപ്പറമ്പില്‍, ദക്ഷിണമേഖല ജയില്‍ ഡിഐജി ബി.പ്രദീപ്, പിഡബ്ള്യുഡി ചീഫ് എന്‍ജിനീയര്‍ എം.പെണ്ണമ്മ, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ.കുമാരന്‍, കെജെഇഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.തോമസ്, കെജെഎസ്ഒഎ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് വര്‍ഗീസ്, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ്.സന്തോഷ് എന്നിവര്‍ സംബന്ധിച്ചു. വിയ്യൂര്‍ ജില്ലാ ജയിലിന്റെ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.